Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭരണഘടനയേക്കാള്‍ വലിയൊരു പ്രാണപ്രതിഷ്ഠയില്ല- മന്ത്രി പി.പ്രസാദ്

മണിപ്പുരിലെ സ്ഥിതി ആശങ്ക സൃഷ്ടിക്കുന്നു’

ആലപ്പുഴ-ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണന്‍. ആ പ്രാണനെയാണ് 1950 ജനുവരി 26-ന് ഇന്ത്യയില്‍ പ്രതിഷ്ഠിച്ചതെന്നും അതിനേക്കാള്‍ വലിയൊരു പ്രതിഷ്ഠ ഇനി നടക്കാനില്ലെന്നും കൃഷി മന്ത്രി പി.പ്രസാദ്. ഭരണഘടനയ്ക്ക് അപ്പുറത്തുള്ള ഒന്നിനെയും നമുക്കാര്‍ക്കും എങ്ങും പ്രതിഷ്ഠിക്കാന്‍ കഴിയില്ല. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ 75-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികയില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നാം ഏവരെയും ഒന്നിപ്പിച്ച് നിര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഭരണഘടന. ഭരണഘടനയുടെ ആമുഖം അതുതന്നെയാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  
 
'നമ്മള്‍' എന്ന വാക്കിലാണ് ഭരണഘടന തുടങ്ങുന്നത്. ഏവരെയും ചേര്‍ത്തും കോര്‍ത്തും നിര്‍ത്തുന്ന ആ വാക്കുതന്നെ നാടിനോടും ജനതയോടുമുള്ള എല്ലാതരം സ്‌നേഹവും പ്രകടിപ്പിക്കുന്നുണ്ട്. വ്യക്തിയുടെ അന്തസ്സിനെയും രാജ്യത്തിന്റെ ഐക്യത്തെയും ചേര്‍ത്തുകൊണ്ടുള്ള സാഹോദര്യമാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. സാഹോദര്യം കേവലം ഒരു വാക്കല്ല. ഓരോ വ്യക്തിയ്ക്കും അന്തസ്സാര്‍ന്ന ഇടം ഉറപ്പുകൊടുക്കുന്നതാണ് ഭരണഘടന. ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ചേര്‍ത്തുവെക്കാന്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ പങ്കാളികളായ ഭരണഘടനാശില്പികള്‍ക്കായി. ഡോ. ബി.ആര്‍. അംബേദ്കര്‍ മുതല്‍ ദാക്ഷായണി വേലായുധന്‍ വരെയുള്ളവരെ നാം ഓര്‍മിക്കേണ്ടതുണ്ട്. 

മണിപ്പുര്‍ ഏറ്റവും പ്രധാന പ്രശ്‌നമായി ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. എട്ടു മാസത്തിലധികമായി അന്തസ്സോടെ ജീവിക്കാന്‍ കഴിയാത്ത ഒരു ജനതയുണ്ടെന്ന് പറയുന്നതും ഭീതിയുള്ളിലടക്കി ജീവിക്കുന്നവര്‍ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടെന്നതും പൗരത്വം എന്നതുപോലും അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് പോകുന്നു എന്ന ഭയാശങ്ക നിലനില്‍ക്കുന്നതുമെല്ലാം ഒരു നാടിനെ സാഹോദര്യത്തില്‍ നിന്നും ഐക്യത്തില്‍ നിന്നും അകറ്റുന്നു. ഭരണഘടനയെ സംരക്ഷിക്കുകയെന്നത് ഓരോ ഇന്ത്യക്കാരന്റെയും ഉദാത്തമായ കടമയാണ്. ഭരണഘടനയെ കശാപ്പ് ചെയ്യാന്‍ ബോധപൂര്‍വമായ നീക്കങ്ങളാണ് വര്‍ത്തമാനകാലം സാക്ഷ്യം വഹിക്കുന്നത്. ഭരണഘടനയെ എല്ലാ തടവറകളില്‍ നിന്നും എല്ലാ അപകടങ്ങളില്‍ നിന്നും എല്ലാ ഭീഷണികളില്‍ നിന്നും മോചിപ്പിച്ച് നിലനിര്‍ത്തുകയും അതിനെ ഉയര്‍ത്തിപ്പിടിച്ച് മുന്നേറുകയും ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും പ്രധാന കടമയും കര്‍ത്തവ്യവും. 

എനിക്കെന്റെ ഭരണഘടനയുണ്ട് എന്നുള്ളതാണ് ഇന്ത്യന്‍ പൗരരുടെ കരുത്ത്. ഇത്രയും പ്രധാനപ്പെട്ടതായി മറ്റൊന്നില്ല. ഭരണഘടനയുടെ കാവലാളായി തീരേണ്ടത് ഓരോ ഇന്ത്യക്കാരുടെയും കടമയാണ്. ജനാധിപത്യം കേവലമായ വാക്കല്ല. ജനാധിപത്യ ഇടങ്ങള്‍ ബഹുമാനിക്കാന്‍ ഏവരും ശീലിച്ചേ മതിയാകൂ. ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ക്ക് അതില്‍ ഭാരിച്ച ഉത്തരവാദിത്വമുണ്ട്. ഭരണഘടന, ഭരണഘടനാ പദവി, ജനാധിപത്യം, ജനാധിപത്യ സ്ഥാപനങ്ങള്‍ എന്നിയെല്ലാം അപ്രസക്തമായി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ കരുതിയിരിക്കേണ്ടത് ഒരു ജനതയുടെ ഉത്തരവാദിത്വമാണ്. 

രാജ്യം കേവലം വികാരമായി മാത്രമല്ല, ജനതയോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന വൈകാരികത കൂടിയാണ്. അങ്ങനെയുള്ളപ്പോള്‍ മാത്രമാണ് ഇന്ത്യ തലയുയര്‍ത്തി നില്‍ക്കുക. പോരാട്ടത്തിന്റെയും ചരിത്രത്തിന്റെയും വഴികള്‍ നാം വിസ്മരിച്ചുകൂടായെന്നും മന്ത്രി പറഞ്ഞു. സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കാനും റിപ്പബ്ലിക്കിനെ കാത്തുസൂക്ഷിക്കാനും ജനതയുടെ അന്തസ്സിനെയും ഐക്യത്തെയും ചേര്‍ത്തുവെക്കാനും നമുക്കാകണം. അതിനുള്ള ഉറപ്പുതരുന്നത് ഭരണഘടനയാണ്.- മന്ത്രി പറഞ്ഞു. 

വേദിയിലെത്തിയ മുഖ്യാതിഥിയായ മന്ത്രിയെ ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ജില്ല പോലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. 
മുതിര്‍ന്ന സ്വാതന്ത്ര്യസമര സേനാനി കെ. എ. ബേക്കര്‍, ജനപ്രതിനിധികളായ
എ.എം. ആരിഫ് എം.പി., പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, മുന്‍ എം.എല്‍.എ. എ.എ. ഷുക്കൂര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എ.എസ്. കവിത, എം.ആര്‍. പ്രേം, നഗരസഭ കൗണ്‍സിലര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍, രാഷട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. 

പോലീസ്, എക്സൈസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്, റെഡ് ക്രോസ്, കബ്സ്, ബുള്‍ബുള്‍ എന്നിവരുടെയുള്‍പ്പെടെ 12 കണ്ടിജെന്റുകളും നാല് ബാന്‍ഡുകളുമാണ് പരേഡില്‍ അണിനിരന്നത്. വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍ക്കുള്ള സമ്മാന ദാനവും മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. അജയ് മോഹനായിരുന്നു പരേഡ് കമാന്റര്‍.

Latest News