Sorry, you need to enable JavaScript to visit this website.

വർഗീയതക്കുള്ള ചികിത്സ വർഗ ഐക്യമെന്ന് മന്ത്രി കെ രാജൻ

കൊച്ചി- വർഗീയതയ്ക്കുള്ള യഥാർത്ഥ ചികിത്സ വർഗ ഐക്യമാണെന്ന് മന്ത്രി കെ രാജൻ. വർഗീയമായ വേർതിരിവുകളല്ല, മനുഷ്യനെന്ന ഉയർന്ന വർഗബോധമാണ് നമ്മെ നയിക്കേണ്ടത്. പിറന്ന മണ്ണിൽ അന്തസ്സും ആത്മാഭിമാനവുമുള്ള മനുഷ്യരായി ജീവിക്കുന്നതിനും ഭരണഘടന അന്യൂനം അഭംഗുരം സംരക്ഷിക്കപ്പെടുമെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്നുമുള്ള ഗ്യാരണ്ടിയാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്ന് ഗ്യാരണ്ടികളെങ്കിലും ലഭ്യമാകുമ്പോഴാണ് ഇന്ത്യയെന്ന സമഗ്രത സാക്ഷാത്കരിക്കപ്പെടുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
മതബദ്ധമായ ഒരു രാഷ്ട്രബോധത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയുടെ ഭരണഘടനയുണ്ടാക്കിയത്. രാഷ്ട്രത്തിന് മതമില്ല എന്നും ജനങ്ങൾക്ക് തങ്ങളുടെ മതവും ആചാരാനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും മുറുകെ പിടിച്ചുകൊണ്ട് സ്വാതന്ത്ര്യത്തോടെ ഇവിടെ ജീവിക്കാമെന്നുമാണ് മതനിരപേക്ഷ ഇന്ത്യ ഉയർത്തിപ്പിടിച്ച രാഷ്ട്രമൂല്യം. മതബദ്ധമായ ഒരു രാഷ്ട്രത്തിന് യാതൊരുതരത്തിലും വളരാനും വികസിക്കാനും കഴിയുകയില്ല എന്നും അതിവേഗം ആ രാഷ്ടം ഛിന്നഭിന്നമായി പോകും എന്നും കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലിയിൽ ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള 389 അംഗങ്ങൾ മനസിലാക്കിയിരുന്നു. അങ്ങനെയൊരു ദുരന്തം സമീപഭാവിയിൽ മാത്രമല്ല, വിദൂരഭാവിയിൽ പോലും ഇന്ത്യയിൽ സംഭവിക്കരുത് എന്നതായിരുന്നു അവരുടെ നിർബന്ധം. 
ഇന്ത്യയുടെ മതേതര മനസിൽ വിള്ളലുണ്ടാക്കി മനുഷ്യരെ തമ്മിൽ വിഭജിച്ച് ഒരു മതരാഷ്ട്രമാക്കി ഇന്ത്യയെ പരിവർത്തനപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി പരിവർത്തനപ്പെടുത്താനുള്ള നീക്കങ്ങളെ ഉയർന്ന ജനാധിപത്യബോധമുള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. പവിത്രമായ നമ്മുടെ ഭരണഘടനയെ വെല്ലുവിളിക്കാനും, ബഹുസ്വരതയിലും സഹിഷ്ണുതയിലും അടിയുറച്ച പൈതൃകങ്ങളെയും വൈവിധ്യമാർന്ന പാരമ്പര്യങ്ങളെയും അട്ടിമറിക്കാനും ആരെയും അനുവദിച്ചുകൂടാ. 
രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവുമാണ് ഭരണഘടന നൽകുന്ന നാല് അമുല്യരത്‌നങ്ങൾ. ഓഗസ്റ്റ് 15 നും ജനുവരി 26 നും മാത്രം ഓർക്കേണ്ടതല്ലിത്. നിരന്തരം പഠിക്കുകയും പഠിച്ചവ പുതുക്കുകയും ചെയ്യുക എന്നതാണ് ഓരോ ഇന്ത്യൻ പൗരന്റെയും ഉത്തരവാദിത്തം. 1946 ഡിസംബർ 11-ന് ജവഹർലാൽ നെഹ്‌റു ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അവതരിപ്പിച്ച ഒരു ഒബ്ജക്റ്റീവ് പ്രമേയമാണ് പിന്നീട് ഭരണഘടനയുടെ ആമുഖമായി മാറിയത്. ഇന്ത്യ എന്തായിരിക്കണമെന്ന് ഭരണഘടനയുടെ ആമുഖം വ്യക്തമാക്കുന്നു. നമ്മുടെ ജീവശ്വാസമായ ഭരണഘടന, ഇന്ത്യയെ ഒരു പരമാധികാര- സോഷ്യലിസ്റ്റ്- മതനിരപേക്ഷ-ജനാധിപത്യ, റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു. അതിന്റെ പൗരന്മാർക്ക് തുല്യനീതി, അവസരസമത്വം, സമ്പൂർണ്ണസ്വാതന്ത്ര്യം എന്നിവ ഉറപ്പുനൽകുന്നു. ഒപ്പം സാഹോദര്യം വളർത്താനും വൈവിധ്യങ്ങളെ അംഗീകരിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നു. അങ്ങനെയാണ് നമ്മുടെ ഇന്ത്യ അവിശ്വസനീയമാംവിധം പ്രഭയുള്ള ഒരു രാഷ്ട്രമായി മാറുന്നത്. ആരെങ്കിലും തിരുത്തിയെഴുതാൻ പുറപ്പെട്ടാൽ ഇല്ലാതാകുന്നതല്ല ബഹുസ്വര ഇന്ത്യയുടെ മഹത്തായ ചരിത്രവും അന്തസ്സാർന്ന പാരമ്പര്യവുമെന്നും മന്ത്രി പറഞ്ഞു.
 

Latest News