Sorry, you need to enable JavaScript to visit this website.

വിവാദ കുറിപ്പ്: പി. ബാലചന്ദ്രൻ എം.എൽ.എക്കെതിരെ നടപടി ഉറപ്പ്

ശാസന മതിയെന്നും പോരെന്നും അഭിപ്രായം 
മന്ത്രി കെ. രാജനും കയ്യൊഴിഞ്ഞു

 
തൃശൂർ- വിവാദങ്ങളും പ്രശ്‌നങ്ങളും ഇല്ലാതെ ക്ലീൻ ഇമേജുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരുന്ന സി.പി.ഐക്ക് പ്രതിസന്ധിയുണ്ടാക്കിയ പി.ബാലചന്ദ്രൻ എം.എൽ.എക്കെതിരെ കടുത്ത നടപടിയെടുക്കാൻ നേതൃത്വം ഒരുങ്ങുന്നു. കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനമാണ് ബാലചന്ദ്രനെതിരെ അംഗങ്ങൾ ഉന്നയിച്ചത്. 31ന് ചേരുന്ന അടിയന്തര ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ബാലചന്ദ്രനോട്  ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് ആയിരിക്കും നടപടി. ഇന്നും നാളെയുമായി സംസ്ഥാന നേതൃത്വത്തോട് കാര്യങ്ങൾ കൂടി ആലോചിച്ച് വിശദീകരണം ലഭിച്ച ഉടൻതന്നെ നടപടി പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്ന് ജില്ലാ നേതൃത്വം സൂചന നൽകി. വിവാദ  ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പി ബാലചന്ദ്രൻ എംഎൽഎക്കെതിരെ എന്തു നടപടി വേണം എന്നതിനെക്കുറിച്ച് സി.പി.ഐക്കുള്ളിൽ ഭിന്ന അഭിപ്രായം ഉടലെടുത്തിട്ടുണ്ട്. എം.എൽ.എ തെറ്റ് ഏറ്റു പറഞ്ഞ സാഹചര്യത്തിൽ ശാസന മാത്രം മതി എന്ന നിലപാട് ചിലർക്കുണ്ട്. ഇന്നേവരെ സിപിഐ നേരിട്ടിട്ടില്ലാത്ത പൊതു സമൂഹ അവമതിക്ക്  കാരണക്കാരനായ ബാലചന്ദ്രനെതിരെ ശാസന മാത്രം പോരാ കടുത്ത നടപടി വേണമെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ 31ന് ചേരുന്ന സിപിഐ  ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ബാലചന്ദ്രന് നിർണായകമാകും. എം.എൽ.എക്കെതിരെ നടപടിയെടുത്താൽ അത് ബിജെപി നൽകിയ പോലീസ് പരാതിക്ക് ആക്കം കൂട്ടുന്നതായി മാറും എന്ന ആശങ്കയും ചിലർക്കുണ്ട്. അതുകൊണ്ടാണ് ശാസനയിൽ എല്ലാം ഒതുക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സിപിഐയുടെ സീറ്റായ തൃശൂരിൽ ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്ന പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ബാലചന്ദ്രനെതിരെ നടപടിയെടുത്തെ മതിയാകൂ എന്നും അഭിപ്രായമുണ്ട്. മന്ത്രി കെ രാജനും ബാലചന്ദ്രനെതിരെ പരസ്യ വിമർശനം ഉയർത്തിയതോടെ നടപടിക്ക് സാധ്യത ഏറിയിരിക്കുകയാണ്. ബാലചന്ദ്രൻ ചെയ്തത് കമ്യൂണിസ്റ്റ് നേതാവ് ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണെന്നും അദ്ദേഹത്തിനു ജാഗ്രതക്കുറവുണ്ടായെന്നും  ബാലചന്ദ്രന്റേത്   പാർട്ടി നിലപാടല്ലെന്നും മന്ത്രി കെ. രാജൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.

Latest News