Sorry, you need to enable JavaScript to visit this website.

എസ്.എൻ.ഡി.പിയുടെയും എൻ.എസ്.എസിന്റെയും പ്രാണപ്രതിഷ്ഠ ശുഭ സൂചനയെന്ന് കെ.സുരേന്ദ്രൻ

കാസർകോട്- വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് കേരളം തിരിച്ചടി കൊടുത്തു തുടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭൂരിപക്ഷ വിഭാഗങ്ങളെ ചവിട്ടിമെതിക്കുന്ന നിലപാട് ഇനി കേരളം അംഗീകരിക്കില്ലെന്ന ശക്തമായ താക്കീതാണ് പ്രാണ പ്രതിഷ്ഠാദിനത്തിൽ കണ്ടെതെന്നും കേരള പദയാത്രയുടെ മുന്നോടിയായി  നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എസ്. എൻ. ഡി. പി, എൻ എസ് എസ് അടക്കമുള്ള കേരളത്തിലെ പ്രബല സമുദായ സംഘടനകൾ അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ആഘോഷിക്കാൻ മുന്നോട്ടു വന്നു. സമുദായ അംഗങ്ങളുടെ വീടുകളിൽ ദീപം കൊളുത്തിയും ലൈവ് ആയി കാണിച്ചുമാണ് ആഘോഷിച്ചത്. ധീവരസഭ, വിശ്വകർമ്മ, എസ്. സി, എസ്. ടി സംഘടനകളും ഒരേ നിലപാട് ആണ് സ്വീകരിച്ചത്.
എൻ.എസ്. എസും  എസ്.എൻ.ഡി.പിയും ധീവരസഭയും ജനുവരി 22 ന് രാമജ്യോതി തെളിയിച്ചത് എൽ.ഡി.എഫിനും യു.ഡി.എഫിനും തിരിച്ചടിയായി. മതന്യൂനപക്ഷങ്ങൾ പോലും പ്രാണപ്രതിഷ്ഠയെ സ്വാഗതം ചെയ്തു. സാംസ്‌ക്കാരിക ലോകവും സിനിമാ മേഖലയും പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു. കേരളം ഒരു രാഷ്ട്രീയമാറ്റത്തിന് തയ്യാറെടുക്കുകയാണ്. അതിനുള്ള മുന്നൊരുക്കമാണ് കേരള യാത്രയെന്നും സുരേന്ദ്രൻ പറഞ്ഞു. മോദി ഗ്യാരണ്ടി കേരളവും ഏറ്റെടുക്കുകയാണ്. ഐ എൻ ഡി  മുന്നണി രാജ്യത്ത് തകർന്നടിയുകയാണ്. ബിഹാറിലും ബംഗാളിലും പഞ്ചാബിലും ദില്ലിയിലും മുന്നണി തകർന്നു. കോൺഗ്രസിന് മുപ്പത് സീറ്റ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോദി തന്നെ മൂന്നാം തവണയും വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേരളവും മോദി ഭരണത്തിൽ പങ്കാളിയാവണമെന്നാണ് എൻ.ഡി.എ ആഗ്രഹിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേരളം തകരുന്നതിന് നരേന്ദ്രമോഡിയല്ല ഉത്തരവാദി. കേരളം മാറി മാറി ഭരിച്ച് മുടിപ്പിച്ച കോൺഗ്രസ് സി.പി.എം സർക്കാരുകളാണ് കേരളത്തെ തകർത്തത്. കേരളം ഇപ്പോൾ നിലനിൽക്കുന്നത് മോഡി സർക്കാർ ഉള്ളത് കൊണ്ടാണ്. യു.പി.എ സർക്കാർ നൽകിയതിനേക്കാൾ പത്തിരട്ടി അധികം തുകയാണ് എൻ.ഡി.എ സർക്കാർ കേരളത്തിന് നൽകിയത്. അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും ഒറ്റക്കെട്ടാണ്. മാസപ്പടി ഒരു ചെറിയ വിഷയമല്ല. അതിന് വലിയ മാനങ്ങളുണ്ട്. നൂറുകണക്കിന് കോടി രൂപയാണ് കമ്പനി മാസപ്പടിയായി നൽകിയത്. രണ്ട് മുന്നണിയിലെയും നേതാക്കൾ പണം വാങ്ങിയിട്ടുണ്ട്. അഴിമതിക്കെതിരായ ജനങ്ങളുടെ പോരാട്ടമാണ് കേരള പദയാത്ര. 

പൊതുമരാമത്ത് മന്ത്രി റിപ്പബ്ലിക്ക് ദിന പരേഡ് സ്വീകരിക്കുന്നത് കരാറുകാരന്റെ വണ്ടിയിലാണ്. ഈ മന്ത്രിയാണ് കേരളത്തിലെ എല്ലാ കാരാറുകളും നടത്തുന്നത്. മുഖ്യമന്ത്രിക്കും മുകളിലുള്ള സൂപ്പർ മുഖ്യമന്ത്രിയാണ് മുഹമ്മദ് റിയാസ്. മോഡി ഗ്യാരണ്ടികളൊക്കെ നടപ്പിലാക്കുന്ന ഭരണാധികാരിയാണ്. അദ്ദേഹം രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റി. കേരളത്തിൽ ഉൾപ്പെടെ അടിസ്ഥാന വികസന മേഖലയിൽ വലിയ മാറ്റമാണ് ഈ സർക്കാർ രാജ്യത്ത് സൃഷ്ടിച്ചത്.
 

Latest News