കണ്ണൂര്‍- യുവതികളെ ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ യുവതി അടക്കം മൂന്നു പേര്‍ക്കെതിരെ കൂടി കേസെടുത്തു. കാസര്‍കോട് സ്വദേശിനി സമീറ (32), സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ അന്‍വര്‍, അബ്ദുല്ല എന്നിവര്‍ക്കെതിരെയാണ് കേസ്. മാതമംഗലം സ്വദേശിയായ മുന്‍ പ്രവാസി ഭാസ്‌കരന്റെ പരാതിയിലാണ് കേസ്. അതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ നാല് പ്രതികളെ റിമാന്‍ഡു ചെയ്തു.
ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ശേഷം പയ്യന്നൂര്‍ ടൗണില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഭാസ്‌കരനെ ഈ സംഘം കെണിയില്‍ പെടുത്തി മൂന്നര ലക്ഷം തട്ടിയെന്നാണ് പരാതി. കാസര്‍കോട് സ്വദേശിനി സമീറയെ വിവാഹം ചെയ്തു നല്‍കാമെന്നു പറഞ്ഞ്, ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന തലയില്ലത്ത് ഹൗസില്‍ മുസ്തഫയാണ് ഭാസ്‌കരനെ സമീപിച്ചത്. ഭാസ്‌കരനെ മുസ്തഫ തന്റെ വീട്ടിലേക്കു ക്ഷണിക്കുകയും അവിടെ മുസ്തഫയും ഭാര്യയും ബന്ധുക്കളും സമീറ എന്നു പേരുള്ള യുവതിയും ഉണ്ടായിരുന്നു. ഇവരെയെല്ലാം കൂട്ടി ഭാസ്‌കരനൊപ്പം കണ്ണൂരിലേക്കു പോയി. വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും വാങ്ങുകയും തിരികെ വീട്ടിലെത്തി ഭാസ്‌കരനെ കൊണ്ട് സമീറയുടെ കഴുത്തില്‍ മിന്നു കെട്ടുകയും ഇത് ഫോട്ടോയെടുക്കുകയും ചെയ്തു. പിന്നീട് ഈ ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. അന്‍വര്‍, അബ്ദുല്ല, മുസ്തഫ എന്നിവരാണ് ഭീഷണിപ്പെടുത്തി പണം തട്ടിയത്. മുസ്തഫ പിടിയിലായ വിവരം അറിഞ്ഞാണ് ഭാസ്‌കരന്‍ പരാതിയുമായി കണ്ണൂര്‍ ഡിവൈ.എസ്.പിക്കു മുമ്പാകെ എത്തിയത്.
അതിനിടെ പിടിയിലായ മുസ്തഫ, 12 തവണ വിവാഹം ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ വിവാഹങ്ങളെല്ലാം പെണ്‍വാണിഭം ലക്ഷ്യമിട്ടായിരുന്നുവെന്നും സൂചന ലഭിച്ചു. കഴിഞ്ഞ എട്ടു മാസമായി ഇയാള്‍ അവസാനം വിവാഹം ചെയ്ത സ്ത്രീക്കൊപ്പം തളിപ്പറമ്പിനടുത്ത് കുറുമാത്തൂരില്‍ വാടക വീട്ടില്‍ താമസിച്ചു വരികയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസെന്നാണ് ഇയാള്‍ എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പലര്‍ക്കും സ്ത്രീകളെ എത്തിച്ചു നല്‍കി പണം വാങ്ങിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. പുരുഷന്മാരെ ബ്ലാക് മെയില്‍ ചെയ്യുന്നതിനു കൂട്ടു നില്‍ക്കാത്ത സ്ത്രീകളെ ഉടന്‍ മൊഴി ചൊല്ലി അടുത്ത വിവാഹം കഴിക്കലാണ് രീതി. ഇരുപതാം വയസ്സിലാണ് നീലേശ്വരത്ത് ആദ്യമായി വിവാഹം ചെയ്തത്. പിന്നീട് പയ്യന്നൂരിനടുത്ത് വെള്ളൂര്‍, തൃക്കരിപ്പൂര്‍ ഉടുമ്പന്തല, പഴയങ്ങാടി മുട്ടം, ഒറ്റപ്പാലം, മട്ടന്നൂര്‍, കാഞ്ഞങ്ങാട്, ഹൊസങ്കടി തുടങ്ങിയ സ്ഥലങ്ങളിലാണ് വിവാഹം ചെയ്തത്. ഈ ബന്ധങ്ങളിലെല്ലാം കുട്ടികളുമുണ്ട്.
പെണ്‍ കെണി കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശി ടി.മുസ്തഫ (45), കുറുമാത്തൂര്‍ റഹ്മത്ത് വില്ലയില്‍ കൊടിയില്‍ റുവൈസ് (22), ചുഴലി പടിഞ്ഞാറെ താഴെയിലെ കെ.പി. ഇര്‍ഷാദ് (20), ചെങ്ങളായി വടക്കേതില്‍ ഹൗസില്‍ വി.എസ്.അമല്‍ദേവ് (22) എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.