Sorry, you need to enable JavaScript to visit this website.

ഗവർണർക്കെതിരെ കരിങ്കൊടി; 12 എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ

കൊല്ലം - ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ നിലമേലിൽ കരിങ്കൊടി കാണിച്ച 12 എസ്.എഫ്.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. കടയ്ക്കൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 
 ചടയമംഗലം നിലമേൽ വീട്ടിൽ മാടൻനടയിൽ ആസിഫ് (22), മതിര കോട്ടപ്പുറം ഫാത്തിമ മൻസിൽ ഫയാസ്(23), കടയ്ക്കൽ കുറ്റിക്കാട്ടിൽ സരസ്വതി വിലാസം അരവിന്ദ് (22), നെട്ടയം നികേതൻ വിശാഖത്തിൽ വിഷ്ണു (20), പുല്ലാനിമൂട് കരുകോൺ കാരംകോട്ടു വീട്ടിൽ അഭിജിത്ത് (22), ഭാരതീപുരം കുഞ്ഞുവയൽ വിളയിൽ വീട്ടിൽ ബുഹാരി (21), കൈതോട് തേജസ്സ് വലിയ വഴിയിൽ മുസാഫർ മുഹമ്മദ് (21), പുള്ളിപ്പാറ ഗാലക്‌സി സ്വാമി മുക്കിൽ അബ്‌സൽന (21), മാടൻനട തൊടിയിൽ വീട്ടിൽ മുഹമ്മദ് ഉബൈദ് (19), ചെറിയ വെളിനല്ലൂർ ആര്യഭവനിൽ ആര്യ (22), കുരിയോട് വടക്കേവിള വീട്ടിൽ ബിനിൽ (22), കോട്ടുക്കൽ വയല വിഷ്ണുഭവനിൽ അഭിനന്ദ് (19) എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചു പേർക്കുമെതിരെയാണ് കേസെടുത്തത്.
 കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 17 പേർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. രാഷ്ട്രപതിയെയോ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണറെയോ ആക്രമിക്കുകയോ തെറ്റായി തടയുകയോ അല്ലെങ്കിൽ തടയാൻ ശ്രമിക്കുകയോ ചെയ്യുക എന്ന വകുപ്പാണിത്. ക്രിമിനൽ ബലപ്രയോഗം, ക്രിമിനൽ ശക്തി കാണിക്കൽ, അല്ലെങ്കിൽ അതിരു കടക്കാനുള്ള ശ്രമങ്ങൾ എന്നീ കുറ്റങ്ങൾക്ക് ഏഴുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

Latest News