തിരുവനന്തപുരം- ഗവര്‍ണര്‍ നടത്തിയ റിപ്പബ്ലിക് ദിന വിരുന്നില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ടുനിന്നു. ഇന്ന് വൈകിട്ട് 6.30ഓടെ രാജ് ഭവനില്‍ സംഘടിപ്പിച്ച വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ മാത്രമാണ് പങ്കെടുത്തത്. എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ക്കെല്ലാം ക്ഷണമുണ്ടായിരുന്നു.
പത്മ പുരസ്‌കാരം ലഭിച്ച ബി.ജെ.പി നേതാവ് ഒ. രാജഗോപാലിനെ ഗവര്‍ണര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. വിരുന്നിലെ മേളം കലാകാരന്മാര്‍ക്കൊപ്പം ചെണ്ട കൊട്ടി ഗവര്‍ണര്‍ വിരുന്ന് ആഘോഷിച്ചു.
ഇന്ന് റിപ്പബ്ലിക്ക് ദിന പരേഡില്‍ പതാക ഉയര്‍ത്താന്‍ എത്തിയപ്പോള്‍ അടുത്തടുത്ത് ഇരുന്നിട്ടും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം ഗൗനിച്ചില്ല. പിന്നീട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി വി. ശിവന്‍കുട്ടിയും ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു.