ആലപ്പുഴ- പ്രളയദുരന്തത്തിലകപ്പെട്ടവർക്ക് സാന്ത്വനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രളയബാധിത പ്രദേശങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളും രാഹുൽ സന്ദർശിച്ചു. രാവിലെ അബുദാബിയിൽനിന്ന് തിരുവനന്തപുരം വിമാനതാവളത്തിലെത്തിയ രാഹുൽ അവിടെനിന്ന് ഹെലികോപ്റ്റർ വഴിയാണ് ചെങ്ങന്നൂരിലെത്തിയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ് കോളേജിലെ ക്യാമ്പിലെത്തി. പിന്നീട് ഇടനാട്ടിൽ തകർന്ന വീടുകൾ സന്ദർശിച്ചു. ഇവിടെ മത്സ്യതൊഴിലാളികൾക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഈ സമ്മേളനത്തിലും രാഹുൽ സംസാരിക്കും.
പറവൂര്‍, ചാലക്കുടി എന്നിവടങ്ങളിലും രാഹുല്‍ സന്ദര്‍ശിക്കും. ഇന്ന് രാത്രി എറണാകുളത്ത് തങ്ങുന്ന രാഹുല്‍ നാളെ രാവിലെ കെ.പി.സി.സി സംഘടിപ്പിക്കുന്ന ദുരിതാശ്വാസ പരിപാടിയില്‍ പങ്കെടുക്കും. ഇതിന് ശേഷം പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കോഴിക്കോട്ടേക്ക് പോകും. കോഴിക്കോട്ടെ ചില കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പോകും. കോട്ടാത്തല വില്ലേജിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാളെ ഉച്ചക്ക് 1.15ന് ദല്‍ഹിക്ക് തിരിക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ, കെ.സി വേണുഗോപാൽ, മുകുൾ വാസ്‌നിക്, പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും രാഹുലിനെ അനുഗമിക്കുന്നുണ്ട്.