Sorry, you need to enable JavaScript to visit this website.

വെറും ഒരു രൂപയ്ക്കും സ്വര്‍ണ്ണം കിട്ടും, എളുപ്പത്തില്‍ വാങ്ങി കൂട്ടി വെച്ച് ആര്‍ക്കും ലാഭം നേടാം, കൈയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ മതി

കോഴിക്കോട് - സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുകയും ആഭരണങ്ങളായി ധരിക്കുകയും സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോള്‍ വിറ്റ് കാശാക്കുകയും ചെയ്യുകയെന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. പ്രത്യേകിച്ച് മലയാളികള്‍ക്ക് വിലപിടിപ്പുള്ള ഈ മഞ്ഞ ലോഹത്തോട് ഒരു തരം ഭ്രമമാണ്. മക്കളുടെ കല്യാണമൊക്കെ എത്തുമ്പോള്‍ സ്വര്‍ണ്ണം വാങ്ങാനുള്ള പണത്തിനായി നെട്ടോട്ടമാണ്. ഇതിനായി ഒന്നുകില്‍ പണം എവിടെ നിന്നെങ്കിലും കടം വാങ്ങും. ഭൂമിയോ മറ്റോ കൈവശമുണ്ടെങ്കില്‍ അതങ്ങ് വില്‍ക്കും. അതുമല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ കഠിനാധ്വാനം ചെയ്ത് ആറ്റിക്കുറുക്കി വെച്ച സമ്പാദ്യമെല്ലാം സ്വര്‍ണ്ണം വാങ്ങാനായി ചെലവഴിക്കും. പിന്നീട് എന്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ഗതികെട്ട് മേല്‍പ്പോട്ട് നോക്കി നില്‍ക്കേണ്ടി വരികയും ചെയ്യും.

ഒറ്റയടിക്ക് വാങ്ങാതെ വളരെ ചെറിയ തുകയ്ക്ക് കുറച്ച് കുറച്ചായി സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല.  എന്നാല്‍ സ്വര്‍ണ്ണ വില കുത്തനെ ഉയര്‍ന്നത് കാരണം അതിനും സാധിക്കാത്ത സ്ഥിതിയിലാണ് ചെറിയ വരുമാനം ലഭിക്കുന്നവരും ഇടത്തരം വരുമാനക്കാരുമൊക്കെ.   ഇന്നത്തെ സ്വര്‍ണ്ണ വിലനിലവാരം അനുസരിച്ച് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ 5770 രൂപയെങ്കിലും നല്‍കണം. അതായത് അരപ്പവവന്‍ സ്വര്‍ണ്ണം വാങ്ങണമെങ്കില്‍ പോലും 23000 രൂപയിലേറെ നല്‍കണം. ആഭരണമായിട്ടാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലിയും മറ്റ് ചാര്‍ജുകളും വേറെയും കൊടുക്കണം. ഒരു പവന്‍ ആഭരണം കിട്ടണമെങ്കില്‍ അര ലക്ഷം രൂപയിലേറെ നല്‍കണം. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കാന്‍ അതിയായ താല്‍പര്യമുണ്ടെങ്കിലും വലിയ തുക മുടക്കാനില്ലാത്തത് കൊണ്ട് അധികമാരും അതിന് മിനക്കെടാറില്ല. കൈയ്യിലുള്ളത് വിറ്റു പോകാതെ പിടിച്ചു നില്‍ക്കാന്‍ നോക്കും.

സ്വര്‍ണ്ണം വാങ്ങുന്ന കാര്യത്തില്‍ മലയാളി ഇപ്പോഴും പഴഞ്ചനാണ്. അതൊരു നിക്ഷേപമായി കാണുന്നവര്‍ പോലും ജ്വല്ലറിയില്‍ പോയി വലിയ പണിക്കൂലിയും കൊടുത്ത് ആഭരണങ്ങളായി മാത്രം വാങ്ങുകയെന്നതാണ് നമ്മുടെ ശീലം. കുറച്ച് കൂടി കണക്ക് കൂട്ടി ചിന്തിക്കുന്നവര്‍ പണിക്കൂലി ഒഴിവാക്കാന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വാങ്ങി സൂക്ഷിക്കുമെന്ന് മാത്രം.

എന്നാല്‍ വെറും ഒരു രൂപ മാത്രമെ കൈവശമുള്ളൂവെങ്കില്‍ പോലും നൂറ് ശതമാനം പരിശുദ്ധമായ സ്വര്‍ണ്ണം വാങ്ങാനും തുടര്‍ച്ചയായി ഇങ്ങനെ വാങ്ങി സൂക്ഷിച്ച് പണത്തിന് ആവശ്യം വരുമ്പോള്‍ അത് നിമിഷങ്ങള്‍ കൊണ്ട് വില്‍ക്കാനുമുള്ള സ്വര്‍ണ്ണത്തിന്റെ ഡിജിറ്റല്‍ ഇടപാട് തുടങ്ങിയിട്ട് മൂന്ന് നാല് വര്‍ഷമായി. എന്നാല്‍ ജ്വല്ലറിയില്‍ പോയി മാത്രം സ്വര്‍ണ്ണം വാങ്ങി ശീലമുള്ള മലയാളികള്‍ക്ക് ഇപ്പോഴും  അതങ്ങ് അത്രത്തോളം പിടിച്ചിട്ടില്ല. ഡിജിറ്റല്‍ സ്വര്‍ണ്ണം എന്ന ഈ ഇടപാടിന് ഇപ്പോള്‍ ഇന്ത്യയില്‍ ആവശ്യക്കാര്‍ വളരെയധികം ഏറി വരികയാണ്. ഒരു രൂപയാണ് കൈയ്യിലുള്ളതെങ്കില്‍ പോലും ആര്‍ക്കും എപ്പോഴും സ്വര്‍ണ്ണം വാങ്ങാമെന്നതും ആവശ്യമുള്ളപ്പോള്‍ പണമാക്കി മാറ്റുകയോ അല്ലെങ്കില്‍ സ്വര്‍ണ്ണ നാണയങ്ങളോ സ്വര്‍ണ്ണ ബാറുകളോ ഒക്കെ ആയി തിരിച്ചെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വളരെ സുരക്ഷിതമായ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയായിട്ടു കൂടി മലയാളികളില്‍ പലര്‍ക്കും ഇതേക്കറിച്ച് വേണ്ടത്ര അറിവില്ല. ഡിജിറ്റല്‍ എന്ന ആധുനിക സങ്കേതത്തോട് നമ്മള്‍ ഇപ്പോഴാണ് വ്യാപകമായി പൊരുത്തപ്പെട്ട് തുടങ്ങിയതെന്നതാണ് ഇതിന് കാരണം.

 

എന്താണ് ഡിജിറ്റല്‍ സ്വര്‍ണ്ണം

ഡിജിറ്റല്‍ സംവിധാനത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നതിന് മുന്‍പ് എന്താണ് ഡിജിറ്റല്‍ സ്വര്‍ണ്ണം എന്നതിനെക്കുറിച്ച് അറിയണം. നമ്മള്‍ ഒരു സ്വര്‍ണ്ണക്കടയില്‍ പോയി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ പണം കൊടുത്ത് വാങ്ങുന്ന സ്വര്‍ണ്ണം, അത് ആഭരണമായലും സ്വര്‍ണ്ണ നാണയമായാലും ഒക്കെ നമ്മുടെ കൈയ്യില്‍ നേരിട്ട് കിട്ടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അത് വില്‍ക്കുന്നവര്‍ നമ്മുടെ പേരില്‍ ഒരു ഓണ്‍ലൈന്‍ സേഫ് ലോക്കര്‍ തുറക്കുകയും നമ്മള്‍ വാങ്ങുന്ന സ്വര്‍ണ്ണം അതില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. നമുക്ക് ഇഷ്ടമുള്ളപ്പോള്‍ അത് വിറ്റ് പണമാക്കുകയോ അല്ലെങ്കില്‍ സ്വര്‍ണ്ണനാണയങ്ങളോ ബാറുകളോ ആയി തിരിച്ചെടുക്കുകയോ ചെയ്യാം. കുറച്ച് കൂടി എളുപ്പത്തില്‍ പറഞ്ഞാല്‍ നമ്മള്‍ ഗൂഗിള്‍ പേയോ ആല്ലെങ്കില്‍ ഫോണ്‍ പേയോ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ നമ്മുടെ ബാങ്ക് അക്കൗണ്ടിലൂടെ പണമിടപാട് നടത്തുന്നില്ലേ അതിന് സമാനമായ കാര്യം തന്നെ. ഗൂഗില്‍ പേ വഴിയും ഫോണ്‍ പേ വഴിയുമെല്ലാം നമുക്ക് സ്വര്‍ണ്ണം വാങ്ങി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാം. ആവശ്യം വരുമ്പോള്‍ വില്‍ക്കാം. വിറ്റു കഴിഞ്ഞാല്‍ പണം ആ നിമിഷം നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.

സ്വര്‍ണ്ണം വാങ്ങാന്‍ അക്കൗണ്ടില്‍ ഒരു രൂപയും ഒരു മൊബൈല്‍ ഫോണും മതി

നമ്മള്‍ ഫോണ്‍ വഴി പണമിടപാടുകള്‍ നടത്തുന്നത് പോലെ തന്നെ എളുപ്പവും സുരക്ഷിതവുമാണ് ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുകയെന്നതും. ഒരു ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉണ്ടായാല്‍ മാത്രം മതി. ജ്വല്ലറിയലും മറ്റും പോയി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ നമുക്ക് വലിയ തുക ഒറ്റയടിക്ക് നല്‍കേണ്ടി വരും. എന്നാല്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം കേവലം ഒരു രൂപയില്‍ തുടങ്ങി വാങ്ങാം. അതായത് ഒരു രൂപ നല്‍കിയാലും അതിനനുസരിച്ചുള്ള ഒരു മില്ലിഗ്രാമില്‍ കുറവ് സ്വര്‍ണ്ണം പോലും നമുക്ക് വാങ്ങിക്കാന്‍ സാധിക്കും എന്ന് ചുരുക്കം. കുറച്ച് കുറച്ചായി ചെറിയ തുക ചെലവഴിച്ച് ഇങ്ങനെ വാങ്ങി വെച്ച് വലിയ തുകയ്ക്കുള്ള സ്വര്‍ണ്ണമാകുമ്പോള്‍ അത് വില്‍ക്കുകയോ അല്ലെങ്കില്‍ സ്വര്‍ണ്ണ നാണയമായോ ബാറുകളായോ മാറ്റി വാങ്ങി വീട്ടിലോ ബാങ്ക് ലോക്കറിലോ  സൂക്ഷിക്കുകയും ചെയ്യാം.

മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ പേ, ഫോണ്‍ഫേ , പേടിഎം, ആമസോണ്‍ പേ തടങ്ങിയ പേമെന്റ് ആപ് സൗകര്യമുള്ള ആര്‍ക്കും ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങാം. ഇതിനുള്ള സൗകര്യങ്ങള്‍ ഈ ആപ്പുകളില്‍ തന്നെയുണ്ട്. ആ അപ്പുകള്‍ തുറന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് പോയാല്‍ സ്വര്‍ണ്ണം വാങ്ങാനുള്ള ഓപ്ഷന്‍ കാണാം. പക്ഷേ അതാരും അത്രയ്ക്ക് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്ന് മാത്രം. നമ്മള്‍ ഈ സംവിധാനങ്ങള്‍ വഴി പണമിടപാടുകള്‍ നടത്തുന്നത് പോലെ തന്നെയാണ് ഇത് വഴി ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നതും. ഇന്ത്യയില്‍ പ്രധാനമായും മൂന്ന് കമ്പനികളാണ് ഡിജിറ്റല്‍ സ്വര്‍ണ്ണ ബിസിനസ് നടത്തുന്നത്.  Augmont Gold Ltd,  MMTC-PAMP India Pvt. Ltd., Digital Gold India Private Ltd  (SafeGold Brand )  എന്നീ അംഗീകൃത കമ്പനികളാണിത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വന്‍കിട സ്വര്‍ണ്ണ വില്‍പ്പനക്കാരായ ' തനിഷ്‌ക് ' പോലുള്ള ജ്വല്ലറി ബ്രാന്‍ഡുകളും, മറ്റ് ചില  ജ്വല്ലറികളും നേരിട്ട് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ വിശ്വസനീയവും കോടികള്‍ മുടക്കി ഇന്ത്യയിലെ കമ്പനി നിയമ പ്രകാരം സ്ഥാപിച്ച കമ്പനികളുമാണിത്. ആദ്യം പറഞ്ഞ മൂന്ന് കമ്പനികളില്‍   ഏതെങ്കിലും ഒന്നുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള ആപ്പുകള്‍ സ്വര്‍ണ്ണം വാങ്ങാനും വില്‍ക്കാനും സൗകര്യമാരുക്കുന്നത്. ഇതിന് പുറമെ ഡിജിറ്റല്‍ സ്വര്‍ണ്ണ വില്‍പ്പന കമ്പനികളുമായി സഹകരിച്ച് സ്വര്‍ണ്ണ ഇടപാടുകള്‍ നടത്തുന്ന മറ്റ് മൊബൈല്‍ ആപ്ലിക്കേഷനുകളുമുണ്ട്. 

നൂറ് ശതമാനം പരിശുദ്ധം ഒപ്പം സുരക്ഷിതവും

ഡിജിറ്റല്‍ സ്വര്‍ണ്ണത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ ആദ്യം തന്നെ ചോദിക്കുക ഇത് വഴി വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെയും അതിന്റെ സുരക്ഷിതത്വത്തെയും കുറിച്ചാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വര്‍ണ്ണമല്ല നൂറ് ശതമാനം പരിശുദ്ധിയുള്ള തനി തങ്കമാണ് ഡിജിറ്റല്‍ സ്വര്‍ണ്ണമായി വാങ്ങാന്‍ കഴിയുകയെന്നതാണ്. അതായത് നമ്മള്‍ ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 22 കാരറ്റ് സ്വര്‍ണ്ണമാണ് നമുക്ക് ലഭിക്കുന്നത്. അതിനെയാണ് നമ്മള്‍ 916 പരിശുദ്ധി എന്നൊക്കെ പറയുന്നത്. അതായത് തനി തങ്കത്തില്‍ ചെമ്പ് പോലുള്ള ചില ലോഹങ്ങള്‍ ചേര്‍ത്താണ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ആഭരണം എളുപ്പത്തില്‍ പൊട്ടിപ്പോകാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ നൂറ്  ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് (99.99 ശതമാനം എന്നാണ് പറയുക) സ്വര്‍ണ്ണമാണ് നമുക്ക് ലഭിക്കുക. അതുകൊണ്ട് തന്നെ പരിശുദ്ധിയുടെ കാര്യത്തില്‍ ഒരു വേവലാതിയും വേണ്ട. മറ്റൊന്ന് സുരക്ഷിതത്വത്തിന്റെ കാര്യമാണ്. സുരക്ഷിതത്വമുള്ളത് കൊണ്ടല്ലേ നമ്മള്‍ ഗൂഗിള്‍ പേ വഴിയും ഫോണ്‍ പേ വഴിയും നമ്മുടെ ബാങ്ക്  അക്കൗണ്ട് രജിസ്റ്റര്‍ ചെയ്ത് പണമിടപാടുകള്‍ നടത്തുന്നത്. അതേ പോലെ സുരക്ഷിതമാണ് ഇത് വഴിയുള്ള സ്വര്‍ണ്ണ നിക്ഷേപവും. മാത്രമല്ല,
ഈ ആപ്പുകള്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങാനായി അംഗീകൃത ഡിജിറ്റല്‍ സ്വര്‍ണ്ണ വില്‍പ്പനക്കാരുമായാണ് കരാര്‍ ഉണ്ടാക്കുന്നത്. മാത്രമല്ല ഇങ്ങനെ വാങ്ങുന്ന സ്വര്‍ണ്ണം പൂര്‍ണ്ണമായും ഇന്‍ഷൂര്‍ ചെയ്യപ്പെട്ടവയുമാണ്. അതുകൊണ്ട് പേടിക്കാനൊന്നുമില്ല. മൊബൈല്‍ ആപ്പുകള്‍ വഴിയല്ലാതെ മേല്‍ പറഞ്ഞ കമ്പനികളുമായി നേരിട്ടും ഓണ്‍ലൈന്‍ വഴിയും സ്വര്‍ണ്ണം ഡിജിറ്റലായി വാങ്ങുന്നതിനും കഴിയും. ആക്‌സിസ് ബാങ്ക് അടക്കമുള്ള ബാങ്കുകളും ഡിജിറ്റല്‍ സ്വര്‍ണ്ണ ഇടപാടുകള്‍ നേരിട്ട് നടത്തുന്നുണ്ട്. 

24 മണിക്കൂറും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം

നാട്ടിലുള്ള സ്വര്‍ണ്ണക്കടകളിലെല്ലാം കയറിയിറങ്ങി സ്വര്‍ണ്ണം വാങ്ങേണ്ട കാര്യം ഡിജിറ്റില്‍ സ്വര്‍ണ്ണ ഇടപാടില്‍ ഇല്ല. ഇവിടെ 24 മണിക്കൂറും വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. നമ്മുടെ മൊബൈല്‍ ഫോണുകളിലുള്ള പേയ്‌മെന്റ് ആപ്പുകള്‍ തുറന്ന് ഗോള്‍്ഡ് എന്നോ ഡിജിറ്റല്‍ ഗോള്‍ഡ് എന്നോ ഉള്ള ഓപ്ഷനില്‍ കയറി എത്ര രൂപയ്ക്കാണ് സ്വര്‍ണ്ണം വാങ്ങുന്നതെന്ന് അടിച്ചു കൊടുത്താല്‍ ആ തുകയ്ക്ക് കിട്ടുന്ന സ്വര്‍ണ്ണത്തിന്റെ അളവ് അവിടെ തന്നെ കാണിക്കും. ഒരു മില്ലിഗ്രാം സ്വര്‍ണ്ണത്തിന്റെ (24 കാരറ്റ് ) അന്നത്തെ വാങ്ങല്‍ വില കാണിച്ചിരിക്കും. ബൈ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് എത്ര തുകയ്ക്കാണ് സ്വര്‍ണ്ണം വാങ്ങുന്നതെന്ന് രേഖപ്പെടുത്തി നമ്മുടെ പേമെന്റ് പാസ്‌വേര്‍ഡ് കൂടി കൊടുത്താല്‍ ഇതിനുള്ള പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടുകയും നമ്മുടെ മൊബൈല്‍ ആപ്പില്‍ ( ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവ) നമുക്കായി സൃഷ്ടിക്കപ്പെട്ടഡിജിറ്റല്‍ ലോക്കറില്‍ വാങ്ങിയ സ്വര്‍ണ്ണം എത്തിയതായും അതിന്റെ അളവും കാണിക്കുകയും ചെയ്യും. ഒരു രൂപ മുതല്‍ സ്വര്‍ണ്ണം വാങ്ങാം. എന്നാല്‍ ഒരു ദിവസം വാങ്ങുന്ന സ്വര്‍ണ്ണത്തിന് പരിധിയുണ്ട്. ഗൂഗിള്‍ പേ വഴി പ്രതിദിനം 50,000 രൂപയ്ക്ക് മാത്രമേ ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങാന്‍ അനുവദിക്കുകയുള്ളൂ. അങ്ങനെ ഓരോ പേയ്‌മെന്റ് ആപ്പിനും പല രീതിയിലുള്ള പരിധിയുണ്ട്. മാത്രമല്ല, ഒരു ദിവസം പരമാവധി രണ്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം മാത്രമേ ഡിജിറ്റലായി വാങ്ങിക്കാന്‍ കഴിയുകയുള്ളൂ. 

എങ്ങനെ വില്‍ക്കാം,

വാങ്ങുന്നത് പോലെ തന്നെ വളരെ എളുപ്പമാണ് വില്‍ക്കുന്ന പ്രകിയയും. നമ്മുടെ പേമെന്റ് ആപ്പിലെ ഗോള്‍ഡ് എന്ന ഓപ്ഷന്‍ എടുത്ത് സെല്‍ എന്ന ഓപ്ഷന്‍ അമര്‍ത്തിയാല്‍ നമുക്ക് നമ്മുടെ കൈവശം നേരത്തെ വാങ്ങി സൂക്ഷിച്ച ഡിജിറ്റല്‍ സ്വര്‍ണ്ണം വില്‍ക്കാം. എത്ര സ്വര്‍ണ്ണമാണ് നമ്മുടെ കൈവശം ഉള്ളതെന്ന് കാണിക്കും. അത് പൂര്‍ണ്ണമായോ ഭാഗികമായോ നമുക്ക് വില്‍ക്കാം. അന്നത്തെ വില്‍പ്പന വില കാണിച്ചിരിക്കും. ഓരോ ദിവസത്തെയും ഇന്ത്യയിലെ മാര്‍ക്കറ്റ് വില അനുസരിച്ചാണ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ വിലയും. മാര്‍ക്കറ്റ് വിലയില്‍ തന്നെ വാങ്ങാനും വില്‍ക്കാനും കഴിയും. വില്‍പ്പനക്കുള്ള ഓപ്ഷനില്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഉടന്‍ വില്‍പ്പന നടക്കുകയും അതിന്റെ പണം ഏതാനും സമയത്തിനുള്ളില്‍ പേയ്‌മെന്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുകയും ചെയ്യും. വളരെ എളുപ്പത്തില്‍ നിമിഷ നേരം കൊണ്ട് വാങ്ങലും വില്‍പ്പനയുമൊക്കെ നടക്കും. 

 

കൈയ്യില്‍ പണമുള്ളപ്പോള്‍ വാങ്ങാം, ലാഭം കിട്ടുമ്പോള്‍ വില്‍ക്കാം

സ്വര്‍ണ്ണം എല്ലാ കാലവും വില കൂടിക്കൊണ്ടിരുന്ന അമൂല്യ ലോഹമാണെന്ന് എല്ലാവര്‍ക്കുമറിയാം ചില ചെറിയ ഏറ്റക്കുറച്ചിലൊക്കെഉണ്ടാകാമെങ്കിലും ഓരോ വര്‍ഷവും വില ഉയര്‍ന്നു കൊണ്ടേയിരിക്കും. സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അത് ധരിക്കാനുള്ള ആഭരണമായാണ് മിക്കവരും വാങ്ങുന്നതെങ്കിലും അതിന്റെ പിന്നിലുള്ളത് നിക്ഷേപ താല്‍പര്യം തന്നെയാണ്. തുടര്‍ച്ചയായി വില കൂടുന്നത് കൊണ്ടാണ് സ്വര്‍ണ്ണം എല്ലാവരും ഏതുസമയവും  വിറ്റു കാശാക്കാവുന്ന ഒരു ആസ്തിയായി കണക്കാക്കുന്നത്. ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ചെറിയ തുകയ്ക്ക്  ഇടയ്ക്കിടെ വാങ്ങി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിച്ച് വില കൂടുമ്പോള്‍ ഒരു ക്ലിക്കില്‍ വിറ്റ് ലാഭം നേടാന്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് കഴിയും. ജ്വല്ലറി തുറക്കുന്ന സമയം നോക്കി നില്‍ക്കുകയോ ഇല്ലെങ്കില്‍ വിവിധ ജ്വല്ലറികളിലെ വില നിലവാരം അന്വേഷിച്ചു നടക്കുകയോ ഒന്നും വേണ്ട. വില്‍പ്പന നടന്നാല്‍ നിമിഷ നേരത്തിനുള്ളില്‍ പണം അക്കൗണ്ടിലെത്തും. നിക്ഷേപം പ്രധാന ലക്ഷ്യമാക്കുന്നവരില്‍ നല്ലൊരു ശതമാനവും ഡിജിറ്റല്‍ സ്വര്‍ണ്ണമാണ് വാങ്ങുന്നത്. ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന് ഇന്ത്യയില്‍ പ്രചാരം ഏറി വരികയാണ്. ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ധാരാളം മലയാളികളും ഇപ്പോള്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുന്നുണ്ട്. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിനോട് വലിയ താല്‍പര്യമില്ല. അതുകൊണ്ട്  തന്നെ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ സ്വര്‍ണ്ണം ഡിജിറ്റലായി വാങ്ങാനാണ് താല്‍പര്യപ്പെടുന്നത്.

പണിക്കൂലിയില്ല, തേയ്മാനമില്ല, മാറ്റ് കുറയില്ല

ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ഗുണമെന്തെന്ന് ചോദിച്ചാല്‍ ഏത്ര ചെറിയ തുകയ്ക്കും ഒരാള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുമെന്നത് മാത്രമല്ല, ആഭരണങ്ങള്‍ വാങ്ങുമ്പോഴുള്ള പണിക്കൂലി നല്‍കേണ്ടതില്ല. വില്‍ക്കുമ്പോള്‍ പഴയ സ്വര്‍ണ്ണമെന്ന് പറഞ്ഞ് മാറ്റു കുറയലിന്റെയും തേയ്മാനത്തിന്റെയും പേരില്‍ പണം കുറയില്ല. ഡിജിറ്റല്‍ സ്വര്‍ണ്ണം നൂറ് ശതമാനം പ്യൂരിറ്റിയുള്ള 24 കാരറ്റ് തനി തങ്കമാണ്. ഒരു കാലത്തും അതിന്റെ മാറ്റു കറയുകയോ തേയ്മാനത്തിന്റെ പേരിലുള്ള കുറവോ ഒന്നും സംഭവിക്കുകയില്ല.

ആവശ്യമെങ്കില്‍ ഡിജിറ്റല്‍ സ്വര്‍ണ്ണം നേരിട്ട് കൈയ്യില്‍ കിട്ടും

ഡിജിറ്റലായി വാങ്ങുന്ന സ്വര്‍ണ്ണം സാധാരണ ജ്വല്ലറികളില്‍ നിന്ന് വാങ്ങുന്നത് പോലെ കൈയ്യില്‍ കിട്ടണമെങ്കില്‍ അതിനും വഴിയുണ്ട്. നമ്മള്‍ ഏത് കമ്പനിയുടെ സ്വര്‍ണ്ണമാണോ ഡിജിറ്റലായി വാങ്ങിയത് അവരോട് തെളിവുകള്‍ സഹിതം ആവശ്യപ്പെട്ടാല്‍ നമ്മുടെ ഡിജിറ്റല്‍ ലോക്കറിലുള്ള സ്വര്‍ണ്ണം നാണയമായോ ബാറുകളായോ ഒക്കെ അയച്ചു തരും. എല്ലാ കമ്പനികളും ഇങ്ങനെ ചെയ്യണമെന്നില്ല. അക്കാര്യം മുന്‍കൂട്ടി പരിശോധിക്കണം. ഇനി അതില്ലെങ്കില്‍ കൂടി ഡിജിറ്റലായി വാങ്ങിയ സ്വര്‍ണ്ണം ഡിജിറ്റലായി തന്നെ  തന്നെ ലാഭത്തില്‍ വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ജ്വല്ലറിയില്‍ പോയി വാങ്ങാമല്ലോ.

ന്യൂനതകള്‍ ഇല്ലേ? 

ഇതുവരെ പറഞ്ഞത് ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന്റെ ഗുണങ്ങളെപ്പറ്റിയാണ്. ഇതിന് ന്യൂനതകള്‍ ഒന്നുമില്ലേ എന്ന് ചോദിച്ചാല്‍ ചെറിയ തോതില്‍ തീര്‍ച്ചയായും ഉണ്ട്. ഒന്നാമത്തെ കാര്യം ഡിജിറ്റല്‍ സ്വര്‍ണ്ണ ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിനോ അല്ലെങ്കില്‍ റിസര്‍വ്വ് ബാങ്കിനോ നിയന്ത്രണങ്ങളൊന്നുമില്ലെന്നതാണ്. ഡിജിറ്റല്‍ സ്വര്‍ണ്ണ വില്‍പ്പന സംബന്ധിച്ച ഒരു നിയമമോ ചട്ടമോ ഒന്നും ഇതുവരെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. എന്നാല്‍ അത് ഉപഭോക്താക്കളെ ബാധിക്കുന്ന അതിപ്രധാന കാര്യമല്ല. 
വാങ്ങി അഞ്ച് വര്‍ഷം വരെ മാത്രമേ സ്വര്‍ണ്ണം ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയൂവെന്നതാണ് ഒരു പ്രധാന പ്രശ്‌നം. അതായത് സ്വര്‍ണ്ണം വാങ്ങിയ തിയ്യതി മുതല്‍  അഞ്ച് വര്‍ഷമാകുമ്പോള്‍ ഒന്നുകില്‍ അത് വില്‍ക്കുകയോ അല്ലെങ്കില്‍ അത് യഥാര്‍ത്ഥ സ്വര്‍ണ്ണമായി കെയ്യിലേക്ക് ( Physical Gold) വാങ്ങുകയോ ചെയ്യണം. അതായത് ഒരു തവണ സ്വര്‍ണ്ണം വാങ്ങിയാല്‍ അഞ്ച് വര്‍ഷക്കലത്തേക്കുള്ള ലാഭമേ നേടാന്‍ കഴിയൂ എന്നര്‍ത്ഥം. എന്നാല്‍ വിവിധ കാലയളവുകളിലാണ് ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുന്നത് എന്നത് കൊണ്ട് ഈ അഞ്ച് വര്‍ഷ കാലയളവ് മാറിക്കൊണ്ടിരിക്കും.

ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജി എസ് ടി നല്‍കണം. അത് ജ്വല്ലറിയില്‍ പോയി വാങ്ങുമ്പോഴും കൊടുക്കണം. അതുകൊണ്ട് തന്നെ അതും വലിയ പ്രശ്‌നമല്ല. എന്നാല്‍ പ്രശ്‌നമുള്ളത് വാങ്ങുന്ന സ്വര്‍ണ്ണം ഡിജിറ്റലായി സൂക്ഷിക്കുന്നതിനും മറ്റുമായി മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ തുക ചില കമ്പനികള്‍ ഈടാക്കുന്നുണ്ട്. ജി എസ് ടിയും ഈ തുകയും ഡിജിറ്റല്‍ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വിലയോടൊപ്പം നല്‍കണം. എന്നാല്‍ വില്‍ക്കുമ്പോള്‍ അന്നന്നത്തെ സ്വര്‍ണ്ണ വില മാത്രമേ ലഭിക്കൂ. വാങ്ങുമ്പോള്‍ നല്‍കിയ നികുതിയും മറ്റും കുറച്ചുള്ള തുകയാണ് കിട്ടുക.( അത് ജ്വല്ലറിയില്‍ നിന്ന് വാങ്ങിയാലും അങ്ങനെ തന്നെയാണ് ),അതായത് ഡിജിറ്റല്‍ സ്വര്‍ണ്ണം വില്‍ക്കുമ്പോള്‍ ലാഭം കിട്ടണമെങ്കില്‍ വാങ്ങിയ വിലയേക്കാള്‍ അഞ്ച് ശതമാനത്തിലധികം സ്വര്‍ണ്ണത്തിന് വില വര്‍ധിക്കണമെന്ന് അര്‍ത്ഥം, അതായത് നൂറ് രൂപയ്ക്ക് സ്വര്‍ണ്ണം വാങ്ങിയാല്‍ അത് വില്‍ക്കുമ്പോള്‍ ചുരുങ്ങിയത് 105 രൂപയില്‍ കൂടുതലാണെങ്കിലേ ലാഭം കിട്ടുവെന്ന് ചുരുക്കം. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ വില ഓരോ വര്‍ഷവും കുത്തനെ കൂടുന്നതിനാല്‍ നഷ്ടത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. പിന്നെ ഓണ്‍ലൈന്‍ ഇടപാടുകളൊക്കെ ആയതിനാല്‍ സൈബര്‍ ഹാക്കര്‍മാരുടെ ശല്യത്തെക്കുറിച്ചൊക്കെ വേവലാതിപ്പെടുന്നവരും ഉണ്ട്. 
ഇത്തരത്തിലുള്ള ചെറിയ ന്യൂനതകളൊക്കെ പറയാമെങ്കിലും സ്വര്‍ണ്ണത്തിന് ഒറ്റയടിക്ക് വലിയ തുക മുടക്കാനില്ലാത്തവര്‍ക്ക് ചെറിയ പൈസയ്ക്ക് ഇടക്കിടെ സ്വര്‍ണ്ണം വാങ്ങിവെച്ച് നല്ലൊരു നിക്ഷേപമായി അതിനെ മാറ്റാനും വില കൂടുമ്പോള്‍ ലാഭത്തിന് വില്‍ക്കാനും കഴിയും. അതുകൊണ്ട് തന്നെയാണ് സാമ്പത്തിക  വിദഗ്ധര്‍ ഡിജിറ്റല്‍ സ്വര്‍ണ്ണത്തിന്  വലിയ തോതില്‍ പ്രോത്സാഹനം നല്‍കുന്നത്. ഇന്ത്യയില്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നവരില്‍ നല്ലൊരു ഭാഗവും ഡിജിറ്റല്‍ സ്വര്‍ണ്ണ ഇടപാടുകളാണ് നടത്തുന്നത്. 

(ശ്രദ്ധിക്കുക - ഡിജിറ്റല്‍ സ്വര്‍ണ്ണം മികച്ച നിക്ഷേപമാണെങ്കിലും അത് വാങ്ങുന്നതിന് മുന്‍പ് അതിന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കിയ ശേഷം മാത്രം ഇടപാടുകള്‍ നടത്തുക)  

Latest News