റിയാദ്- റെഡ്‌സീ ഇന്റര്‍നാഷണല്‍ കമ്പനിയുടെ വാഹനങ്ങള്‍ ഓടുന്നത് പൂര്‍ണമായും പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളുപയോഗിച്ച്. ഇലക്ട്രിക്, ജൈവ ഇന്ധനമുപയോഗിച്ച് സൗദിയില്‍ സര്‍വീസ് നടത്തുന്ന ആദ്യ കമ്പനിയാണ് റെഡ്‌സീ ഇന്റര്‍നാഷണല്‍. സൗദിയിലെ പ്രാദേശിക സ്രോതസ്സുകളില്‍ നിന്ന് ലഭിക്കുന്ന പാചക എണ്ണയില്‍ നിന്നാണ് ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നത്.
കുറഞ്ഞ കാര്‍ബന്‍ ജൈവ ഇന്ധനം ഉപയോഗിച്ചുള്ള സുസ്ഥിര ഗതാഗത പദ്ധതിയാണ് തുടരുന്നതെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ എട്ടു ടണ്‍ ശേഷിയുള്ള ആറും 3.5 ടണ്‍ ശേഷിയുളള മൂന്നും ശീതീകരിച്ച ട്രക്കുകള്‍ ജൈവ ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ എല്ലാ പ്രൊജക്ടുകളിലേക്കും മറ്റും ചരക്ക് നീക്കം സുഗമമാക്കുന്നതിനും ദീര്‍ഘ ദൂര വിതരണ ശൃംഖലയില്‍ മുഖ്യ പങ്ക് വഹിക്കുന്നതിനും ഇത് സഹായിക്കുന്നു. റെഡ് സീയുടെ ടെര്‍ട്ടില്‍ ബേ ഹോട്ടല്‍, സിക്‌സ് സെന്‍സ് സതേണ്‍ ഡ്യൂണ്‍സ്, സെന്റ് റെജിസ് റെഡ് സീ, റിട്‌സ് കാള്‍ട്ടന്‍ റിസര്‍വ് എന്നീ റിസോര്‍ട്ടുകള്‍, റെഡ് സീ ഇന്റര്‍നാഷണല്‍ വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ചരക്കുഗതാഗതം പൂര്‍ണമായും ഈ ട്രക്കുകളിലാണ്.
ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനൊപ്പം വാഹനങ്ങളുടെ എഞ്ചിനുകളുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിന് സഹായകമാണെന്നും കമ്പനി വ്യക്തമാക്കി. ദിനേന ഉപയോഗിക്കുന്ന ജൈവ ഇന്ധനത്തിന്റെ അളവ് രേഖപ്പെടുത്താന്‍ ഓരോ വാഹനത്തിനും ചിപ്പ് സ്ഥാപിച്ചിട്ടുണ്ട്.
സുസ്ഥിരമായ സമ്പൂര്‍ണ ലോജിസ്റ്റിക്‌സ് ശൃംഖലയിലേക്ക് നീങ്ങുന്നതിനുള്ള ആദ്യ ചുവടുവയ്പാണിതെന്ന് കമ്പനിയുടെ സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മേധാവി മൈക്കല്‍ സ്റ്റോക്ക്‌ഡെയ്ല്‍ പറഞ്ഞു. വിതരണ ശൃംഖലയുടെ ആഘാതം കൂടുതല്‍ കുറയ്ക്കാന്‍ കഴിയുന്ന പുതിയ സാങ്കേതികവിദ്യക്കും നൂതനാശയങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ കാത്തിരിക്കുന്നത്. പൂര്‍ണമായും ഗ്രീന്‍ ഹൈഡ്രജനിലേക്ക് മാറാനുള്ള കമ്പനിയുടെ ആഗ്രഹം സഫലമാക്കുന്നതാണ് ഈ നീക്കമെന്നും 2030 ആകുമ്പോഴേക്ക് ജൈവ ഇന്ധനം ഉപയോഗിക്കുന്ന എണ്ണൂറോളം വാഹനങ്ങള്‍ കമ്പനിയുടെ കീഴിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.