Sorry, you need to enable JavaScript to visit this website.

കൊല്ലം സംഭവം: കച്ചവടം മുടങ്ങിയ കടയുടമക്ക് ഗവർണർ വക നഷ്ടപരിഹാരം

കൊല്ലം- എസ്.എഫ്.ഐ പ്രതിഷേധത്തിന് പിന്നാലെ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്ന് കച്ചവടം മുടങ്ങിയ കടയുടമയ്ക്ക് നഷ്ടപരിഹാരം നൽകി ഗവർണർ. ആയിരം രൂപയാണ് കടയുടമയ്ക്ക് ഗവർണറുടെ പഴ്‌സനൽ സ്റ്റാഫ് നഷ്ടപരിഹാരമായി നൽകിയത്. രണ്ടുമണിക്കൂറോളം നേരമാണ് ഗവർണർ കുത്തിയിരുപ്പ് സമരം നടത്തിയത്. നിലമേലിൽ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെയാണ് കാറിൽനിന്നു പുറത്തിറങ്ങി റോഡിലിറങ്ങി ഗവർണർ പ്രതിഷേധിച്ചത്.
ഇന്ന് രാവിലെയാണ് കൊല്ലം നിലമേലിൽ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ ഗവർങ്ങർ കാറിൽനിന്നു പുറത്തിറങ്ങി റോഡരികിലിരുന്ന്  പ്രതിഷേധിച്ചത്. ഒടുവിൽ എഫ്.ഐ.ആർ എത്തിച്ച ശേഷം ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിഷേധം അവസാനിപ്പിച്ചത്. 17 പേരെ അറസ്റ്റു ചെയ്‌തെന്നു പോലീസ് പറഞ്ഞെങ്കിലും ഏകദേശം അൻപതോളം പേരുണ്ടായിരുന്നെന്നും അവരെയെല്ലാം അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഗവർണറുടെ പ്രതിഷേധം. എഫ്.ഐ.ആർ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ എഫ്.ഐ.ആർ കണ്ടതിനു ശേഷമാണ് ഗവർണർ കാറിൽ കയറി കൊട്ടാരക്കരയിലെ പരിപാടിയിലേക്കു പോയത്. 17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തെന്നാണ് പോലീസ് പറയുന്നത്. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തിൽ പരിപാടിക്കായി ഗവർണർ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. രാവിലെ 10.45 ഓടെ ആയിരുന്നു സംഭവം. കാറിൽനിന്നിറങ്ങിയ ഗവർണർ, 'വരൂ' എന്നു പറഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു.  പോലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. 
വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി  റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിൽ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു.  കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ലെന്ന് പോലീസിനോട് ചോദിച്ചു കൊണ്ടായിരുന്നു ഗവർണറുടെ അസാധാരണമായ നീക്കം.
സംസ്ഥാന പോലീസ് മേധാവി ഗവർണറെ നേരിട്ട് ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാൻ ഗവർണർ തയാറായില്ല. ഒടുവിൽ എഫ്.ഐ.ആറിന്റെ പകർപ്പ് ചടയമംഗലം പോലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാൻ ഗവർണർ തയാറായത്. എഫ്.ഐ.ആറിലെ വിവരങ്ങൾ സ്റ്റാംഫംഗം ഗവർണറെ വായിച്ചു കേൾപ്പിച്ചു. 17 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗവർണറുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരിൽ കണ്ടതാണെന്നും എന്നാൽ 17 പേർക്കെതിരെ കേസെടുത്തത് തൽക്കാലം അംഗീകരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. പോലീസുകാരാണ് പ്രകടനക്കാരെ നിരത്തിൽ എത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പോലീസ് തന്നെ നിയമം ലംഘിക്കുകയാണെന്നും ഗവർണർ  പറഞ്ഞു.  കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവർണർ, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
 

Latest News