റിയാദ്- എഴുപത്തി അഞ്ചാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യൻ എംബസിയിൽ നടന്നു. അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം നൽകി. ഇന്ത്യൻ സമൂഹത്തിൻ്റെയും ഇന്ത്യയുടെ സുഹൃത്തുക്കളുടെയും പ്രതിനിധികളായി അഞ്ഞൂറിലധികം പേർ ചടങ്ങിൽ സംബന്ധിച്ചു. രാവിലെ എംബസി അങ്കണത്തിൽ അംബാസഡർ ദേശീയ പതാകയുയർത്തി. ശേഷം രാഷട്രപതിയുടെ സന്ദേശം സദസ്സിന് കൈമാറി. ഇന്ത്യ വിവിധ മേഖലകളിൽ വികസന കുതിപ്പ് നടത്തി കൊണ്ടിരിക്കുകയാണെന്നും അത് ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ വക നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ശേഷം നടന്ന സാംസ്കാരിക യോഗത്തിൽ ഇന്ത്യൻ സമൂഹ പ്രതിനിധികളുടെയും ഇന്ത്യൻ എംബസി സ്കൂൾ,ഇൻറർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂളിൽ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെയും കലാപരിപാടികൾ നടന്നു. വൈദേഹി നൃത്ത വിദ്യാലയത്തിലെ വിദ്യാർഥികളുടെ ക്ലാസിക്കൽ ഡാൻസും ദേശഭക്തിഗാനവും ആവേശമായി.