തിരുവനന്തപുരം- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ വീട് സന്ദര്‍ശിച്ചു. അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും ശ്രേയസിനെയും നേരില്‍ കാണാനും ആശംസകള്‍ അറിയിക്കാനും ആണ് ഗവര്‍ണര്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയത്.
ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീടായ ലക്ഷ്മിയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് സ്വീകരിച്ചു. ദമ്പതികളായ ഭാഗ്യയും ശ്രേയസും ആരിഫ് മുഹമ്മദ് ഖാനില്‍നിന്നും അനുഗ്രഹം ഏറ്റുവാങ്ങി. കഴിഞ്ഞ ജനുവരി 17 ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാന്നിധ്യത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം.
തിരക്കുകള്‍ മൂലം വിവാഹത്തിന് എത്താന്‍ കഴിയാതിരുന്നതിനാലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുരേഷ് ഗോപിയുടെ വീട്ടിലെത്തി നവദമ്പതികളെ ആശീര്‍വദിച്ചത്. വിഭവസമൃദ്ധമായ കേരള സദ്യ ഒരുക്കിയാണ് സുരേഷ് ഗോപിയുടെ കുടുംബം ഗവര്‍ണറെ സ്വീകരിച്ചത്.