Sorry, you need to enable JavaScript to visit this website.

ബര്‍ഗര്‍ ലോഞ്ചിന്റെ പേരില്‍ കോടികള്‍ തട്ടി, നിരവധി പ്രവാസികളും പെട്ടു, പ്രതി റിമാന്റില്‍

കോഴിക്കോട് - പ്രമുഖ ബ്രാന്റ് കഫെ ബര്‍ഗര്‍ ലോഞ്ചിന്റെ പേരില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഉടമയെ റിമാന്റ് ചെയ്തു. റിജിഡ് ഫുഡ്‌സ് കമ്പനിയുടെ പേരില്‍  ബര്‍ഗര്‍ ലോഞ്ച് ഫ്രാഞ്ചൈസിയും പാര്‍ട്ണര്‍ഷിപ്പും നല്‍കാമെന്നും വാഗ്ദാനം നല്‍കി പണം വാങ്ങി  തട്ടിപ്പ് നടത്തിയതിനാണ് ഉടമയും പയ്യാനക്കല്‍ മതിലകത്ത് ശുഹൈബിനെ (39) ജില്ലാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ റിമാന്റ് ചെയ്തത്.

ബേപ്പൂരിലെ പ്രമുഖ വ്യവസായി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കമ്പനിയില്‍ നിക്ഷേപത്തിനായി എഴുപത് ലക്ഷം  തട്ടിയെടുത്ത കേസില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 13 ന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ  പ്രതി  ദുബായിലേക്ക് കടന്നിരുന്നു. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

നാല് മാസം മുമ്പ് ദുബായിലേക്ക് പോയി ഈ മാസം 23 ന്  തിരിച്ചെത്തിയ ഇയാളെ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു.

മാറാട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇതിനിടെ ഇയാള്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി നിഷേധിച്ചു, തുടര്‍ന്ന്  റിമാന്റ് ചെയ്യുകയായിരുന്നു.
നേരത്തെ മംഗലാപുരം സ്വദേശിയുടെ എഴുപത് ലക്ഷം തട്ടിയെടുത്തെന്ന പരാതിയിന്മേല്‍ മെയ് 19 ന്  അറസ്റ്റ് ചെയ്തിരുന്നു. വിവിധ  തട്ടിപ്പ് കേസുകളിലും ചെക്ക് കേസുകളിലും ഇയാള്‍ നേരത്തെയും പ്രതിയാണ്. ബര്‍ഗര്‍ ലോഞ്ച് ആരംഭിക്കാനെന്ന വ്യാജേന സംസ്ഥാനത്തും കര്‍ണാടകയിലും വിദേശത്തുമായി നിരവധി ആളുകളില്‍ നിന്നു കോടികളാണ് തട്ടിയെടുത്തിട്ടുള്ളത്. സംയുക്ത സംരംഭം എന്ന ധാരണയില്‍ കൈപ്പറ്റിയ ഈ ഇടപാടുകളിന്മേലാണ്  അറസ്റ്റ് വാറന്റ് ഉണ്ടായിരുന്നത്.
പ്രതിമാസം നിശ്ചിത വരുമാനം വാഗ്ദാനം ചെയ്ത് സംരംഭം തുടങ്ങാനെന്ന പേരില്‍ പലരില്‍ നിന്നുമായി കോടികള്‍ കൈപ്പറ്റിയിട്ടുണ്ട്. പ്രവാസികള്‍, ചെറുതും വലുതുമായ ബിസിനസുകാര്‍, കിടപ്പാടം വരെ പണയം വെച്ച് പണം നല്‍കിയവര്‍ തുടങ്ങി ,വിവിധ തലങ്ങളിലുള്ളവരെ തട്ടിപ്പിന് ഇരയാക്കിട്ടുണ്ട്. റിമാന്റ് ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.

 

Latest News