തിരുവനന്തപുരം - രാജ്്ഭവന്റെയും കേരള ഗവര്‍ണ്ണറുടെയും സുരക്ഷയ്ക്കായി സി ആര്‍ പി എഫ് സംഘം അതിവേഗമെത്തി. എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെ കൊല്ലത്ത് കാറില്‍ നിന്നിറങ്ങി ഒന്നര മണിക്കൂറോളം റോഡില്‍ കുത്തിയിരുന്ന ഗവര്‍ണ്ണര്‍ തന്റെ സുരക്ഷയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിരുന്നു. അത് കഴിഞ്ഞ് ഏതാനും സമയത്തിനകം ഗവര്‍ണ്ണറുടെ സുരക്ഷ ഇസെഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തി സി ആര്‍ പി എഫുകാരെ നിയോഗിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഉടന്‍ തന്നെ സി ആര്‍ പി സംഘം രാജ്ഭവന്റെയും ഗവര്‍ണ്ണറുടെയും സുരക്ഷ ഏറ്റെടുത്തു. രാജ്ഭവന് മുന്നില്‍ എട്ട് സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു. 30 പേരടങ്ങിയ സി ആര്‍ പി എഫ് സംഘമാണ് രാജ് ഭവനിലേക്ക് എത്തിയത്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ഇതിനിടെ ഇന്ന് ഉച്ച കഴിഞ്ഞ് ഗവര്‍ണ്ണര്‍ ദല്‍ഹിക്ക് പോയി.