തൃശൂര്‍ - ശക്തന്‍ സ്റ്റാന്‍ഡിനു സമീപം ആക്രി കടക്ക് തീപിടിച്ചു. ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നും മെട്രോ ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലുള്ള ആക്രിക്കടയ്ക്കാണ് ഞായറാഴ്ച പുലര്‍ച്ചെ 3.35 ഓടെ തീ പിടിച്ചത്. വിവരമറിഞ്ഞ് തൃശൂര്‍ ഫയര്‍ഫോഴ്‌സില്‍ നിന്നും പുതുക്കാട് നിന്നും എത്തിയ അഗ്‌നിശമനാ സേനാംഗങ്ങളാണ് മൂന്നു മണിക്കൂറോളം സമയമെടുത്ത് തീ തീയണച്ചത്.
തൃശൂരില്‍ നിന്ന് മൂന്നു യൂണിറ്റ് ഫയര്‍ എന്‍ജിനുകളും പുതുക്കാട് നിന്ന് ഒരു യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിനെത്തി.
കണിമംഗലം തോപ്പുംപറമ്പില്‍ വിജയരാഘവന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. ഏകദേശം 8 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.നാല് ഫയര്‍ യൂണിറ്റില്‍ നിന്നും 40,000 ലിറ്റര്‍ വെള്ളം പമ്പുചെയ്താണ് തീയണച്ചത്.
ആക്രികടയില്‍ സൂക്ഷിച്ചിരുന്ന പേപ്പര്‍, നോട്ടു ബുക്കുകള്‍, കാര്‍ഡ്‌ബോര്‍ഡ് , കുപ്പികള്‍ എന്നിവയ്ക്കാണ് തീ പിടിച്ചത്. കനത്ത പുക കടയിലും പരിസരത്തും നിറഞ്ഞതോടെ തീയണക്കല്‍ ഏറെ ദുഷ്‌കരമായി
തൃശൂര്‍ ഫയര്‍ഫോഴ്‌സിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.എസ് . ഷാനവാസ്, സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ കെ.എ.ജോതികുമാര്‍, പുതുക്കാട് നിലയത്തില്‍ നിള്ള സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്മാരായ കെ.രമേശ് , കെ. പ്രകാശന്‍, ജി. പ്രമോദ് , ഗുരുവായൂരപ്പന്‍, പ്രജീഷ്, ഷാജന്‍, ജിബിന്‍ , അനില്‍കുമാര്‍ ഹോം ഗാര്‍ഡ് സി എം മുരളീധരന്‍ പുതുക്കാട് നിലയത്തിലെ സേനാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തീയണച്ചു.