തബൂക്ക്- പ്രവിശ്യയിലെ താഴ്‌വരകളിലെല്ലാം മഴ വർഷിച്ചാൽ മുളച്ചു വരുന്നതാണ് യഹഖ് ചെടികൾ. വയലറ്റ് നിറത്തിൽ ഏതാനും സെന്റിമീറ്റർ മാത്രം ഉയരത്തിലെത്തി നിറയെ പൂവും കായയുമായി മലഞ്ചെരുവുകളിലും സമതലങ്ങളിലും ഉപരിതലത്തെ മറച്ചു നിൽക്കുന്ന ഇവ തണുപ്പുകാലത്ത് വർഷിക്കുന്ന മഴയിൽ മുളക്കുകയും വസന്തകാലം വരെ നില നിൽക്കുകയും ചെയ്യും.
തടിച്ച ഇലകളും നേരീയ പാർശങ്ങളുമുള്ള ഓവൽ ആകൃതിയിലെ ഇലകളോട് കൂടിയ ഇവ പ്രവിശ്യയുടെ പലഭാഗങ്ങളിലും വളരുന്നുണ്ടെങ്കിലും അൽ ഖലീബ് മേഖലയിലെ ഉമ്മു ജർഫാൻ ആണ് ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ഉല്ലാസത്തിനെത്തുന്ന സ്വദേശികൾക്കും വിദേശികൾക്കും നയന വിരുന്നൊരുക്കുന്ന ഈ കാട്ടു ചെടികൾ മറ്റനേകം പൂക്കളെ പോലെ തബൂക്ക് മേഖലയെയും സുന്ദരമാക്കുകയാണ്.