പത്തനംതിട്ട- ചിറ്റാർ മണക്കയത്ത് ആറ്റിൽ ചാടി ജീവനൊടുക്കിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കട്ടച്ചിറ സ്വദേശി ഇരുപതുകാരനായ മനീഷാണ് കക്കാട്ടാറ്റിൽ ചാടിയത്. വീട്ടിലെ പ്രശ്‌നങ്ങളെ തുടർന്ന് വെള്ളിയാഴ്ച ഇയാൾ വീടു വിട്ടു പോയിരുന്നു. ശനിയാഴ്ച ഇയാളെ മണക്കയത്ത് ചിലർ കണ്ടിരുന്നു. പിന്നീട് ഇയാളുടെ വസ്ത്രങ്ങളും ആറ്റുതീരത്ത് നിന്ന് ലഭിച്ചു. സീതത്തോട്ടിൽ നിന്നും ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് സ്‌കൂബാ സംഘം തെരച്ചിൽ നടത്തിയെങ്കിലും ശനിയാഴ്ച മൃതദേഹം കണ്ടെത്താനായില്ല. ഞായറാഴ്ച ഇവിടെ നിന്നും മാറി ആറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കട്ടച്ചിറ സർക്കാർ ഹൈ സ്‌കൂളിലെ പൂർവ വിദ്യാർഥിയായിരുന്നു. മരണ കാരണം അറിവായിട്ടില്ല.