പട്‌ന - ബീഹാറില്‍ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം തനിക്കു തന്നെ വേണമെന്നാണ് നിതീഷ് കുമാറിന്റെ ആവശ്യം. അതിന് ബി ജെ പി വഴങ്ങിയേക്കുമെന്നാണ് സൂചന. ബി ജെ പിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ അധികാരത്തിലെത്തിയാല്‍ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന് അത് വലിയ തിരിച്ചടിയാകും. ബി ജെ പിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീമാക്കിയതായാണ് റിപ്പോര്‍ട്ട്. രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ബി ജെ പിക്ക് നല്‍കാമെന്നും ജെ ഡി യു ഫോര്‍മുലയായി മുന്നോട്ടു വെച്ചിട്ടുണ്ട്. നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഞായറാഴ്ച വരെയുള്ള നിതീഷ് കുമാറിന്റെ പൊതുപരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ഫോര്‍മുല ബി ജെ പി അംഗീകരിക്കുമെന്നും ഞായറാഴ്ച തന്നെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്. ബി ജെ പിയുമായി ചേര്‍ന്നുള്ള പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സര്‍ക്കാര്‍ നിതീഷ് കുമാര്‍ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ ഡി എ മുന്നണിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ഇന്ത്യ സഖ്യം തീവ്രശ്രമം നടത്തിയിരുന്നു. എന്നാല്‍, അനുനയ നീക്കങ്ങള്‍ക്കിടെയാണ് ഞായറാഴ്ച വരെയുള്ള പൊതുപരിപാടി ഉള്‍പ്പെടെ റദ്ദാക്കികൊണ്ടുള്ള നിതീഷ് കുമാറിന്റെ നിര്‍ണായക തീരുമാനങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം, നിതീഷ് കുമാറിനെതിരെ എന്‍ ഡി എയിലും അതൃപ്തിയുണ്ട്. നിതീഷ് വിശ്വസിക്കാന്‍ കൊള്ളാത്ത നേതാവാണെന്ന് ബിഹാറില്‍ നിന്നുള്ള ബി ജെ പി നേതാക്കളുടെ പരാതി. ഈ ആഴ്ച നിര്‍ണായകമാണെന്നും എന്‍ ഡി എ മുന്നണിയിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്നുമാണ് ജെ ഡി യു നേതാക്കള്‍ പറയുന്നത്. ബിഹാര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനെ ദേശീയ നേതാക്കള്‍ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്.