അബുദബി- പുതിയ തൊഴിലവസരങ്ങളും ജോലിയും കണ്ടെത്തുന്നതിന് ഇന്റര്‍നെറ്റില്‍ പരതുന്നവര്‍ക്ക് അബുദബി പോലീസിന്റെ മുന്നറിയിപ്പ്. ഇല്ലാത്ത കമ്പനികളില്‍ 'മികച്ച' ജോലികള്‍ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകള്‍ പെരുകിയിട്ടുണ്ടെന്നും തൊഴിലന്വേഷകര്‍ ഇതു കരുതിയിരിക്കണമെന്നുമാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനില്‍ പതിയിരിക്കുന്ന ഇത്തരം വ്യാജന്‍മാര്‍ പലപ്പോഴും പ്രശസ്ത കമ്പനികളുടെ പേരുകള്‍ ഉപയോഗിച്ചാണ് ഇരകളെ വീഴ്ത്തുന്നത്. ഇങ്ങനെ വലയിലാക്കുന്നവരില്‍ നിന്ന് പണം ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്യുന്നത്. കമ്പനിയുടെ പേര് കണ്ട് വിശ്വസിക്കുന്ന പലരും ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ ഇത്തരം വ്യാജന്മാര്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഒടുവില്‍ ഒരു തുമ്പും വാലുമില്ലാതെ ആകുമ്പോഴായിരിക്കും അമളി തിരിച്ചറിയുക. ഇത്തരം വ്യാജന്‍മാരുടെ കെണിയിലകപ്പെടാതിരിക്കാന്‍ തൊഴിലന്വേഷകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വ്യാജ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റുകളെ ആശ്രയിക്കരുതെന്നും അബുദബി പോലീസ് സെക്യുരിറ്റി ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് മുഹമ്മദ് അല്‍ കഅബി അറിയിച്ചു.