Sorry, you need to enable JavaScript to visit this website.

ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

ജിദ്ദ-വിമാന സര്‍വീസുകള്‍ സെര്‍ച്ച് ചെയ്യുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും  വിവിധ ട്രാവല്‍ ആപ്പുകളും വെബ് സൈറ്റുകളും ഉപയോഗിക്കുന്ന പ്രവാസികള്‍ ചതിയില്‍ കുടുങ്ങുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. നാട്ടിലേക്കും മറ്റും ഏറ്റവും കുറഞ്ഞ് നിരക്ക് ലഭ്യമാക്കാന്‍ ധാരാളം ട്രാവല്‍ ആപ്പുകളും വെബ് സൈറ്റുകളുമാണ് രംഗത്തുള്ളത്.
ഇത്തരം ട്രാവല്‍ ആപ്പുകള്‍ കാണിച്ചു തരുന്ന ട്രാവല്‍ വെബ്‌സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ചീപ്പസ്റ്റ് ഫെയറില്‍ വിശ്വസിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവരാണ് ചതിയില്‍ പെടുന്നത്. റിട്ടേണ്‍ ടിക്കറ്റ് അടക്കം കണ്‍ഫേം ചെയ്തുവെന്ന് അറിയിച്ച് മുഴുവന്‍ നിരക്കും ഈടാക്കിയ ശേഷം വണ്‍വേ ടിക്കറ്റ് മാത്രം നല്‍കുന്നതാണ് ഒരു തട്ടിപ്പ്. ചിലര്‍ക്ക് ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് തുക പോയാലും ടിക്കറ്റ് തന്നെ ലഭിക്കുന്നില്ല. ചീപ്പസ്റ്റ് ഫെയര്‍ വാഗ്ദാനം ചെയ്ത് എട്ടും പത്തും വെബ് സൈറ്റുകളാണ് ട്രാവല്‍ ആപ്പുകള്‍ നിര്‍ദേശിക്കാറുള്ളത്.
വിവധ എയര്‍ലൈന്‍സുകളുടെ ടിക്കറ്റുകള്‍ ലഭ്യമാക്കുന്ന ഏജന്‍സികളില്‍ പലതും രാജ്യത്തിന് പുറത്തായതിനാല്‍ പരാതി നല്‍കാനോ തുക റീഫണ്ട് ചെയ്യിക്കാനോ സാധിക്കുന്നില്ല. യാത്രക്കാര്‍ തട്ടിപ്പുകള്‍ക്കിരയായ സംഭവങ്ങളില്‍ എയര്‍ലൈനുകള്‍ കൈമലര്‍ത്തുകയും ചെയ്യുന്നു.


സൗദിയില്‍ വാഹനമിടിച്ച് പരിക്കേറ്റ മലയാളി നഴ്‌സ് അപകടനില തരണം ചെയ്തു

 



ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്ക് മൈ ടിക്കറ്റ്‌സ് എന്ന ഏജന്‍സി വഴി റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്ത കോതമംഗലം സ്വദേശി  യൂനുസ് എസ്.എം ദുരനുഭവം പങ്കുവെക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി 1628 റിയാല്‍ നല്‍കി ടിക്കറ്റ് വാങ്ങിയ യൂനുസ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സൈറ്റില്‍ പിഎന്‍ആര്‍ നല്‍കി പരിശോധിച്ചപ്പോള്‍ ദമാമില്‍നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്. തിരിച്ച് ദമാമിലേക്കുള്ള ടിക്കറ്റ് ഇല്ലായിരുന്നു. ഉടന്‍ തന്നെ ഇ മെയില്‍ വഴി ബന്ധപ്പെട്ടപ്പോള്‍ മൈ ടിക്കറ്റ്‌സ് കസ്റ്റമര്‍ കെയര്‍ വിചിത്രമായ മറുപടികളാണ് നല്‍കിയത്. എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ് വഴിയാണ് ടിക്കറ്റ് ഇഷ്യു ചെയ്തതെന്നും റിട്ടേണ്‍ ടിക്കറ്റ് കോഡ്‌ഷെയര്‍ വിമാനത്തിലായതിനാലാകാം കാണിക്കാത്തതെന്നായിരുന്നു മറുപടി. എയര്‍ ഇന്ത്യയുടെ ചാര്‍ട്ടര്‍ വിമാനമായതിനാല്‍ അവരുടെ സൈറ്റില്‍ ബുക്കിംഗ് മാറ്റാനോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാനോ സാധിക്കില്ലെന്നായിരുന്നു മറ്റൊരു മെയിലിന് മറുപടി നല്‍കിയത്.
തിരിച്ചുള്ള യാത്രയെ കുറിച്ചുള്ള അനിശ്ചിതത്വവുമായാണ് യൂനുസ് നാട്ടിലേക്ക് പോയത്. നേരത്തെ തന്നെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെങ്കില്‍ താന്‍ മടക്ക യാത്രക്കുവേണ്ടി എയര്‍പോര്‍ട്ടിലെത്തി മടങ്ങേണ്ടി വരുമായിരുന്നുവെന്ന് യൂനുസ് മലയാളം ന്യൂസിനോട് പറഞ്ഞു. ദമാമില്‍ തിരിച്ചെത്തിയ ശേഷവും ഏജന്‍സിക്ക് മെയില്‍ അയച്ചുവെങ്കിലും  തീര്‍ത്തും മറുപടി ലഭിക്കാതായെന്ന് അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മടക്ക ടിക്കറ്റില്ലെന്ന് മനസ്സിലാക്കി നേരത്തെ തന്നെ മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്തതിനാലാണ് യാത്ര മുടങ്ങാതിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന മൈ ട്രിപിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലണ്ടന്‍ ആസ്ഥാനമായി വിലാസം നല്‍കിയിരിക്കുന്ന കമ്പനിക്കെതിരെ ധാരാളം പരാതികളും മോശം റിവ്യൂകളുമാണ് കാണാന്‍ കഴിഞ്ഞത്. ചീപ്പസ്റ്റ് റേറ്റ് തേടി ധാരാളം പ്രവാസികളാണ് ട്രാവല്‍ ആപ്പുകളെ ആശ്രയിക്കുന്നതെന്നും തന്റെ ദുരനുഭവം ജാഗ്രത പുലര്‍ത്താന്‍ എല്ലാവര്‍ക്കും പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബുക്ക് ചെയ്ത റിട്ടേണ്‍ ടിക്കറ്റ് അധികം വൈകാതെ തന്നെ ക്യാന്‍സല്‍ ചെയ്ത് റീഫണ്ട് ചെയ്തിരിക്കാനാണ് സാധ്യത. അതുകൊണ്ടുന്നെ ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗത്തുനിന്ന് ഒന്നും ചെയ്യാനില്ല.
ഏതോ രാജ്യത്തിരുന്ന് ഇത്തരം ആപ്പുകളിലൂടെ ടിക്കറ്റ് ബുക്കിംഗ് നടത്തുന്ന കമ്പനികള്‍ ഉപയോക്താക്കള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ മറ്റു തട്ടിപ്പുകള്‍ക്കും ഉപയോഗിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഓണ്‍ലൈനായി ടിക്കറ്റ് പര്‍ച്ചേസ് ചെയ്യാന്‍ എല്ലാ എയര്‍ലൈന്‍സ് വെബ് സൈറ്റുകളിലും സൗകര്യമുണ്ടെങ്കിലും അതേക്കാളും പത്തും അമ്പതും റിയാല്‍ ലാഭത്തില്‍ ടിക്കറ്റ് വാങ്ങാന്‍ കഴിയുമെന്നതാണ് പ്രവാസികള്‍ ട്രാവല്‍ ആപ്പുകളേയും രാജ്യത്തിനു പുറത്തുള്ള ഏജന്‍സികളേയും ആശ്രയിക്കുന്നത്.
ആപ്പുകളും സൈറ്റുകളും വഴി വിമാന ടിക്കറ്റ് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ തങ്ങള്‍ തെരഞ്ഞെടുക്കുന്നത് ക്രെഡിബിലിറ്റിയുള്ള ഏജന്‍സികളാണെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. പത്തും ഇരുപതും റിയാലിനുവേണ്ടി ഇത്തരം സൈറ്റുകള്‍ക്ക് പിറകെ പോകുന്നത് വലിയ അപടകമാണെന്നാണ് എയര്‍ലൈനുകളില്‍ ജോലി ചെയ്യുന്ന മലയാളി ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശം. ഓണ്‍ലൈന്‍ ടിക്കെറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എയര്‍ലൈനുകളുടെ സൈറ്റുകള്‍ തന്നെ ആശ്രയിക്കുന്നതാണ് ഉചിതം. സൗദി അറേബ്യക്കകത്തുള്ള ട്രാവല്‍ ഏജന്‍സികളാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ കുടുങ്ങി യാത്ര മുടങ്ങാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും വളരെ വേഗത്തില്‍ തന്നെ എയര്‍ ലൈനുകള്‍ക്ക് ഇടപെടാന്‍ കഴിയും.

 

Latest News