പതുക്കെ പതുക്കെ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ അനുപാതം കുറഞ്ഞുവരും. അധികം താമസിയാതെ വൃദ്ധരുടെ സ്വന്തം നാടായി കേരളം മാറും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ അവരുടെ ജീവിതം അരക്ഷിതമാകും. മിക്കവാറും യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇൻഷുറൻസും മറ്റു സർക്കാർ സഹായങ്ങളുമുള്ളതിനാൽ വൃദ്ധരുടെ ജീവിതം സുരക്ഷിതമാണ്. അവർക്ക് സഹായത്തിനു ആരോഗ്യപ്രവർത്തകരെ നിയമിക്കാനുള്ള സൗകര്യങ്ങളുണ്ട്. അങ്ങനെയാണല്ലോ അവിടത്തെ ആശുപത്രികളിലും വൃദ്ധസദനങ്ങളിലും വീടുകളിലും ഇവിടത്തെ ആരോഗ്യപ്രവർത്തകർക്ക് വ്യാപകമായി ജോലി ലഭിക്കുന്നത്, നമ്മുടെ അവസ്ഥ പക്ഷെ അതാകില്ലല്ലോ.
രാമക്ഷേത്ര പ്രതിഷ്ഠാ കോലാഹലങ്ങൾക്കിടയിൽ കഴിഞ്ഞ ദിവസം കേരളത്തെ കുറിച്ച് നടന്ന ഒരു വിവാദം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി. യുവജനങ്ങൾ വ്യാപകമായി കേരളം വിടുന്നുവെന്ന് മുഖ്യമന്ത്രിയുടേയും പ്രതിപക്ഷനേതാവിന്റേയും സാന്നിധ്യത്തിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിന്റെ പ്രസ്താവനയാണ് ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ നാട്ടിൽ ജീവിതം വിജയിപ്പിക്കാൻ കഴിയില്ലെന്ന തോന്നലാണ് യുവജനങ്ങൾക്കെന്നും അതങ്ങെനയല്ല, ഇവിടെ ജീവിച്ചു വിജയിക്കാൻ കഴിയുന്ന സാഹചര്യമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ വിഷയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ മുഖ്യമന്ത്രി കണ്ടോ എന്നു സംശയമാണ്. പുറത്ത് പോയി പഠിക്കണമെന്ന കുട്ടികളുടെ ആഗ്രഹത്തിന് മാതാപിതാക്കൾ വഴങ്ങുന്ന കാലമാണിതെന്നും അവരെ എങ്ങനെ ഇവിടെ നിലനിർത്താമെന്ന് സർക്കാർ ആലോചിച്ച് വരികയാണെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിവരികയാണ്. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് ലക്ഷ്യം കണ്ടെന്ന് വരില്ല. പക്ഷേ മാറ്റങ്ങളുണ്ടാകും നമ്മുടെ നാട് ജീവിക്കാൻ പറ്റാത്ത നാടല്ല എന്നെല്ലാം പറഞ്ഞ അദ്ദേഹം മറ്റൊന്നു കൂടി കൂട്ടിച്ചേർത്തു. വിദേശത്ത് പോയവർ പോലും കോവിഡ് സമയത്ത് കേരളത്തിലേക്കാണ് മടങ്ങിയെത്തിയതത്രെ. അവർ പിന്നെ മറ്റെവിടെയാണ് പോകുക? ലോകം മുഴുവൻ ഏറെക്കുറെ അങ്ങനെ തന്നെയായിരുന്നില്ലേ?
ഏതാനും മാസം മുമ്പ് യൂറോപ് പര്യടനം കഴിഞ്ഞുവന്ന പിണറായി പറഞ്ഞത് മറ്റൊന്നായിരുന്നു. കേരളത്തിൽനിന്നുളള ആരോഗ്യപ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യു.കെ യിലേയ്ക്ക് തൊഴിൽ കുടിയേറ്റവും വിദ്യാർത്ഥികൾക്ക് പഠന അവസരങ്ങളും സാധ്യമാക്കുന്നതിനുള്ള അർത്ഥവത്തായ ഇടപെടൽ സാധ്യമായി എന്നായിരുന്നു അത്. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നും ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി 3000 ലധികം ഒഴിവുകളിലേക്ക് തൊഴിൽ സാധ്യത തെളിയുമെന്നും അടുത്ത മൂന്ന് വർഷത്തേക്ക് യുകെയിൽ 42,000 നഴ്‌സുമാരെ ആവശ്യം വരുമെന്നും ഈ സാധ്യത പ്രയോജനപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
സത്യത്തിൽ എത്രയോ പതിറ്റാണ്ടുകളായി മലയാളി ആരംഭിച്ചതാണ് കുടിയേറ്റവും പ്രവാസവും. കുടിയേറുന്ന പ്രദേശങ്ങൾ മാറികൊണ്ടിരിക്കുന്നു എന്നു മാത്രം. മലേഷ്യ, സിലോൺ, സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിലേക്ക് കുട്ിയേറിയവരുടെ അനന്തരതലമുറകളെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കാണാമല്ലോ. തുടർന്ന് കറാച്ചി, മുംബൈ, കൽക്കട്ട, ചെന്നൈ പോലുള്ള നഗരങ്ങളിലേക്കായി കുടിയേറ്റം. പിന്നത്തെ കുടിയേറ്റം എല്ലാവർക്കുമറിയുന്നപോലെ ഗൾഫിലേക്കായി. ഇതുവരെയുള്ള മലയാളിയുടെ കുടിയേറ്റ ചരിത്രത്തിൽ ഏറ്റവും പ്രധാനം അതുതന്നെ. ഇക്കാലത്തുതന്നെ അമേരിക്കയിലേക്കും കാനഡയിലേക്കും യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കുമൊക്കെ കുടിയേറ്റം ആരംഭിച്ചിരുന്നു. പ്രധാനമായും നഴ്സുമാർ തന്നെ. പിന്നാലെ മറ്റു തൊഴിൽ മേഖലകളിലുള്ളവരും പോകാനാരംഭിച്ചു. ബാംഗ്ലൂർ വഴി ഈ രാജ്യങ്ങളിലേക്ക് നിരവധി ഐടി വിദഗ്ധർ പറന്നു. ഇപ്പോഴിതാ ജോലികൾക്കു മാത്രമല്ല, വിദ്യാഭ്യാസത്തിനായും ആയിരങ്ങൾ ഈ രാജ്യങ്ങളിലേക്കു പോകുന്നു. മുൻകാല കുടിയേറ്റങ്ങളുടെ തുടർച്ച ഇതിനുണ്ടങ്കിലും കാതലായ ഒരു വ്യത്യാസം കൂടിയുണ്ട്. ഇത് അക്ഷരാർത്ഥത്തിൽ കുടിയേറ്റമാണ് എന്നതാണത്. ഈ രാജ്യങ്ങളിലേക്കു പോകുന്നവർ മിക്കവാറും അവിടെതന്നെ സ്ഥിര താമസമാകുന്നു. അതിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്തു വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതൽ വീടുകൾ പൂട്ടിക്കിടക്കുന്നു.
കേരളം യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമാണ് എന്നൊക്കെ കൊട്ടിഘോഷിക്കുന്നവരാണല്ലോ നമ്മൾ. എന്നാൽ യാഥാർത്ഥ്യം എത്ര അകലെയാണ്. നമ്മുടെ കൗമാരക്കാരേയും ചെറുപ്പക്കാരേയും പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെയില്ല എന്നതു തന്നെയാണ് യാഥാർത്ഥ്യം.
ഇവിടെ ഉയർന്ന വേതനമുണ്ടെന്ന പ്രചാരണവും മിഥ്യയാണ്. ദിവസത്തൊഴിലുകാർക്ക് ഭേദപ്പെട്ട വേതനമുണ്ട്. പക്ഷെ അവരിൽ മിക്കവർക്കും എന്നും തൊഴിലില്ല. മറ്റ് ആനുകൂല്യങ്ങളില്ല. ആ മേഖലകളിൽ ഇപ്പോൾ കൂടുതൽ ഇതരസംസ്ഥാനക്കാരാണ്. മറിച്ച് ഇവിടത്തെ സ്വകാര്യമേഖലയിലെ മഹാഭൂരിഭാഗം ജീവനക്കാർക്കും ലഭിക്കുന്നത് ശരാശരി മാസം 10000 രൂപയാണ്. ദിവസകൂലി 350നു താഴെ. ബംഗാളികൾക്ക് അവിടെ കിട്ടുന്ന കൂലി. ചെറുകിട സംരംഭകരുടെ അവസ്ഥയും വ്യത്യസ്തമല്ല. സർക്കാർ ജീവനക്കാർക്കും ചില പൊതുമേഖലാ ജീവനക്കാർക്കും ചില വൻകിട സ്വകാര്യ സ്ഥാപനങ്ങളിലും മാത്രമാണ് ഉയർന്ന വേതനമുള്ളത്. തുച്ഛം വേതനത്തിനായി ജീവിതം തുലക്കാൻ ചെറുപ്പക്കാർ തയ്യാറാകാത്തത് സ്വാഭാവികം മാത്രം.
പതുക്കെ പതുക്കെ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ അനുപാതം കുറഞ്ഞുവരും. അധികം താമസിയാതെ വൃദ്ധരുടെ സ്വന്തം നാടായി കേരളം മാറും. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇവിടെ അവരുട ജീവിതം അരക്ഷിതമാകും. മിക്കവാറും യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ഇൻഷ്വറൻസും മറ്റു സർക്കാർ സഹായങ്ങളുമുള്ളതിനാൽ വൃദ്ധരുടെ ജീവിതം സുരക്ഷിതമാണ്. അവർക്ക് സഹായത്തിനു ആരോഗ്യപ്രവർത്തകരെ നിയമിക്കാനുള്ള സൗകര്യങ്ങളുണ്ട്. അങ്ങനെയാണല്ലോ അവിടത്തെ ആശുപത്രികളിലും വൃദ്ധസദനങ്ങളിലും വീടുകളിലും ഇവിടത്തെ ആരോഗ്യപ്രവർത്തകർക്ക് വ്യാപകമായി ജോലി ലഭിക്കുന്നത്, നമ്മുടെ അവസ്ഥ പക്ഷെ അതാകില്ലല്ലോ.
മറ്റൊരു പ്രധാന വിഷയം കൂടി ഉന്നയിക്കേണ്ടതുണ്ട്. കുടിയേറ്റത്തിന്റെ ഈ സാധ്യതകളൊക്കെ ചർച്ച ചെയ്യുമ്പോൾ ഏതൊക്കെ ജനവിഭാഗങ്ങൾക്ക് അതു സാധ്യമാകുന്നു എന്നതാണത്. അതിനാവശ്യമായ പ്രാഥമിക മൂലധനം പോലുമില്ലാത്ത ലക്ഷങ്ങളുടെ നാടാണ് കേരളം. ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഉദാഹരണം. മലയാളികളിൽ വലിയൊരു വിഭാഗത്തിനു പ്രവാസവും സംരംഭകത്വവും ഉന്നതവിദ്യാഭ്യാസവും മറ്റും സാധ്യമായത്, ഇപ്പോഴും സാധ്യമാകുന്നത് സ്വന്തം ഭൂമി പണയം വെച്ചാണല്ലോ. അതിനുള്ള അവസരമില്ലാത്തവർ എന്തു ചെയ്യും?