Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും പേഴ്‌സണല്‍സുരക്ഷാ ഉദ്യോഗസ്ഥനേയും ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ - മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള യാത്രക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും പേഴ്‌സണല്‍സുരക്ഷാ ഉദ്യോഗസ്ഥനേയും ഇന്ന് ചോദ്യം ചെയ്യും. ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപിനോടും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. അനില്‍കുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. ആലപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കതിരെ  ചുമത്തിയിട്ടുള്ളത്. അതിനാല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും വിട്ടയക്കും. 

സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ക്രൂരമര്‍ദനത്തിനെതിനെതിര കേസെടുക്കാനാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. മുഖ്യമന്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിന്റെ ന്യായം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ ആലപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Latest News