ജിദ്ദ - ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായിലിനെതിരെ അന്താരാഷ്ട്ര കോടതി പ്രഖ്യാപിച്ച വിധിയെ സ്വാഗതം ചെയ്ത് അറബ്, മുസ്‌ലിം ലോകം. ഗാസയിൽ വെടിനിർത്താൻ ഇസ്രായിലിനെ നിർബന്ധിക്കുന്നതിൽ നിന്ന് വിട്ടുനിന്ന അന്താരാഷ്ട്ര കോടതി ഫലസ്തീനികളുടെ വംശഹത്യ ലക്ഷ്യമിട്ടുള്ള ചെയ്തികളും പ്രസ്താവനകളും അവസാനിപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം വിധിച്ചത്. ഫലസ്തീനികൾക്കെതിരായ ഇസ്രായിലിന്റെ കൂടുതൽ വംശഹത്യകൾ തടയാൻ അന്താരാഷ്ട്ര കോടതി ഉത്തരവിട്ട താൽക്കാലിക നടപടികളെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര കോടതി ഉത്തരവ് പൂർണമായും തൽക്ഷണവും ഇസ്രായിൽ പാലിക്കുന്നത് ഉറപ്പാക്കാനും ഫലസ്തീനികൾക്ക് നീതി ലഭ്യമാക്കാനും സംരക്ഷണം നൽകാനും കൂട്ടവംശഹത്യ അവസാനിപ്പിക്കാനും അന്താരാഷ്ട്ര മസൂഹം ഉത്തരവാദിത്തം വഹിക്കണം. അധിനിവിഷ്ട ഫലസ്തീനിലെങ്ങും ഇസ്രായിലി ആക്രമണവും കൂട്ടവംശഹത്യയും പൂർണമായും അവസാനിപ്പിക്കാൻ രാഷ്ട്രീയപരവും നിയമപരവുമായ ശ്രമങ്ങൾ തുടരണം. ഗാസയിൽ പര്യാപ്തവും സുസ്ഥിരവുമായ നിലക്ക് റിലീഫ് വസ്തുക്കൾ അടിയന്തിരമായി എത്തിക്കണം. ഇസ്രായിലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് നൽകിയ ദക്ഷിണാഫ്രിക്കക്ക് ഒ.ഐ.സി നന്ദി പറഞ്ഞു.
ഇസ്രായിലിനെതിരായ അന്താരാഷ്ട്ര കോടതി വിധി ഗാസയിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായിലിന്റെ ക്രൂരമായ കുറ്റകൃത്യങ്ങൾ സ്ഥിരീകരിക്കുന്നതായി ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി പറഞ്ഞു. അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയിൽ ഇസ്രായിലിന്റെ കുറ്റകൃത്യങ്ങൾ സൂക്ഷ്മമായി ഡോക്യുമെന്റ് ചെയ്തതിനെ ജി.സി.സി സെക്രട്ടറി ജനറൽ പ്രശംസിച്ചു. ഈ കേസിൽ തുടർ നടപടികൾ സ്വീകരിക്കാനും ഭാവിയിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കോടതിയുടെ തീരുമാനത്തെയും ജാസിം അൽബുദൈവി അഭിനന്ദിച്ചു.
നിരപരാധികളായ സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുമായും കൺവെൻഷനുകളുമായും അന്താരാഷ്ട്ര കോടതി വിധി പൊരുത്തപ്പെട്ടുപോകുന്നു. ആശുപത്രികൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ആക്രമണങ്ങൾ നടത്തി നിരായുധരായ പതിനായിരക്കണക്കിനാളുകളെ കൊലപ്പെടുത്തിയതിലൂടെ അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷനുകളളും ഇസ്രായിൽ ലംഘിച്ചിരിക്കുകയാണ്. കോടതി വിധി ഇസ്രായിൽ പാലിക്കുന്നത് അന്താരാഷ്ട്ര സമൂഹം ഉറപ്പാക്കണമെന്നും ഗാസയിലെ ക്രൂരമായ ഇസ്രായിലി സൈനിക ആക്രമണങ്ങളും ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കുന്നതും അവസാനിപ്പിക്കണമെന്നും മാന്യമായ ജീവിതത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും അവർക്ക് നൽകണമെന്നും ജാസിം അൽബുദൈവി ആവശ്യപ്പെട്ടു.
സൗദി അറേബ്യ അടക്കം നിരവധി അറബ്, മുസ്‌ലിം രാജ്യങ്ങളും അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര കോടതി വിധിയെ സൗദി അറേബ്യ പിന്തുണക്കുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. കൂട്ടവംശഹത്യയുമായി ബന്ധപ്പെട്ട യു.എൻ കരാർ ഇസ്രായിൽ ലംഘിക്കുന്നതിനെയും ഫലസ്തീനികൾക്കെതിരായ ഇസ്രായിൽ ആക്രമണങ്ങളെയും പൂർണമായും നിരാകരിക്കുന്നു. ഗാസയിൽ ഇസ്രായിൽ തുടരുന്ന നിയമ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് നൽകി ദക്ഷിണാഫ്രിക്ക നടത്തിയ ശ്രമങ്ങളെ പ്രശംസിക്കുന്നു. ഗാസയിൽ വെടിനിർത്തൽ നടപ്പാക്കാനും ഫലസ്തീനികൾക്ക് സംരക്ഷണം നൽകാനും, അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ആസൂത്രിതമായി ലംഘിക്കുന്നതിന് ഇസ്രായിലിനോട് കണക്കു ചോദിക്കാനും അന്താരാഷ്ട്ര സമൂഹം കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര കോടതി വിധിയെ അറബ് പാർലമെന്റും സ്വാഗതം ചെയ്തു. എന്നാൽ വെടിനിർത്തൽ നടപ്പാക്കാതെ വംശഹത്യ തടയാനും ഫലസ്തീനികൾക്ക് അടിയന്തിര റിലീഫ് വസ്തുക്കൾ എത്തിക്കാനും എങ്ങിനെ താൽക്കാലിക മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് അറബ് പാർലമെന്റ് ആരാഞ്ഞു. ഗാസയിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെടുന്ന വിധിയാണ് അന്താരാഷ്ട്ര കോടതി പ്രഖ്യാപിക്കേണ്ടിയിരുന്നത്. ഇസ്രായിൽ നടത്തുന്നത് കൂട്ടവംശഹത്യയാണെന്ന് അന്താരാഷ്ട്ര കോടതി വ്യക്തമായി വിശേഷിപ്പിക്കേണ്ടിയിരുന്നു. നാലു മാസമായി ഇസ്രായിൽ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ലോകം ദിനേന സാക്ഷ്യംവഹിക്കുന്നു. ഇസ്രായിലി ആക്രമണങ്ങളിൽ ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അന്താരാഷ്ട്ര കോടതി വിധി അനുസരിച്ച മുഴുവൻ മുൻകരുതലുകളും ഉടനടി പാലിക്കാൻ ഇസ്രായിലിനെ അന്താരാഷ്ട്ര സമൂഹം നിർബന്ധിക്കണം. യു.എന്നിനു കീഴിലെ ജുഡീഷ്യൽ സംവിധാനം അംഗീകരിച്ച മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിന് നിർബന്ധിക്കാൻ രാഷ്ട്രീയപരവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ രക്ഷാസമിതി നിറവേറ്റണമെന്നും അറബ് പാർലമെന്റ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര കോടതി വിധി ഇസ്രായിൽ ഉടനടി പാലിക്കുന്നത് തുർക്കി കാത്തിരിക്കുകയാണെന്ന് തുർക്കി വിദേശ മന്ത്രാലയം പറഞ്ഞു. ഫലസ്തീനിൽ രക്തച്ചൊരിച്ചിൽ നിർത്താനുള്ള പ്രധാന അവസരമാണ് അന്താരാഷ്ട്ര കോടതി പ്രഖ്യാപിച്ച നടപടികൾ. അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രായിൽ, ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവമായ പരിഹാരമുണ്ടാകാതെ മധ്യപൗരസ്ത്യദേശത്ത് ശാശ്വതമായ സമാധാനവും സുരക്ഷയുമുണ്ടാകില്ലെന്നും തുർക്കി വിദേശ മന്ത്രാലയം പറഞ്ഞു.
ശിക്ഷയിൽ നിന്ന് ഇസ്രായിൽ രക്ഷപ്പെടുന്ന കാലം കഴിഞ്ഞെന്നാണ് അന്താരാഷ്ട്ര കോടതി വിധി സ്ഥിരീകരിക്കുന്നതെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് അശ്തയ്യ പറഞ്ഞു. ഇസ്രായിലിനെ സഹായിക്കുന്ന രാജ്യങ്ങൾ ഇസ്രായിലിനുള്ള പിന്തുണയും സഹായവും അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര കോടതി വിധി ആവശ്യപ്പെടുന്നതായും ഫലസ്തീൻ പ്രധാനമന്ത്രി പറഞ്ഞു.