Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി റിയാസ് ഉപയോഗിച്ചത് സ്വകാര്യ കമ്പനിയുടെ ജീപ്പ്

കോഴിക്കോട്- റിപ്പബ്ലിക് ദിന പരേഡിന് സർക്കാരിന്റെ തുറന്ന ജീപ്പ് ലഭിക്കാത്തതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉപയോഗിച്ചത് സ്വകാര്യ കരാറുകാരന്റ വാഹനം. പോലീസ് വാഹനം ഉപയോഗിക്കുന്നതാണ് തുടർന്നു വരുന്ന രീതി. മാവൂർ കൈരളി കൺസക്ഷൻസിന്റെ തുറന്ന ജീപ്പ് പരേഡിൽ അഭിവാദ്യം സ്വീകരിക്കാൻ മന്ത്രി ഉപയോഗിച്ചത്.

ഭരണഘടനാ മൂല്യങ്ങൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. ഏഴര പതിറ്റാണ്ട് പാരമ്പര്യമുള്ള ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഇന്ത്യയാക്കുന്നത് നമ്മുടെ ഭരണഘടനയാണ്. അത് രാജ്യത്തിന്റെ ജീവവായുവാണ്.   ഫെഡറൽ സംവിധാനങ്ങളാണ് നമ്മുടെ കരുത്ത്.  ഭരണഘടനയുടെ ആമുഖം വായിച്ച മന്ത്രി ആമുഖത്തേക്കുറിച്ച് ഭരണഘടനാ ശിൽപ്പി ഡോ അംബേദ്കർ പറഞ്ഞത് ഓർമിപ്പിച്ചു.  മഹാത്മാഗാന്ധി നിത്യതയിൽ ഉറങ്ങുന്ന രാജ്‌ഘട്ടിലെ കെടാദീപമാണ് മുന്നോട്ട് നയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.  വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച മന്ത്രി 28 പ്ലറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. കോഴിക്കോട് റൂറൽ എ.എസ്.പി അങ്കിത് സിംഗ് പരേഡ് കമാൻഡറും കോഴിക്കോട് സിറ്റി ഹെഡ്ക്വാർട്ടേഴ്‌സ് സബ് ഇൻസ്‌പെക്ടർ മുരളീധരൻ പി സെക്കന്റ്‌ പരേഡ് കമാൻഡറുമായിരുന്നു.

മേയർ ബീന ഫിലിപ്പ്, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, എം കെ രാഘവൻ എം.പി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കലക്ടർ ഹർഷിൽ ആർ മീണ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ.ഡി.എം സി മുഹമ്മദ്‌ റഫീഖ്, കോഴിക്കോട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംബന്ധിച്ചു. പോലീസ്, അഗ്നിശമന സേന, ഫോറസ്റ്റ്, എക്സൈസ്, അഗ്നിശമന സേനയുടെ സിവിൽ ഡിഫെൻസ്, , എൻ.സി.സി, എസ്‌.പി.സി, സ്കൗട്ട്, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ടീം കേരള യുവജന സന്നദ്ധസേന ഉൾപ്പെടെ 28 പ്ലറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. സിറ്റി പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് മികച്ച പരേഡിനുള്ള ട്രോഫി മന്ത്രി മുഹമ്മദ്‌ റിയാസിൽ നിന്നു ഏറ്റുവാങ്ങി. എസ്.പി.സി കോഴിക്കോട് സിറ്റിയുടെ മൂന്നാമത്തെ പ്ലറ്റൂൺ വിദ്യാർത്ഥികളുടെ മികച്ച പരേഡിനുള്ള അവാർഡും ഏറ്റുവാങ്ങി.

വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത-ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അർഹരായ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജിഎച്ച്എസ്എസ്സ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌ പ്ലസ് വൺ വിദ്യാർത്ഥി ധ്യാൻ വി, സിൽവർ ഹിൽസ് ഹയർസെക്കണ്ടറി സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ചാരു നൈനിക എൽ, നല്ലൂർ ജിജിയുപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദികേശ് പി, പറയഞ്ചേരി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മണി പി എന്നിവരെയാണ് പുരസ്‌കാരം നൽകി ആദരിച്ചത്.

Latest News