- വിവേകം സ്‌കൂളിൽനിന്ന് അ, ആ... എന്ന് പഠിക്കും പോലെ പഠിക്കാനാവില്ലെന്നും വിമർശം
- നിയമസഭയിൽ നയപ്രഖ്യാപനത്തിന് സമയമില്ലാത്ത ഗവർണർക്ക് റോഡിലിരുന്ന് പ്രതിഷേധിക്കാൻ ഒരു മണിക്കൂർ സമയമുണ്ടായെന്നും മുഖ്യമന്ത്രിയുടെ പരിഹാസം
തിരുവനന്തപരം - നിയമത്തിന് മുകളിലല്ല ഗവർണറെന്നും നിയമമാണ് ഏറ്റവും അന്തിമമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അധികാര സ്ഥാനത്തിന് മുകളിലാണ് നിയമം. ഇത് ഗവർണർ ഓർക്കണം. ഇത് ഇല്ലാതെ പോയത് നിർഭാഗ്യകരമാണ്. ഇത്തരം കാര്യങ്ങളിൽ ഗവർണർ സ്വയം വിവേകം കാണിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതൊന്നും അ, ആ... എന്ന് സ്‌കൂളിൽനിന്ന് പഠിപ്പിക്കും പോലെ പഠിക്കേണ്ടതല്ല. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ആരായാലും ജനാധിപത്യം, പക്വത, വിനയം എല്ലാം കാണിക്കണം. ഇതിൽ ചിലതിലെങ്കിലും ഗവർണർക്ക് പോരായ്മയുണ്ടായോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
നിയമസഭയിൽ നയപ്രഖ്യാപനത്തിന് സമയമില്ലാത്ത ഗവർണർക്ക് റോഡിലിരുന്ന് പ്രതിഷേധിക്കാൻ ഒരു മണിക്കൂർ സമയമുണ്ടായെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഗവർണറുടെ സുരക്ഷ സി.ആർ.പി.എഫിന് കൈമാറിയത് വിചിത്രമാണ്. കേന്ദ്ര സുരക്ഷയുള്ള ആർ.എസ്.എസുകാരുടെ പട്ടികയിലേക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോകുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഗവർണറെന്ന നിലയിൽ തനിക്ക് ലഭിച്ച സുരക്ഷ വേണ്ടെന്നുവെച്ച് ചില ആർ.എസ്.എസുകാർക്ക് കേന്ദ്രസർക്കാർ നൽകിയ പ്രത്യേക സുരക്ഷ സ്വീകരിക്കുകയാണ് ഗവർണർ ചെയ്തത്. ഗവർണർ തുടർച്ചയായി സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമായ നിലപാടാണ്.
അധികാര സ്ഥാനത്തുള്ളവർക്കെതിരെ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. പ്രതിഷേധമുണ്ടാകുമ്പോൾ വാഹനത്തിൽ നിന്നും ഏതെങ്കിലുമൊരാൾ ഇറങ്ങുമോ? പ്രതിഷേധക്കാർക്കെതിരെ കേസെടുക്കുകയെന്നത് സ്വാഭാവിക നടപടിയാണ്. അത് പോലീസ് സ്വീകരിക്കും. അതിന് ഗവർണർ കുത്തിയിരുന്ന് പ്രതിഷേധിക്കേണ്ട കാര്യമില്ല. ഗവർണർ പറയുന്നവർക്കെതിരെ കേസെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെയും പ്രതിപക്ഷ നേതാവിന്റേയും നിലപാട് ഒരുപോലെയാണ്. ഗവർണർക്ക് എന്താണ് പറ്റിയതെന്ന് തനിക്ക് പറയാനാവില്ല. കേരളത്തിന് എതിരായ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.