Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇത് സൗദി മരുഭൂമിയിൽ ഗ്രാമീണർക്ക് നിർമിച്ച ആദ്യ സ്‌കൂൾ

മദീനയിലെ മുസൈജീദിൽ നിർമിച്ച സൗദിയിലെ ആദ്യ മരുഭൂ സ്‌കൂൾ കെട്ടിടം

മദീന- മരുഭൂമിയിൽ ജീവിച്ചിരുന്ന ഗാമീണർക്ക് അറിവിന്റെ വെളിച്ചം പകരാൻ ആദ്യമായി സൗദി ഭരണകൂടത്തിന്റെ സഹായത്തോടെ നിർമിച്ച സ്‌കൂൾ കെട്ടിടമാണിത. 80 വർഷം മുമ്പ് അഥവാ 1944ൽ മദീനയിൽ നിന്ന് 82 കിലോമീറ്റർ അകലെ പടിഞ്ഞാർ ഭാഗത്തെ മുസൈജീദ് എന്ന ഗ്രാമത്തിലാണ് സൗദിയുടെ ആദ്യത്തെ സ്‌കൂൾ തുറന്നത്. തലമുറകളെ അറിവിന്റെ പാതയിലേക്ക് നടത്തിയ സ്‌കൂൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും നാട്ടുകാർ കൗതുകത്തോടെയാണ് കാണുന്നത്.
ഹിജാസിലെ വിദ്യാഭ്യാസ പ്രവർത്തകരായിരുന്ന ഉസ്മാൻ, അലി ഹാഫിദ് സഹോദരങ്ങളാണ് മരുഭൂമിയിൽ ഗ്രാമീണർക്കായി ഈ സ്‌കൂൾ തുറന്നത്. മരുഭൂമിയിലുള്ളവരുടെ വിദ്യാഭ്യാസത്തിന് അബ്ദുൽ അസീസ് രാജാവ് അര റിയാൽ അനുവദിക്കാനുള്ള തീരുമാനം പുറപ്പെടുവിക്കുന്നത് വരെ ഓരോ വിദ്യാർഥിക്കും സാമ്പത്തിക പാരിതോഷികം നൽകാൻ ഉസ്മാൻ, അലി ഹാഫിദ് സഹോദരങ്ങൾ നിർബന്ധിതരായി. മരുഭൂമിയിൽ താമസിച്ച് ക്ലാസെടുക്കാൻ തയ്യാറല്ലാത്തതിനാൽ അധ്യാപകരെയും സ്‌കൂളിലേക്ക് ലഭിക്കാൻ പ്രയാസം നേരിട്ടു. പ്രതിബന്ധങ്ങൾ തരണം ചെയ്ത് പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ അടിത്തറ സ്ഥാപിക്കാൻ അവർക്ക് സാധ്യമായി.

സൗദി സർക്കാർ സ്‌കൂൾ നിർമാണത്തിന് പിന്തുണ നൽകിയിരുന്നുവെന്നും ധനമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല അൽസുലൈമാൻ ഫണ്ട് അനവദിച്ചിരുന്നുവെന്നും അലി ഹാഫിദ് തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.  സ്‌കൂൾ ആദ്യം ഒരു ചായക്കടയായിരുന്നുവെന്നും 13 കുട്ടികളാണ് ആദ്യപഠിതാക്കളെന്നും പിന്നീട് 34 പേരെത്തിയെന്നും വൈകാതെ സാമീപത്തെ ഗ്രാമങ്ങളിൽ നിന്നും കുട്ടികൾ വരാൻ തുടങ്ങിയെന്നും മദീന ഹിസ്റ്ററി ക്ലബ് പ്രസിഡന്റ് അദ്‌നാൻ അൽഹർബി പറഞ്ഞു. ആദ്യഘട്ടത്തിൽ സ്‌കൂളുമായി പ്രദേശവാസികൾ സഹകരിച്ചിരുന്നില്ല. യുവാക്കളെ യുദ്ധത്തിന് കൊണ്ടുപോകാനുള്ള കേന്ദ്രമാണെന്നാണ് അവർക്കിടയിലുണ്ടായിരുന്ന സംസാരം. എന്നാൽ ഗ്രാമ മുഖ്യനും മറ്റും രംഗത്തിറങ്ങിയതും മദീനയിലെ പണ്ഡിതനായ സാലിം ദാഗിസ്താനിയുടെ ഉദ്‌ബോധനവും കുറിക്കുകൊണ്ടു. നാട്ടുകാർ സ്‌കൂളുമായി സഹകരിക്കാൻ തയ്യാറായി. കൂടുതൽ കുട്ടികൾ പഠിക്കാനെത്തി. 

അതിനിടെ ധനമന്ത്രി ഈ സ്‌കൂളിലെ 17 വിദ്യാർഥികളെ സ്‌കോളർഷിപ്പോടെ അമേരിക്കയിലേക്ക് ഇംഗ്ലീഷ് പഠിക്കാനയച്ചു. ദമാമിലെ റെയിൽവേ കമ്പനിയിൽ ചിലർക്ക് പരിശീലനം നൽകി. റെയിൽവേയുടെയും മറ്റും ഉയർന്ന മേഖലയിൽ ആ മരുഭൂ കുട്ടികൾ ഉന്നത ജോലി നേടി. 1369ൽ അബ്ദുൽ അസീസ് രാജാവ് സ്‌കൂളിന് ബജറ്റിൽ 5000 റിയാൽ വകയിരുത്തി. സ്‌കൂൾ പ്രവർത്തിച്ച് അഞ്ചുവർഷം കഴിഞ്ഞതോടെ സമീപത്ത് നിരവധി ഗ്രാമീണർ അവരുടെ ഗ്രാമങ്ങളിൽ സ്‌കൂളുകൾ വേണമെന്ന് ആവശ്യപ്പെട്ടു. അതുവരെ വിദ്യാഭ്യാസത്തിന് എതിരായിരുന്നവർ പിന്നീട് മക്കളെ പഠിപ്പിക്കാൻ തയ്യാറായി. 15 വർഷത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂൾ ഏറ്റെടുത്തു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ സർക്കാർ മേഖലയിലെ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിച്ചതായും അദ്‌നാൻ പറഞ്ഞു.
 

Latest News