ഇടുക്കി - പെൻഷൻ കിട്ടാത്തതിനാൽ അടിമാലിയില്‍ യാചനാ സമരം നടത്തിയ മറിയക്കുട്ടിക്ക് കെ പി സി സി വാഗ്ദാനം ചെയ്ത ഭവനമൊരുങ്ങുന്നു. അടിമാലി ഇരുന്നൂറേക്കറിലാണ് വീട് നിര്‍മ്മിക്കുന്നത്. തറക്കല്ലിടല്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വ്വഹിച്ചു. മറിയക്കുട്ടിയുടെ വേറിട്ട പ്രതിഷേധം സംസ്ഥാനത്താകെ ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു മറിയക്കുട്ടിക്കായി വീട് നിര്‍മ്മിച്ച് നല്‍കുമെന്ന കെ.പി.സി.സിയുടെ പ്രഖ്യാപനം ഉണ്ടായത്. മറിയക്കുട്ടിയുടെ മകളുടെ പേരിലുള്ള ഇരുന്നൂറേക്കറിലെ സ്ഥലത്താണ് പുതിയതായി വീട് നിര്‍മ്മിക്കുന്നത്.ഇവിടുണ്ടായിരുന്ന പഴയ വീട് പൊളിച്ച് നീക്കി തറയുടെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചു.വീട് നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ആദ്യഗഡു കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ കൈമാറി.
കെ പി സി സി നല്‍കുന്ന 5 ലക്ഷം രൂപക്ക് മുകളില്‍ ചിലവ് വരുന്ന തുക, നിര്‍മ്മാണ ചുമതല വഹിക്കുന്ന അടിമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഏറ്റെടുക്കും. അടിമാലിയില്‍ നടന്ന ചടങ്ങില്‍ കെ പി സി സി മുന്‍ വൈസ് പ്രസിഡന്റ് എ കെ മണി, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, പി വി സ്‌കറിയ, സോളി ജീസസ്, ബാബു പി കുര്യാക്കോസ്, ഡി കുമാര്‍, ജി മുനിയാണ്ടി, കെ ഐ ജീസസ്, എസ് വിജയകുമാര്‍ പങ്കെടുത്തു.