മായാവതിക്ക് പിന്നാലെ മമതയും ഭഗവത് സിംഗ് മാനും ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ബി.ജെ.പിക്കെതിരെ മതേതര പാർട്ടികളുടെ വിശാല ഐക്യം എന്ന സ്വപ്‌നത്തിൽ നിഴൽ വീണിരിക്കുന്നു. ഹിന്ദുത്വ പാർട്ടിയുടെ നിഴലിൽ കഴിയുന്ന യു.പിയിലെ ദളിത് രാഷ്ട്രീയം മോചനത്തിനായുള്ള കാത്തിരിപ്പിലാണ്. മായാവതിക്ക് അതിനായി എന്തെങ്കിലും ചെയ്‌തേ പറ്റൂ. സ്വയം വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് മമതയേയും ആപിനേയും നയിക്കുന്നത്.
ജന്മദിനമായ ജനുവരി 15ന് നടത്തിയ വാർത്താ സമ്മേളനത്തിൽ, ബി.എസ്.പി 'ഇന്ത്യ' ഉൾപ്പെടെ ഒരു സഖ്യത്തിലും ചേരില്ലെന്നും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മായാവതി വ്യക്തമാക്കി. ഇത് യു.പിയിൽ ത്രികോണ മത്സരമുണ്ടാക്കുമെന്നും ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും മതേതരവാദികൾ നിരീക്ഷിക്കുന്നു.
പശ്ചിമബംഗാളിൽ മമത ബാനർജിയും പഞ്ചാബിൽ ആം ആദ്മി പാർട്ടിയും സമാന തീരുമാനത്തിലാണ്. ഇന്ത്യ സഖ്യത്തിലെ മുഖ്യപാർട്ടിയായ കോൺഗ്രസുമായി ഈ സംസ്ഥാനങ്ങളിൽ സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ വിചാരിക്കുന്നത് ആം ആദ്മിക്ക് ഒറ്റക്ക് എല്ലാ ലോക്‌സഭാ സീറ്റുകളും വിജയിക്കാമെന്നാണ്. അവിടെ കോൺഗ്രസ് അത്ര ദുർബലമല്ല. ബംഗാളിൽ മമതക്ക് നേരിടേണ്ടത് മൂന്നു കൂട്ടരെയാണ്. കോൺഗ്രസ് മാത്രമല്ല, സി.പി.എമ്മും ബി.ജെ.പിയും. വോട്ടുകൾ ചിതറുമ്പോൾ ആർക്കാണ് ഗുണമെന്നത് നേരത്തെ അനുഭവസ്ഥമാണ്.
ഒറ്റക്ക് നിന്നാൽ അതത് സംസ്ഥാനത്ത് ഗുണമുണ്ടാകാം. എന്നാൽ ദേശീയതലത്തിൽ അത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. ഒന്നാമതായി ശിഥിലീകൃത പ്രതിപക്ഷം ഒരുവശത്തും ഒറ്റക്കെട്ടായി ബി.ജെ.പി മറുവശത്തുമാകുമ്പോൾ വോട്ടർമാർ തീർച്ചയായും സ്ഥിരതക്ക് മൂല്യം കൽപിക്കും. മറ്റൊന്ന്, ഒരേ ആശയക്കാർ തന്നെ പരസ്പരം ഏറ്റുമുട്ടുന്നത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കും.
മായാവതി തന്ത്രജ്ഞയായ രാഷ്ട്രീയക്കാരിയാണ്. അവരുടെ തീരുമാനത്തിന് അടിസ്ഥാനമായ കാരണങ്ങൾ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. രണ്ട് ഘടകങ്ങൾ അതിനെ നയിക്കുന്നതായി തോന്നുന്നു: ഇന്ത്യ സഖ്യം സ്വന്തം അണികൾക്കുള്ളിൽ തന്നെ പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ 2024 ൽ നരേന്ദ്ര മോഡിയുടെ കീഴിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അവർ കരുതുന്നു. രണ്ടാമതായി, ഈ കണക്കുകൂട്ടലും പാർട്ടിയുടെ ദുർബലമായ സ്ഥാനവും കണക്കിലെടുക്കുമ്പോൾ, താൻ ഇന്ത്യ സഖ്യത്തിൽ ചേരുകയാണെങ്കിൽ, തന്റെ പ്രധാന ദളിത് അടിത്തറ ഉൾപ്പെടെ, അവശേഷിക്കുന്ന സാമൂഹിക അടിത്തറയിൽ ഭൂരിഭാഗവും ബി.ജെ.പിക്കും എസ്.പിക്കും ഇല്ലാതാക്കാൻ കഴിയുമെന്ന് അവർ ഭയക്കുന്നു.
യു.പിയിൽ എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള ശത്രുത നിറഞ്ഞ മത്സരമാണ് തീരുമാനത്തിന്റെ ദീർഘകാല കാരണം. വിഭാഗീയ അടിത്തറയുള്ള പിന്നോക്ക ജാതി പാർട്ടികളാണ് രണ്ടും. യു.പിയിലെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന പട്ടികജാതിക്കാരാണ് (എസ്.സി) മായാവതിയുടെ കരുത്ത്. ദളിതുകളോടൊപ്പം യാദവ ഇതര ഒ.ബി.സി വിഭാഗങ്ങളുടെ പിന്തുണ നേടാൻ ബി.എസ്.പി ശ്രമിക്കുന്നു. അതുപോലെ, എല്ലാ പിന്നോക്ക വിഭാഗങ്ങളെയും ഒന്നിപ്പിക്കാനും ദളിത് പിന്തുണ നേടാനും എസ്.പി ശ്രമിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെയും ഉയർന്ന ജാതിക്കാരുടെയും പിന്തുണക്കായി ഇരു പാർട്ടികളും മത്സരിക്കുന്നു. എസ്.പിയും ബി.എസ്.പിയും തങ്ങളുടെ സാമൂഹിക അടിത്തറ വിശാലമാക്കാനുള്ള മത്സരം പ്രത്യക്ഷത്തിൽതന്നെ ദൃശ്യമാണ്, പ്രത്യേകിച്ചും 1993 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച 'ബഹുജൻ കൂട്ടുകെട്ടിന്റെ' തകർച്ചയെ തുടർന്ന്.
2000ലെ ബി.ജെ.പിയുടെ പുനരുജ്ജീവനം ഇരുപാർട്ടികളും തമ്മിലുള്ള മത്സരത്തിന് മൂർച്ച കൂട്ടി. 2014 മുതൽ, തുടർച്ചയായ ദേശീയ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.എസ്.പിയുടേയും എസ്പിയുടെയും വലിയൊരു ഭാഗം വോട്ട് ബി.ജെ.പി കരസ്ഥമാക്കി. തൽഫലമായി രണ്ടു പാർട്ടികളും തകർച്ച നേരിടുന്നു. എന്നാൽ ദേശീയ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സീറ്റ്/വോട്ട് വിഹിതം ഇടിഞ്ഞതോടെ അസ്തിത്വ പ്രതിസന്ധി കൂടുതൽ നേരിടുന്നത് ബി.എസ്.പിയാണ്.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന്, തങ്ങളുടെ അടിത്തറ ഇനിയും നഷ്ടപ്പെടുമെന്ന് ഭയന്ന്, ഇരു പാർട്ടികളും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ കുഴിച്ചുമൂടാൻ തീരുമാനിച്ചു, 2018ലെ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ കൈകോർത്തു. എന്നാൽ പരീക്ഷണം വലിയ വിജയമായിരുന്നില്ല. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും പരീക്ഷണം ആവർത്തിച്ചു. യാദവ, മുസ്‌ലിം ഇതര വോട്ടർമാരുടെ ബി.ജെ.പി നിർമ്മിച്ച പുതിയ വോട്ടിംഗ് ബ്ലോക്കിനെ പരാജയപ്പെടുത്താൻ അതിന് കഴിഞ്ഞില്ല.
ബി.എസ്.പിയുടെ സംഘടനാ തകർച്ചയും അതിന്റെ പ്രമുഖ നേതാക്കൾ എസ്.പി ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിലേക്ക് പലായനം ചെയ്തതുംമൂലം 2022 നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം ബി.ജെ.പിയും എസ്.പിയും തമ്മിലായിരുന്നു. കുശ്‌വാഹ, കുർമി, പട്ടേൽ, നിഷാദ് തുടങ്ങിയ ചെറുകിട ഒ.ബി.സി വിഭാഗങ്ങളെ ഉൾപ്പെടുത്തി മണ്ഡൽ ശക്തികളുടെ വിപുലീകരണം നടത്താൻ അഖിലേഷ് യാദവ് ശ്രമിച്ചു. പടിഞ്ഞാറൻ യു.പിയിൽ ആർ.എൽ.ഡിയുമായി ചേർന്ന് ഒ.ബി.സി, ദളിത് പാർട്ടികളുടെ ബി.ജെ.പി വിരുദ്ധ മുന്നണി സൃഷ്ടിച്ച് മുസ്‌ലിം-യാദവ പാർട്ടിയെന്ന എസ്.പിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ അദ്ദേഹം ശ്രമിച്ചു. ഇതൊന്നും ബി.ജെ.പിയെ പരാജയപ്പെടുത്താൻ എസ്.പിയെ സഹായിച്ചില്ല, പക്ഷേ സീറ്റിലും വോട്ട് ഷെയറിലും ഗണ്യമായ നേട്ടമുണ്ടാക്കുകയും ബി.ജെ.പിയുടെ പടിഞ്ഞാറൻ യു.പി കോട്ടയെ തകർക്കുകയും ചെയ്തു. ബി.ജെ.പിയുടെ സീറ്റുകൾ 2017 ലെ 312ൽ നിന്ന് 255 സീറ്റുകളായി കുറഞ്ഞെങ്കിലും വോട്ട് വിഹിതം മൂന്ന് ശതമാനം വർധിപ്പിച്ചു. 2014 ന് ശേഷം ആദ്യമായി യു.പിയിൽ ബി.ജെ.പിയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ എസ്.പിക്ക് കഴിഞ്ഞു. ഇതിൽനിന്ന് വ്യത്യസ്തമായി, എല്ലാ ജാതി/ഉപജാതി ഗ്രൂപ്പുകളിലും മുസ്‌ലിംകളിലും ഏറ്റവും കൂടുതൽ പരാജയപ്പെട്ടത് ബി.എസ്.പിയാണ്.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന്, ദളിത് വോട്ടുകളുടെ വിഹിതം വർധിപ്പിക്കാൻ എസ്.പി ഗണ്യമായ ശ്രമങ്ങൾ നടത്തി, ഇത് അഖിലേഷ് യാദവും മായാവതിയും തമ്മിലുള്ള അമർഷത്തിന് കാരണമായി. തന്റെ നിയമസഭാ സീറ്റ് നിലനിർത്തി ലോക്‌സഭാ സീറ്റ് വിട്ടുകൊടുത്തുകൊണ്ട് അഖിലേഷ് യാദവ്, യു.പിയിലെ ഏറ്റവും ശക്തമായ പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ 2024ൽ ബി.ജെ.പിയെ നേരിടാൻ തയാറെടുക്കുകയാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ യു.പിയിൽ ഇന്ത്യ സഖ്യത്തിന്റെ ആണിക്കല്ല് എസ്.പിയായിരിക്കും.
2024 ലെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് പോകാനുള്ള മായാവതിയുടെ തീരുമാനം ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. അവരെ സംബന്ധിച്ച് ഇത് ബി.എസ്.പിയുടെയും യു.പിയിലെ ദളിത് പ്രസ്ഥാനത്തിന്റെയും നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഇന്ത്യ സഖ്യത്തിൽ ചേരാതിരിക്കുന്നതിലൂടെ, എസ്.പിയുടെയും ബി.ജെ.പിയുടെയും കയ്യേറ്റങ്ങളിൽനിന്ന് തന്റെ പാർട്ടിയെ, ദളിതരെ സംരക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു. യു.പിയിലെ ദളിത് പ്രസ്ഥാനം പുനരുത്ഥാനത്തിന്റെയും അധഃപതനത്തിന്റെയും ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സങ്കുചിതവും വിഭാഗീയവുമായ നയം സ്വീകരിക്കുന്ന പ്രബലമായ, സവർണ പാർട്ടിയുടെ സാന്നിധ്യം, അധഃപതനത്തിന് പ്രധാന കാരണമാണ്. സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിൽ, ഒരു ദളിത് പാർട്ടിക്ക് വളരാൻ ഇടം നൽകാതിരുന്നത് ഉയർന്ന ജാതിക്കാരായ നേതൃത്വമുള്ള കോൺഗ്രസ് ആയിരുന്നു. ഇപ്പോഴത് വീണ്ടും ഒരു സവർണ പാർട്ടിയായ ബി.ജെ.പിയാണ്. ബി.എസ്.പി നേതൃത്വത്തിന്റെ എല്ലാ പരാജയങ്ങളും തിരിച്ചറിയുമ്പോൾ തന്നെ, യു.പിയിലെയും ഹിന്ദി ഹൃദയഭൂമിയിലെയും ദളിത് പ്രസ്ഥാനം ഇന്ന് ഹിന്ദുത്വത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു ആധിപത്യ, വലതുപക്ഷ ഹിന്ദു ഭൂരിപക്ഷ പാർട്ടിയുടെ തണലിലാണ് പ്രവർത്തിക്കുന്നതെന്ന് മറക്കാൻ പാടില്ല. മറ്റൊരു ദളിത് ഉദയത്തിനായി കാത്തിരിക്കുന്ന മായാവതി അതിനാൽ തന്നെ ഒറ്റക്ക് പോകേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു.