കൊച്ചി- വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു വിമാനത്താവള കമ്പനി സിയാല്‍ അറിയിച്ചു.
കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.
കനത്ത പേമാരിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. ആദ്യം 18 വരെയും പിന്നീട് 26 വരെയുമാണ് വിമാനത്താവളം അടച്ചിരുന്നത്.
ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സികള്‍ ഉള്‍പ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാരില്‍ 90 ശതമാനവും പ്രളയക്കെടുതി കാരണം അവധിയിലായതിനെ തുടര്‍ന്നാണ് വീണ്ടും നീട്ടിയത്.