മക്ക-സൃഷ്ടാവ് മനുഷ്യനു നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ചിന്താശേഷിയും ബുദ്ധി ശക്തിയുമെന്ന് മക്ക ഹറം ഇമാംഡോ. ശൈഖ് ബന്ദർ അൽ ബലീല. മക്കയിലെ പരിശുദ്ദ ഹറം മസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം(ഖുതുബ)നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിയുള്ളവർക്ക് മാത്രമേ മത ശാസനകൾ ബാധകമാകുകയുള്ളൂവെന്നതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ച് പഠിക്കുകയും ആലോചിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ പരിശുദ്ധ ഖുർആനിലെ നിരവധി സൂക്തങ്ങളിൽ അല്ലാഹു പ്രശംസിച്ചിട്ടുണ്ട്. പ്രകൃതി പ്രതിഭാസങ്ങൾക്കു പിന്നിലെ മഹാസൃഷ്ടാവിനെ കണ്ടെത്തി അംഗീകരിക്കുന്നതാണ് ഏറ്റവും വലിയ ബുദ്ധി. ആലോചിക്കുകയും ചിന്തിക്കുകയും ചെയ്യാതെ അന്ധമായ അനുകരണത്തിലൂടെ സൃഷ്ടാവിനെ നിഷേധിച്ചും ബഹുദൈവാരാധന നടത്തിയും നരകത്തിൽ വീഴുന്നവർ തങ്ങളുടെ പരാജയ കാരണം ബുദ്ധി ഉപയോഗിക്കാത്തതായിരുന്നുവെന്ന് വിലപിക്കുമെന്ന് ദൈവം മുന്നറിയിപ്പു നൽകുന്ന നിരവധി വചനങ്ങളുണ്ട്. പരിശുദ്ധ ഖുർആൻ ബുദ്ധിയുള്ളവർക്ക് മാത്രമേ ഗ്രാഹ്യമാകുകയുള്ളൂ. അതേസമയം മതപ്രമാണങ്ങൾക്കു മുകളിൽ ചിന്തകളെ പ്രതിഷ്ഠിക്കുന്നത് മഹാ അപരാധമാണെന്നും ശരിയായ ചിന്താകളുണ്ടാകുന്നത് മത നിർദേശങ്ങളുടെ വെളിച്ചത്തിൽ ബുദ്ധി ഉപയോഗിക്കുമ്പോഴാണെന്നും ശൈഖ് വിവരിച്ചു.
ഭൂമിയിലെ ജീവിത വിഭവങ്ങളെല്ലാം ക്ഷണികാസ്വാദനങ്ങൾക്ക് മാത്രം ഉപയോഗപ്പെടുത്തി അനന്തമായ നിത്യജീവിതത്തെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ വങ്കത്തരം. ഇതര ജന്തു ജാലങ്ങളിൽ നിന്നു വ്യത്യസ്തമായി ബുദ്ധിശക്തിയെന്ന മഹാ അനുഗ്രഹത്തിനു നന്ദികാണിക്കാൻ മനുഷ്യർക്ക് ബാധ്യതയുണ്ട്. ചിന്തയേയും ബുദ്ധിയേയും ഉപയോഗപ്പെടുത്താതിരിക്കുന്നതു പോലെയുള്ള നന്ദികേടു തന്നെയാണ് അവ ഉപയോഗപ്പെടുത്താൻ കഴിയാത്ത വിധം സ്വാർത്ഥ താൽപര്യങ്ങളുടെ ഉപാസകരായി മനുഷ്യർ മാറുന്നതെന്നും ശൈഖ് ബന്ദർ അൽ ബലീല പറഞ്ഞു.