സുല്‍ത്താന്‍ബത്തേരി-മുനിസിഫ് കോടതി വളപ്പില്‍ കരടി കയറി. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് ദേശീയപാത മുറിച്ചുകടന്ന് കരടി കോടതി വളപ്പില്‍ എത്തിയത്. ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ കരടി മതില്‍ ചാടി കോടതി വളപ്പിനു പുറത്തേക്കുപോയി. പിന്നീട് കോളിയാടിയില്‍ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കരടി നടന്നുനീങ്ങുന്ന ദൃശ്യം കോളിയാടിയിലെ അഷ്‌റഫിന്റ കടയില്‍ സ്ഥാപിച്ച
സി.സി.ടി.വി ക്യാമറയില്‍ പുലര്‍ച്ചെ രണ്ടോടെ പതിഞ്ഞു. കോളിയാടിയില്‍നിന്നു കരടി വലിയവട്ടം വഴി ചെറുമാട് റോഡിലേക്കാണ് നീങ്ങിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇവിടെനിന്നു നായ്ക്കട്ടി മാതമംഗലം ഭാഗത്തേക്കാണ് കരടി മാറിയത്. കരടി കാട്ടിലേക്ക് മടങ്ങി എന്ന് ഉറപ്പുവരുത്തുന്നതിനു വനസേന ശ്രമം നടത്തിവരികയാണ്. കഴിഞ്ഞയാഴ്ച മാനന്തവാടിയില്‍ ജനവാസ കേന്ദ്രത്തില്‍ കരടി ഇറങ്ങിയിരുന്നു. നാല് ദിവസത്തിനുശേഷമാണ് ഈ കരടിയെ വനത്തിലേക്ക് തുരത്താനായത്.