- 'ആ വഴിക്ക് പോകേണ്ടെന്ന്' പിണറായി വിജയൻ പറഞ്ഞു
കൊച്ചി - പൊന്നാനി ലോകസഭാ സീറ്റിൽ മത്സരിക്കാൻ സി.പി.ഐ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ അന്ന് സി.പി.എമ്മിന്റെ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണത് വിലക്കിയതെന്നും ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു.
സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ കെ.പി രാജേന്ദ്രൻ അടക്കമുള്ള സി.പി.ഐ നേതാക്കൾ തന്റെ വീട്ടിലെത്തി പൊന്നാനിയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ ആദ്യം വിളിച്ചത് അന്ന് സി.പി.എമ്മിന്റെ സെക്രട്ടറിയായിരുന്ന പിണറായി വിജയനെയാണ്. സി.പി.ഐ നേതാക്കൾ വീട്ടിൽ വന്ന് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്നുമായിരുന്നു ചോദിച്ചത്. അപ്പോൾ 'ആ വഴിക്ക് പോകേണ്ടെന്നായിരുന്നു' പിണറായിയുടെ മറുപടിയെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിലെ മാധ്യമപ്രവർത്തകരുമായുള്ള സംഭാഷണത്തിൽ വെളിപ്പെടുത്തി.
'എനിക്ക് പൊന്നാനിയുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഭാര്യ പൊന്നാനി എം.ഇ.എസ് കോളേജിൽ ഇംഗ്ലീഷ് ലക്ചററായിരുന്നപ്പോൾ ആറുവർഷം അവിടെ വാടകയ്ക്ക് താമസിച്ചിരുന്നു. അങ്ങനെ അവിടുത്തെ ഇടതുപക്ഷത്തെ ആളുകളുമായി ചെറിയ ബന്ധമുണ്ടായി. അങ്ങനെ ഞാനവിടെ പോപ്പുലറായിരുന്നു. തുടർന്നാണ് പൊന്നാനിയിലെ ഇടത് സ്വതന്ത്രനായി സി.പി.ഐ എന്നെ തേടിയത്തിയത്. കെ.പി രാജേന്ദ്രൻ അടക്കമുള്ളവർ വീട്ടിൽ വന്ന് എന്തായാലും മത്സരിക്കണമെന്ന് പറഞ്ഞപ്പോൾ ഇല്ലെന്ന് ഞാൻ പറഞ്ഞിരുന്നു. സി.പി.ഐയുമായിട്ടാരുന്നില്ല, സി.പി.എമ്മുമായാണ് എനിക്ക് ബന്ധമുണ്ടായിരുന്നത്. അതിനാലാണ് പിണറായി വിജയനെ വിളിച്ചു ചോദിച്ചതും അദ്ദേഹം 'ആ വഴിക്ക് പോകേണ്ടെ'ന്നും പറഞ്ഞതെന്നും കമൽ വ്യക്തമാക്കി.