ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിനായി ജിദ്ദയില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്തെ കോൺസുലേറ്റ് കെട്ടിട സമുച്ചയ നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും താമസിയാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നുമുള്ള കോൺസൽ ജനറലിന്റെ വെളിപ്പെടുത്തൻ ഇന്ത്യൻ സമൂഹം വൻ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. മദീന റോഡിനു സമീപം തുർക്കി കോൺസുലേറ്റിനടുത്തായാണ് പുതിയ കെട്ടിട സമുച്ചയം ഉയരുക. ഓഡിറ്റോറിയം ഉൾപ്പടെ വിപുലമായ സൗകര്യം ഇവിടെ ഒരുക്കും. ഇന്ത്യൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആഗ്രഹമാണ് സഫലീകരിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹജിനുള്ള ഒരുക്കം സജീവം:
ഈ വർഷത്തെ ഹജിനുള്ള ഒരുക്കങ്ങൾ അതിവേഗം നടന്നു വരികയാണെന്നും 1,25000 തീർഥാടകർ ഹജ് കമ്മിറ്റി വഴി ഹജ് നിർവഹിക്കാൻ എത്തുമെന്നും കോൺസൽ ജനറൽ അറിയിച്ചു. ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജിദ്ദയിലെത്തിയാണ് ഹജ് കരാർ ഒപ്പുവെച്ചത്. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം സൗദി ഹജ് മന്ത്രി ഇന്ത്യ സന്ദർശിച്ച് ഹജ് നടപടിക്രങ്ങൾ വിലയരുത്തിയത് കോൺസുലേറ്റിന്റെ ഏക്കാലത്തേയും വലിയ നേട്ടങ്ങളിലൊന്നാണെന്നും കോൺസൽ ജനറൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഹജ് വിജയകരമായി നടത്തുന്നതിന് സഹായിച്ച ഹജ് വളണ്ടിയർമാരെയും അതിനു നേതൃത്വം നൽകിയ സംഘടനാ നേതാക്കളെയും കോൺസൽ ജറൽ അഭിനന്ദിച്ചു.
സംഘടിപ്പിച്ചത് നിരവധി ഓപൺ ഹൗസുകൾ:
ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിനും പരിഹരിക്കുന്നതിനുമായി കഴിഞ്ഞ വർഷം കോൺസുലേറ്റിൽ നിരവധി ഓപ്പൺ ഹൗസുകൾ സംഘടിപ്പിക്കാനായി. മുൻകൂട്ടിയുള്ള അനുമതിയില്ലാതെ തന്നെയും മറ്റു ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് പരാതി ബോധിപ്പിക്കുന്നതിന് ഇന്ത്യൻ സമൂഹത്തിന് ഇത് അവസരമൊരുക്കി. ഇതു വഴി നിരവധി പേരുടെ പ്രശ്നങ്ങൾക്ക് എളുപ്പം പരിഹാരം കാണാൻ സാധിച്ചു. ഇക്കാര്യത്തിൽ സൗദി അധികൃതർ നൽകിയ സഹായത്തിന് നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ വർഷം 2.7 കോടി രൂപയുടെ സഹായം സാമൂഹ്യ ക്ഷേമ പരിപാടികളുടെ ഭാഗമായി വിതരണം ചെയ്യാൻ സാധിച്ചു. അഞ്ച് കോടി രൂപയുടെ മരണാനന്തര നഷ്ടപരിഹാരവും കഴിഞ്ഞ വർഷം വിതരണം ചെയ്യാനായി. 57,000 പാസ്പോർട്ടുകളും 12,000 വിസകളും കഴിഞ്ഞ വർഷം കോൺസുലേറ്റ് വിതരണം ചെയ്തു.
ഇന്ത്യാ-സൗദി സഹകരണം ശക്തം
സൗദി ഇന്ത്യ വ്യാപര സഹകരണം മുൻപെന്നത്തേക്കാളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സാധിച്ചു. സൗദി ബിസനസ് പ്രതിനിധികളുടെ ഇന്ത്യ സന്ദർശവും ഇന്ത്യൻ വ്യാപാര പ്രമുഖരുടെ സൗദി സന്ദർശവും സാധ്യമാക്കുകയും ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിന്റെ സഹകരണത്തോടെ നിരവധി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിനായി. പ്രത്യേകിച്ച് കളേഴ് ഓഫ് ഇന്ത്യ സീസൺ 3, നാഷണൽ യൂണിറ്റി ഡേ, ഹോളി, ദീപാവലി, പൊങ്കൽ, ഗുരുനാനാക് ജയന്തി, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും ഇതാദ്യമായി ഇന്ത്യ-സൗദി കൾച്ചറൽ പരിപാടിയും സംഘടിപ്പിക്കാൻ കഴിഞ്ഞു. ഇതുമായി സഹകരിച്ച എല്ലാവർക്കും കോൺസൽ ജനറൽ നന്ദി അറിയിച്ചു.