കണ്ണൂര്‍- ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ നിരവധി ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കിണാശ്ശേരി സ്വദേശി ഫസലു റഹ്മാനെയാണ് (36) ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ രണ്ടു കൂട്ടാളികളെ പോലീസ് തിരഞ്ഞു വരികയാണ്.
രണ്ടു മാസം മുമ്പാണ് ഫസലുറഹ്മാന്‍ കണ്ണൂരിലെത്തിയത്. തെക്കി ബസാറിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു വരികയായിരുന്ന ഇയാള്‍, കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിക്കുകയും ഇതുപയോഗിച്ച് പല തവണ പീഡിപ്പിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്കു കൈമാറി അവരേയും ഇടപാടില്‍ പങ്കാളികളാക്കുകയും ചെയ്തു. കണ്ണൂരിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തില്‍ ടെക്‌നിഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍, അല്‍ ജസീറ ഫുട്‌ബോള്‍ ക്ലബ്ബ് രൂപീകരിച്ചാണ് കുട്ടികളെ വലയിലാക്കിയത്. താന്‍ ഫുട്‌ബോള്‍ കോച്ചാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഫേസ്ബുക്കും വാട്‌സ് ആപ്പും വഴിയാണ് കുട്ടികളെ ആകര്‍ഷിച്ചത്. ഇവരെ ലോഡ്ജില്‍ വിളിച്ചു വരുത്തിയാണ് പീഡനത്തിനിരയാക്കിയത്. 20 ഓളം കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പോലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം.
പീഡനത്തിനിരയായ ഒരു കുട്ടി രക്ഷിതാവിനോട് സംഭവം പറഞ്ഞതാണ് പ്രതി വലയിലാവാന്‍ കാരണം. രക്ഷിതാവ് ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ നേരത്തെ തലശ്ശേരി ധര്‍മ്മടത്ത് താമസിച്ചിരുന്ന സമയത്തും കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്ന് എട്ടു മാസത്തോളം തടവു ശിക്ഷ അനുഭവിച്ചിരുന്നു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.