മലപ്പുറം - കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകരെ കൊള്ളയടിക്കാന്‍ എയര്‍ ഇന്ത്യ. വിമാനകൂലി ഇനത്തില്‍ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങള്‍ വഴി പോകുന്നവരേക്കാള്‍ എണ്‍പതിനായിരത്തോളം രൂപ അധികമായി കരിപ്പൂര്‍ വഴി പോകുന്നവര്‍ നല്‍കണം. 14464 തീര്‍ത്ഥാടകരാണ് ഇത്തവണ കരിപ്പൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ തിരഞ്ഞെടുത്തത് കരിപ്പൂര്‍ വഴിയുള്ള യാത്രയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവരെക്കാള്‍ 80,000 രൂപയോളം അധികം കരിപ്പൂരില്‍ നല്‍കണം. കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്നവര്‍ നല്‍കേണ്ടത് 1,65,000 രൂപയാണ്. കൊച്ചിയും കണ്ണൂരും വഴി പോകുന്നവര്‍ 86,000 രൂപ മാത്രം നല്‍കിയാല്‍ മതി.
എയര്‍ ഇന്ത്യയാണ് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിനുളള നിയന്ത്രണമാണ് കരിപ്പൂരിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് തിരിച്ചടിയായത്. ഇതോടെ ഹജ്ജിന് പോകുന്നവര്‍ ആശങ്കയിലായി. വിമാന നിരക്ക് വര്‍ദ്ധനയ്ക്കെതിരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇടപെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും, എം പി അബ്ദുള്‍ സമദ് സമദാനിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ്കാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.