Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് പ്രതിഷേധിക്കുന്നത്; കാറിൽ ഇടിച്ചതുകൊണ്ടാണ് പുറത്തിറങ്ങിയത്- ഗവർണർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

കൊല്ലം-എസ്.എഫ്.ഐ കരിങ്കൊടി കാണിച്ചതിനു പിന്നലെ റോഡരികിലിരുന്ന് പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം നടത്തി. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് തനിക്കു നേരേ പ്രതിഷേധിക്കുന്നതെന്ന് ഗവർണർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. പ്രതിഷേധം അവസാനിപ്പിച്ചതിനു ശേഷമാണ് മുഖ്യമന്ത്രിയെ ഗവർണർ കടന്നാക്രമിച്ചത്. എസ്.എഫ്.ഐക്കാർ തന്റെ വാഹനത്തിൽ ഇടിച്ചതു കൊണ്ടാണ് പുറത്തിറങ്ങിയതെന്നും ഗവർണർ പറഞ്ഞു. ദൂരത്തുനിന്നു കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പറഞ്ഞതാണ്. പക്ഷേ കാറിൽ ഇടിച്ചാൽ പുറത്തിറങ്ങും. പോലീസ് പറയുന്നതുപ്രകാരം 17 പേരാണ് പ്രതിഷേധിച്ചത്. എന്നാൽ പോലീസുകാരുടെ എണ്ണം നോക്കൂ. മുഖ്യമന്ത്രി ഈ വഴി പോകുകയായിരുന്നെങ്കിൽ പോലീസുകാർ കരിങ്കൊടി പിടിച്ചവരുടെ കൂടെ നിൽക്കുമോ? അവരെ കാറിൽ ഇടിക്കാൻ സമ്മതിക്കുമോ? പോലീസുകാരെ കുറ്റം പറയുന്നില്ല. അവർക്ക് ഉന്നത തലത്തിൽനിന്നു നിർദേശമുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് നിയമലംഘനത്തിന് ചൂട്ടുപിടിക്കുന്നത്. നിയമലംഘകർക്ക് സംരക്ഷണം നൽകാൻ മുഖ്യമന്ത്രിയാണ് പോലീസുകാർക്ക് നിർദേശം നൽകിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് എനിക്കു നേരേ പ്രതിഷേധിക്കുന്നത്. സംഘടനയുടെ (എസ്.എഫ്.ഐ) പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസുണ്ട്. കരിങ്കൊടി കാണിക്കുകയും ഗവർണറുടെ കാറിൽ ഇടിക്കുകയും ചെയ്തിട്ട് തിരിച്ചുചെന്നാൽ കൂലി കിട്ടും. 17 പേരാണ് കരിങ്കൊടി കാണിച്ചതെന്നാണ് പോലീസ് പറയുന്നത്. ഞാൻ വരുന്നതിന് മുൻപ് എന്തുകൊണ്ട് അവരെ മാറ്റികൂടായിരുന്നു? മാറ്റാൻ സാധിക്കില്ല, കാരണം മുഖ്യമന്ത്രി നിർദേശിച്ചിട്ടാണ് അവർ വന്നു നിൽകുന്നത്.'' ഗവർണർ പറഞ്ഞു. ഇത് ആർക്കെതിരെയുമുള്ള പോരാട്ടമല്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയിൽ നിയമലംഘനം  വച്ചുപൊറുപ്പിക്കില്ലെന്നും ഗവർണർ പറഞ്ഞു.
 

Latest News