മഞ്ചേരി - പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (രണ്ട്) 88 വര്‍ഷം കഠിന തടവിനും അറുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വള്ളിക്കാപ്പറ്റ സ്വദേശിയായ 49 കാരനെയാണ് ജഡ്ജ് എസ്. രശ്മി ശിക്ഷിച്ചത്. 2010 ല്‍ അതിജീവിത ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ 2018 വര്‍ഷം വരെയുള്ള കാലയളവില്‍ പ്രതി കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്.
മലപ്പുറം വനിതാ പോലീസ് സ്റ്റേഷന്‍ എസ്.ഐ ടി.എം. സജിനി രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടര്‍ റസിയ ബംഗാളത്ത് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പിതാവായ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുമെന്നും സ്വാധീനിക്കുമെന്നും ഉള്ളതിനാല്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് 15 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലെയ്‌സണ്‍ വിംഗിലെ എഎസ്‌ഐ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു.
നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല
പോക്സോ ആക്ടിലെ അഞ്ച് (എല്‍) വകുപ്പ് പ്രകാരം 25 വര്‍ഷം കഠിന തടവ് 20000 രൂപ പിഴയാണ് ശിക്ഷ. ഇതോടൊപ്പം അഞ്ച് (എം), അഞ്ച് (എന്‍) എന്നീ വകുപ്പുകളില്‍ 30 വര്‍ഷം വീതം കഠിന തടവും 20000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴയടക്കാത്ത പക്ഷം മൂന്നു വകുപ്പുകളിലും ആറു മാസം വീതം അധിക തടവ് അനുഭവിക്കണം. മാത്രമല്ല ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പനുസരിച്ച് മൂന്നു വര്‍ഷം കഠിന തടവും ശിക്ഷയുണ്ട്. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നു അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശവും നല്‍കി.