ജിദ്ദ- ജിദ്ദ കോർണിഷിൽ ഇന്ന്(വെള്ളി)ഉച്ചയോടെ ശക്തമായ കാറ്റിൽ തിരമാല ആഞ്ഞടിച്ചത് രണ്ടര മീറ്ററോളം ഉയരത്തിൽ. തിരമാലകൾ കോർണിഷിലെ നടപ്പാതയിൽ വരെ എത്തുകയും റോഡിലേക്ക് വെള്ളം കയറുകയും ചെയ്തു. കോർണിഷ് റോഡ് മണിക്കൂറുകളോളം ട്രഫിക് വിഭാഗം അടച്ചിട്ടിരുന്നു. രാത്രി വൈകിയാണ് റോഡ് തുറന്നത്. ഫക്കീഹ് അക്വേറിയത്തിന്റെ ഭാഗത്തുനിന്ന് കിഴക്കു ഭാഗത്തേക്കുള്ള ഗതാഗതമാണ് നിർത്തിവെച്ചിരുന്നത്. ഇത് വീണ്ടും തുറന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു.
തിരമാലകൾ ആഞ്ഞടിച്ചതിനെ തുടർന്ന് വൃത്തിഹീനമായ നടപ്പാതകൾ ജിദ്ദ മുനിസിപ്പാലിറ്റിയിലെ ഫീൽഡ് ടീമുകൾ ശുചീകരിച്ചതായി ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ബഖ്മി പറഞ്ഞു. തകർന്ന സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
തിരമാലകളുടെ ഉയരം രണ്ടര മീറ്റർ വരെ ഉയരത്തിൽ എത്തിയിരുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ-ഖഹ്താനി സ്ഥിരീകരിച്ചു. ഇത്തരം ഘട്ടങ്ങളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കടൽത്തീരങ്ങളിലും മറ്റും പോകുന്നവർ ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരമാലകൾ ഇത്രയും ഉയർത്തിൽ അടിക്കുന്നത് അപൂർവ്വമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിദ്ദയിൽ ഇന്ന് അനുഭവിക്കുന്ന താഴ്ന്ന താപനില പ്രതീക്ഷിച്ചതാണെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ വെതർ ആൻഡ് ക്ലൈമറ്റ് പ്രവചനങ്ങൾ ഡയറക്ടർ ജനറൽ ഹംസ കുമി കൂട്ടിച്ചേർത്തു. ഇന്ന് രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ താപനില കിഴക്കിനേക്കാൾ കുറവാണ്.
അതേ സമയം, മക്ക മേഖലയിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ ഹൈവേയിലൂടെ വാഹനമോടിക്കുന്നവരോടും കടൽത്തീരത്ത് പോകുന്നവരോടും ജാഗ്രത പാലിക്കാനും വെള്ളപ്പൊക്കവും നീർത്തട പ്രദേശങ്ങളും ഒഴിവാക്കാനും ആവശ്യപ്പെട്ടു. മേഖലയിലെ ഗവർണറേറ്റുകളിൽ അടുത്ത തിങ്കളാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. മക്ക, തായിഫ്, മെയ്സാൻ, അദം, അൽ-ജമൂം, ഖുലൈസ്, അൽ-കാമിൽ എന്നീ സ്ഥലങ്ങളിലും മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ജിദ്ദ, റാബിഗ്, അൽ-ലൈത്ത്, അൽ-ഖുൻഫുദ ഗവർണറേറ്റുകളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. ഉയർന്ന തിരമാലകളും പ്രതീക്ഷിക്കുന്നു. വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങളും കാലാവസ്ഥാ മുന്നറിയിപ്പുകളും എല്ലാവരും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)