പൊന്നാനി-ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് സി.പി.എം. ലീഗ് പോര് രൂക്ഷമായതോടെ പാലപ്പെട്ടിയിൽ ആയുഷ് ഹോളിസ്റ്റിക് സെൻറർ നിർമ്മാണം നിർത്തിവച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന സെന്ററിന്റെ നിർമ്മാണമാണ് നിർത്തിവെച്ച് കരാറുകാരൻ സ്ഥലം വിട്ടത്. പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെയും, മുസ്്‌ലിം ലീഗിന്റെയും നേതാക്കൾ തമ്മിലുള്ള കടുത്ത പോർവിളിയാണ് നിർമ്മാണം നിർത്താൻ കാരണമായത്. വർഷംതോറും ഒരു ലക്ഷം രൂപ വാടക നൽകിയാണ് നിലവിൽ അയിരൂരിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ സെന്റർ പ്രവർത്തിച്ചു വരുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ അഷറഫ് ആലുങ്ങലിന്റെ നേതൃത്വത്തിലാണ് എം.പി ഫണ്ടിൽ നിന്ന് മൂന്നുമാസം മുമ്പ് 30 ലക്ഷം രൂപ അനുവദിച്ചത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ടെണ്ടർ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ഡിസംബറിൽ കരാറുകാരനെ ഏൽപ്പിച്ചിരുന്നു. പഞ്ചായത്തിനെ രേഖാമൂലം അറിയിക്കാതെ ലീഗ് നേതാക്കളുടെയും, പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി ശിലാസ്ഥാപനം നടത്തിയതാണ് പഞ്ചായത്ത് ഭരണ സമിതിയെ രോഷം കൊള്ളിച്ചത്. പഞ്ചായത്തിന്റെ സ്ഥലത്ത് അതിക്രമിച്ചു കയറിയാണ് ശിലാസ്ഥാപനം നടത്തിയത് എന്നാണ് പഞ്ചായത്ത് ഭരണസമിതി ആരോപണം. ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് ശിലാസ്ഥാപനം നടത്തിയതെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പെരുമ്പടപ്പ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പരാതി പ്രകാരം ഇ .ടി. മുഹമ്മദ് ബഷീർ എം.പി കൂടി സ്ഥലത്ത് ഉണ്ടായതിനാൽ ഏത് രീതിയിൽ കേസെടുക്കണമെന്ന ആലോചനയിലാണ് പോലീസ്. രാഷ്ട്രീയ പാർട്ടികളുടെ തർക്കം മൂലം ഹോളിസ്റ്റിക് സെൻറർ നിർമ്മാണം നിർത്തിവെച്ച് കരാറുകാരൻ സ്ഥലം വിട്ടിരിക്കുകയാണ്. കരാറുകാരന്റെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപനം നടത്തിയതെന്നും ഗേറ്റിന്റെ പൂട്ട് പൊളിച്ചിട്ടില്ലെന്നും മുസ്്‌ലിം ലീഗ് നേതാക്കൾ പറയുന്നത്. അതേസമയം സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അടുത്ത ദിവസം ആയുഷ് ഹോളിസ്റ്റിക് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തുമെന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചു.