കണ്ണൂര്‍ - പ്രമുഖ പെയിന്റ് കമ്പനിയുടെ ഡീലര്‍ഷിപ്പിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് അപേക്ഷ അയച്ച യുവാവിന് സൈബര്‍ തട്ടിപ്പിലൂടെ 14 ലക്ഷത്തോളം രൂപ നഷ്ടമായി. ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് കിട്ടിയ വെബ് സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ നല്‍കിയതോടെയാണ് തട്ടിപ്പിന്റെ തുടക്കം, പല തവണയായി 13,96,100 രൂപയാണ് ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. കമ്പനിയുടെ യഥാര്‍ത്ഥ വെബ് സൈറ്റാണെന്നു കരുതി വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഫോണ്‍ നമ്പറും ഇമെയില്‍ ഐഡി യും നല്‍കിയതോടെ യുവാവിന്റെ വാട്ട്സ്ആപ്പിലേക്കും ഇമെയിലേക്കും കമ്പനിയില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് കൊണ്ട് സന്ദേശം വരികയും രജിസ്‌ട്രേഷനുള്ള ഫോമുകളും ഫോണ്‍ നമ്പറും അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഫോമുകള്‍ പൂരിപ്പിച്ച് ഇ മെയില്‍ വഴി അയച്ചു കൊടുത്തു. പിന്നീട് ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് അന്വേഷിക്കുകയും ഡീലര്‍ഷിപ്പ് എടുക്കുന്നതിനുള്ള നടപടികള്‍ക്കുവേണ്ട പണം പല തവണകളായി അയച്ചു നല്‍കുകയുമായിരുന്നു.
ലൈസന്‍സിനും മറ്റും കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം വന്നതോടെ യുവാവിന് സംശയം തോന്നി. പിന്നീട് ബാങ്കുമായി ബന്ധപ്പെട്ട് പണം അയച്ചു നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അത് കമ്പനിയുടെ പേരിലുള്ള അക്കൗണ്ട് അല്ലെന്നും ഒരു വ്യക്തിയുടെ അക്കൗണ്ട് ആണെന്നും അറിയാന്‍ കഴിഞ്ഞു. ഇതോടെയാണ് താന്‍ വലിയ തട്ടിപ്പില്‍ പെട്ട വിവരം യുവാവ് മനസ്സിലാക്കിയത്. ഇതേതുടര്‍ന്ന് കണ്ണൂര്‍ സൈബര്‍ സെല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.