ബെംഗളൂരു - സമസ്തയെ ദുർബലപ്പെടുത്താനോ നോവിക്കാനോ തകർക്കാനോ ആരും ശ്രമിക്കരുതെന്നും അത് നടക്കാൻ പോകുന്ന കാര്യമല്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയുടെ പ്രവർത്തനം കേരളത്തിൽ മാത്രം ഒതുങ്ങില്ലെന്നും ആഗോളതലത്തിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണിതെന്നും പ്രസ്ഥാനത്തിന്റെ ശക്തി എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
സമസ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. അങ്ങനെ ആരും തെറ്റിദ്ധരിക്കേണ്ടതില്ല. പ്രസ്ഥാനത്തിന്റെ ശക്തി എല്ലാവരും മനസിലാക്കണം. സമസ്തക്ക് വേണ്ട സഹായം എല്ലാവരും ചെയ്യണമെന്നും ഒരു ശക്തിക്കും ഒരു കാലത്തും ദുർബലപ്പെടുത്താൻ സാധിക്കാത്ത, ഒരു വൻ ശക്തിയായി ഈ സംഘടന വളർന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ പ്രസ്ഥാനത്തെ നോവിക്കാനും ദുർബലപ്പെടുത്താനും ആരും ശ്രമിക്കരുത്. ഈ സമുദായം ഇവിടെ നിലനിൽക്കുന്ന കാലത്തോളം ഇതിനെ നശിപ്പിക്കാനും ദുർബലപ്പെടുത്താനും ആർക്കും സാധ്യമല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ആറ് കർമപദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.
വാഫി, വഫിയ്യയ്ക്കു ബദലായി ആരംഭിച്ച എസ്.എൻ.ഇ.സി കോഴ്‌സുകളുടെ ബിരുദവും ജിഫ്രി തങ്ങൾ പ്രഖ്യാപിച്ചു. കോഴ്‌സിൽ ബിരുദം പൂർത്തിയാക്കുന്ന ആൺകുട്ടികൾ സനാഇ എന്നും പെൺകുട്ടികൾ സനാഇയ്യ എന്നും അറിയപ്പെടും. സമസ്തയുടെ നിർദേശങ്ങൾ പൂർണമായും അംഗീകരിക്കുന്ന സംവിധാനമായിരിക്കും ഇതെന്നും സമസ്ത അധ്യക്ഷൻ അറിയിച്ചു.
സമസ്ത നൂറാം വാർഷിക സമ്മേളനം 2026 ഫെബ്രുവരി ആറ്, ഏഴ്, എട്ട് തിയതികളിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ സമ്മേളന വേദിയിൽ പ്രഖ്യാപിച്ചു.