തിരുവനന്തപുരം - വെളളറടയില്‍ അമ്മയെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്ന മകന്‍ മയക്കു മരുന്നിന് അടിമയും മകളെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളുമാണെന്ന് പോലീസ്. ഇന്ന് രാവിലെയാണ് മകന്‍ അമ്മയെ തീകൊളുത്തിക്കൊന്നത്. കാറ്റാടി സ്വദേശി നളിനി (60) ആണ് മരിച്ചത്. സംഭവത്തില്‍ മയക്കുമരുന്നിന് അടിമയായ മകന്‍ മോസസ് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. നളിനിയുടെ രണ്ട് കാലുകളും സാരി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കാല് ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞു.
കൊല്ലപ്പെട്ട നളിനിയും മകന്‍ മോസസ് ബിബിനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. പലപ്പോഴും ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാവാറുണ്ട്. ഇന്നലെ രാത്രിയിലും പണമിടപാടിനെ ചൊല്ലി പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്നാണ് രാവിലെ മോസസ് ബിബിന്‍ അമ്മയെ കൊന്നത്. ഇളയമകന്‍ ജയന്‍ ജേക്കബ് അമ്മക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. അമ്മയുടെ കാല്‍ മാത്രമാണ് സംഭവ സ്ഥലത്തു നിന്ന് ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലായിരുന്നു. പ്രതി മോസസ് സ്ഥിരം കഞ്ചാവ് ഉപയോഗിച്ചു അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇളയമകന്‍ പറയുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. പോലീസും നാട്ടുകാരും എത്തുമ്പോഴും സംഭവം നടന്ന മുറിക്കുള്ളില്‍ തന്നെയായിരുന്നു പ്രതി. ആദ്യ ആരേയും അകത്തേക്ക് കടക്കാന്‍ ഇയാള്‍ അനുവദിച്ചിച്ചില്ല. പിന്നീട് പോലിസ് ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു.