Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയിലേക്ക് ആദ്യ പത്മഭൂഷൺ

ജസ്റ്റിസ് ഫാത്തിമ ബീവി

സുപ്രീം കോടതിയിയിലെ ആദ്യ വനിതാ ജഡ്ജി എന്ന നേട്ടത്തിലൂടെ ജസ്റ്റിസ് ഫാത്തിമ ബീവി രാജ്യത്തെ മുഴുൻ വനിതകൾക്കും പ്രചോദനമായി. കേരളത്തിലെ പിന്നോക്ക കമ്മീഷന്റെ ആദ്യ അധ്യക്ഷ. പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം. തമിഴ്‌നാട്ടിലെ ആദ്യ വനിതാ ഗവർണർ. തുടർന്ന് ഇത്തരം നിരവധി സ്ഥാനമാനങ്ങളിൽ. അതിന്റെയെല്ലാം ഒടുവിൽ മരണാനന്തര ബഹുമതിയായി പത്തനംതിട്ടയിലെ ആദ്യ പത്മഭൂഷൺ.

 

പത്തനംതിട്ട ഒരു കൊച്ചുഗ്രാമമായിരുന്നു. അച്ചൻകോവിലാറിന്റെ തീരത്തെ കൊച്ചുഗ്രാമം. പഴയ പാരമ്പര്യം പറഞ്ഞാൽ കുമ്പഴ പാതി എന്ന വലിയ വില്ലേജിലെ ഒരു പ്രദേശം. ശബരിമല മുതൽ ആറൻമുള ക്ഷേത്രത്തിന്റെ പതിനെട്ടുപടിവരെയാണ് അതിർത്തി.
കർഷകരും കഠിനാധ്വാനികളുമായിരുന്നു ഗ്രാമവാസികൾ. എല്ലാവരും ചേർന്ന് ഇടപഴകി കഴിയുന്ന ഗ്രാമം.90 ശതമാനം പേരും സാക്ഷരർ, പള്ളിക്കൂടം കാണാത്തവർ വെറും പത്തു ശതമാനം മാത്രം. സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥരും ഒരമ്മ പെറ്റ മക്കൾ.
അവിടെയുണ്ടായിരുന്ന അണ്ണാ വീട്ടിൽ നിന്നാണ് ഒരു താരോദയം ഉണ്ടാവുന്നത്. ഇനി കാര്യത്തിലേക്ക് കടക്കാം.പത്തനംതിട്ടയിൽ അധിക സർക്കാർ സ്ഥാപനങ്ങളൊന്നും ഇല്ലാത്ത കാലം ഒരു ഹജൂർ കച്ചേരിയും സബ് രജിസ്ട്രാർ ഓഫീസുമേ അന്നുള്ളൂ.
പത്തനംതിട്ടയിലെ ഇന്നത്തെ മുസ്‌ലിം കുടുംബങ്ങൾ വിദ്യാഭ്യാസപരമായി ചിന്തിച്ചതിന്റെ തുടക്കമായേ അണ്ണാ വീട്ടിൽ മീരാസാഹിബും ചിന്തിച്ചുള്ളൂ. വീടിന് പുറത്തിറങ്ങാൻ സ്ത്രീകൾക്ക് അനുവാദമില്ലായിരുന്നുവെങ്കിലും പത്തനംതിട്ടക്കാർക്ക് വിദ്യാഭ്യസം നേടാൻ ഇത് തടസ്സമായില്ല. മകൾ ഫാത്തിമ ബീവി നിയമ പഠനത്തിന്റെ വഴി തെരഞ്ഞെടുത്തപ്പോൾ കൈയടിച്ച് പ്രോൽസാഹിപ്പിച്ചത് മീരാസാഹിബ് തന്നെ. ആദ്യം തിരുവനന്തപുരം വിമൻസ് കോളേജ്. പിന്നീട് ലോ കോളേജിൽ. അവധി ദിനങ്ങളിൽ സുഗതകുമാരിയുടെ അമ്മ കാർത്യായനിയമ്മയുടെ കൂടെ. ആ സൗഹൃദം വളർന്നു. 
ഫാത്തിമ ബീവി ആ വീട്ടിലെ അംഗമായി. തിരുവനന്തപുരം ലോ കോളേജിൽ നിയമ പഠനം പൂർത്തിയായപ്പോഴേക്കും നിരവധി റെക്കോർഡുകളും ഫാത്തിമ ബീവിയെ തേടിയെത്തി. തിരുവിതാംകൂറിൽ നിയമ ബിരുദമായ ബി.എൽ നേടുന്ന ആദ്യ മുസ്‌ലിം വനിത. ബി.എൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യത്തെ പെൺകുട്ടി. 
ലോ കോളേജിൽ എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്ക് വാങ്ങുന്ന വിദ്യാർഥിനി. ഇതൊക്കെ വിദ്യാഭ്യാസ കാലത്തെ ട്രാക്ക് റെക്കോർഡുകളാണ്. പിന്നീട് ചരിത്രം വഴിമാറുന്നത് ഇങ്ങനെയാണ്. തിരുവിതാംകൂറിലെ ആദ്യ മുസ്‌ലിം വനിതാ അഭിഭാഷക, കേരളത്തിൽ ആദ്യമായി പി.എസ്.സി നടത്തിയ മുൻസിഫ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി. കേരളാ ഹൈക്കോടതിയിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജി. 
അണ്ണാ വീട്ടിൽ മീരാ സാഹിബും ഭാര്യ ഖദീജയും മൂത്ത മകളിലെ വിജയഗാഥ കണ്ടപ്പോൾ പൂർണ പിന്തുണ നൽകി. തന്റെ നിയമ ലോകത്തെ കുതിപ്പുകളിൽ പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടാകാതിരിക്കാൻ അവിവാഹിതയായി കഴിഞ്ഞതും വേറിട്ട കാര്യം തന്നെയാണ്.
പ്രായമേറിയപ്പോൾ എവിടെ താമസിക്കണമെന്ന ചിന്ത വന്നപ്പോഴും ഫാത്തിമ ബീവിയെ അതൊന്നും  അലട്ടിയില്ല. അപ്പോഴും തെരഞ്ഞെടുത്തത് സ്വന്തം മണ്ണായ പത്തനംതിട്ട തന്നെ. കൊയ്ത്തും മെതിയും ഉത്സവങ്ങളും ചന്ദനക്കുടവും കണ്ട് ശരണ മന്ത്രങ്ങളും കേട്ട് വളർന്ന പത്തനംതിട്ടയിൽ തന്നെ. ബന്ധുക്കളുടെ സ്‌നേഹവായ്പ്. ഒത്തുചേരൽ ഒക്കെയുണ്ടങ്കിലും അഞ്ചു നേരത്തെ നിസ്‌കാരവും ഒക്കെ അച്ചൻകോവിലാറ്റിലെ തെളിനീര് പോലെ ഫാത്തിമ ബീവിയുടെ ജീവിതവും മുന്നോട്ട് നീക്കി.
2023 നവംബർ 23 ന് രാവിലെ ഫാത്തിമ ബീവി അരങ്ങൊഴിഞ്ഞെങ്കിലും നേടിയ നേട്ടങ്ങൾ വരും തലമുറക്ക് പ്രചോദനമായി, മരണാനന്തര ബഹുമതിയായി ലഭിച്ച പത്മഭൂഷൺ നമ്മെ ഉറ്റുനോക്കുന്നു. അതെ ഫാത്തിമ ബീവി പഠിച്ചു നേടിയ പാഠം.

Latest News