Sorry, you need to enable JavaScript to visit this website.

വയനാട് ചൂരിമലയില്‍ കൂട്ടിലായ കടുവയെ തൃശൂരിലേക്ക് മാറ്റി

കല്‍പറ്റ-വയനാട് കൊളഗപ്പാറ ചൂരിമലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി  കൂട്ടിലായ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് 10 വയസ് മതിക്കുന്ന ആണ്‍ കടുവയെ ബത്തേരി പച്ചാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തില്‍നിന്നു പുത്തൂരിലേക്ക് കൊണ്ടുപോയത്. പച്ചാടിയില്‍ പരിശോധനയില്‍ കടുവയുടെ പല്ലിലും കാലിലും പരിക്ക് കണ്ടെത്തിയിരുന്നു. സുവോളജിക്കല്‍ പാര്‍ക്കില്‍ ചികിത്സ നല്‍കും.
ജനവാസകേന്ദ്രത്തിലിറങ്ങി ഭീതിപരത്തുന്നതും പ്രായാധിക്യത്താലും പരിക്കുപറ്റിയും ഇരപിടിക്കാന്‍ കഴിയാത്തതുമായ കടുവകളെയും പുലികളെയും പിടികൂടി പരിപാലിക്കുന്നതിനു ആരംഭിച്ചതാണ് പച്ചാടിയിലെ അഭയകേന്ദ്രം. സ്ഥല പരിമിതിമൂലമാണ് കടുവയെ തൃശൂരിനു മാറ്റിയത്. ഡിസംബര്‍ ഒമ്പതിന് വാകേരി മൂടക്കൊല്ലിയില്‍ കര്‍ഷകന്‍ പ്രജീഷിനെ കൊന്ന  13 വയസുള്ള  ആണ്‍ കടുവയെ ഡിസംബര്‍ 18ന് പിടികൂടി അഭയകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും തൃശൂരിലേക്ക്  മാറ്റുകയായിരുന്നു. നാല് കടുവയെ  പരിപാലിക്കുതിനു സൗകര്യത്തോടെ ആരംഭിച്ച കേന്ദ്രത്തില്‍ നിലവില്‍ ഏഴ് കടുവയുണ്ട്. പച്ചാടിയിലെ അഭയ കേന്ദ്രത്തോടു ചേര്‍ന്ന് പുതിയ യൂനിറ്റ് ആരംഭിക്കാന്‍ വയനാട് വന്യജീവി സങ്കേതം മേധാവി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അഞ്ചു കടുവയെക്കൂടി പാര്‍പ്പിക്കുന്നതിന് സൗകര്യമൊരുക്കാന്‍ 1.4 കോടി രൂപ ചെലവാണ് കണക്കാക്കുന്നത്.
2022  മാര്‍ച്ചില്‍ മാനന്തവാടിയില്‍നിന്നു പിടിച്ച  നാല് വയസുള്ള ആണ്‍ കടുവയാണ് പച്ചാടി അഭയകേന്ദ്രത്തിലെ ആദ്യ അന്തേവാസി. അക്കൊല്ലം  ജൂലൈയില്‍ വാകേരിയില്‍നിന്നു പിടിച്ച 14 വയസുള്ള പെണ്‍കടുവയെ ഇവിടെയെത്തിച്ചു. ഓഗസ്റ്റില്‍ ചീരാലില്‍നിന്നു പിടിച്ച 12 വയസുള്ള ആണ്‍ കടുവ, നവംബറില്‍  കുപ്പമുടിയില്‍നിന്നു പിടിച്ച 11 വയസുള്ള ആണ്‍ കടുവ എന്നിവയെയും കേന്ദ്രത്തിലുണ്ട്.
കഴിഞ്ഞവര്‍ഷം ആദ്യമെത്തിയത് മാനന്തവാടി പുതുശേരിയില്‍ തോമസിനെ കൊലപ്പെടുത്തിയ 10 വയസുള്ള ആണ്‍ കടുവയാണ്. സെപ്റ്റംബറില്‍  മൂലങ്കാവ് എറളോട്ടുകുന്നില്‍നിന്നു പിടിച്ച  12 വയസുള്ള പെണ്‍കടുവയും  മാനന്തവാടി പനവല്ലിയില്‍ നിന്നെത്തിച്ച 10 വയസുള്ള പെണ്‍കടുവയും കേന്ദ്രത്തിലെ അന്തേവാസികളായി.

 

Latest News