കോട്ടയം - യു.ഡി.എഫ് വിട്ട് രാഷ്ട്രീയ പച്ചപ്പു തേടി വഴികൾ പലത് അന്വേഷിച്ച മുൻ എം.എൽ.എ ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക്. ഇതു സംബന്ധിച്ച് പാർട്ടി അധ്യക്ഷൻ ജോസ് കെ മാണിയുമായി ജോണി നല്ലൂർ കൂടിക്കാഴ്ച നടത്തി. പാലായിലെത്തിയായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ജോണിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ജോസ് കെ മാണി പ്രതികരിച്ചു.
മാതൃസംഘടനയിലേക്കു മടങ്ങാനാകുന്നത് സന്തോഷകരമാണെന്ന് ജോണി നെല്ലൂരും മാധ്യമങ്ങളോട് പ്രതികരിച്ചു. ഉടനെ അദ്ദേഹം കേരള കോൺഗ്രസ് എം അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
നേരത്തെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്നു ജോണി നെല്ലൂർ. പിന്നീട്, അനൂപ് ജേക്കബുമായി സ്വരച്ചേർച്ചയില്ലാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോടൊപ്പം നിന്നു. മാസങ്ങൾക്കു ശേഷം അവിടെനിന്നും ബൈ ബൈ പറഞ്ഞു. തുടർന്ന് 2023 ഏപ്രിലിൽ ജോണി നെല്ലൂർ വർക്കിങ് ചെയർമാനായി നാഷനൽ പ്രോഗ്രസീവ് പാർട്ടി (എൻ.പി.പി) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുയുണ്ടായി. മുൻ ന്യൂനപക്ഷ കമ്മിഷൻ അംഗം വി.വി അഗസ്റ്റിൻ, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, കെ.ഡി ലൂയിസ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യു.ഡി.എഫ് അവഗണിച്ചുവെന്ന ആക്ഷേപവുമായാണ് അദ്ദേഹം ഇടതു മുന്നണിയോടൊപ്പമുള്ള ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.