ഇടുക്കി- നെടുങ്കണ്ടം മാവടി കാരിത്തോട്ടില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. കാരിത്തോട് അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍(37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെ പ്രവീണിനെ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയില്‍ പിതാവ് ഔസേപ്പച്ചന്‍ കണ്ടെത്തുകയായിരുന്നു. കഴുത്തിനും വയറിനും ആണ് കുത്തേറ്റത്. വയറില്‍ ആഴത്തിലുള്ള നാലോളം മുറിവുകളുണ്ട്. വന്‍കുടലും ചെറുകുടലും പുറത്തേക്ക് ചാടിയ നിലയിലായിരുന്നു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
പ്രവീണ്‍ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും പ്രശ്നമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവ് തൊട്ടടുത്തുള്ള ബന്ധുവീട്ടിലാണ് രാത്രിയില്‍ കഴിഞ്ഞത്. രാവിലെ വീട്ടിലേക്ക് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. എന്നാല്‍ ഔസേപ്പച്ചന്‍ എത്തിയ സമയവും ബന്ധുക്കള്‍ പറഞ്ഞ സമയവും തമ്മില്‍ വ്യത്യാസമുണ്ടാകുകയും ചോദ്യം ചെയ്യലില്‍ പൊരുത്തക്കേട് ഉണ്ടാകുകയും ചെയ്തതോടെ ഔസേപ്പച്ചനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മൃതദേഹ പരിശോധനയില്‍ പ്രവീണിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തി.
പ്രവീണ്‍ തുടര്‍ച്ചയായി മാനസിക വിഭ്രാന്തി കാണിക്കുകയും മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസവും സമാന രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. മുമ്പും ഇയാള്‍ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.