പത്തനംതിട്ട- പത്തനംതിട്ടയിലേക്ക് എത്തിയ ആദ്യ പത്മഭൂഷണ്‍. ലഭിച്ചത് അഭിമാനമായ ജസ്റ്റിസ് ഫാത്തിമ ബീവിക്കും. ഒപ്പമില്ലങ്കിലും മരണാനന്തര ബഹുമതിയായി പത്മഭൂഷന്‍ തേടിയെത്തിയതിന്റെ സന്തോഷം എല്ലായിടത്തും ഉണ്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി പ്രഖ്യാപിച്ച പുരസ്‌കാരങ്ങളില്‍ ഫാത്തിമ ബീവി ഉള്‍പ്പെട്ട തിന്റെ അഭിമാനം ഓരോ പത്തനംതിട്ടക്കാര്‍ക്കും ഉണ്ട്. നഗരമധ്യത്തിലെകുലശേഖരപേട്ട അണ്ണാ വീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും എട്ടു മക്കളില്‍ ആദ്യപുത്രിയായി ജനിച്ച ഫാത്തിമ ബീവി പിന്നീട് പല മേഖലകളിലും ഒന്നാം സ്ഥാനക്കാരിയായതിന് ചരിത്രം സാക്ഷിയായിരുന്നു.തിരുവിതാംകൂറിലെ ആദ്യ നിയമബിരുദധാരിയായമുസ്ലിം വനിത. പിന്നീട് പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. മുന്‍സിഫ് മജിസ്‌ട്രേറ്റ്, ജില്ലാ ജഡ്ജി.പിന്നീട് രാജ്യത്തെ മുസ്ലിം വനിതകളില്‍ നിന്നുള്ള പ്രഥമ ഹൈക്കോടതി ജഡ്ജിയായി.പിന്നീട് സുപ്രീംകോടതി ജഡ്ജി . പിന്നീട് തമിഴ്‌നാട് ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളി വനിതയുമായി. 2023 ല്‍ കേരള പ്രഭ പുരസ്‌കാരം നല്‍കി സംസ്ഥാനവും ഫാത്തിമ ബീവിയെ ആദരിച്ചു .നേട്ടങ്ങളുടെ പട്ടികയില്‍ പത്മഭൂഷന്‍ എത്തിയപ്പോള്‍ അത് മരണാനന്തര ബഹുമതിയായി. കഴിഞ്ഞ നവംബര്‍ 26 ന് തൊണ്ണൂറ്റിയാറാം വയസില്‍ വിടവാങ്ങിയെങ്കിലും ഫാത്തിമാ ബീവി നാളത്തെ തലമുറക്ക് മാര്‍ഗദര്‍ശകമായി മുന്നിലുണ്ട് എന്നതാണ് പത്മഭൂഷണിലൂടെ വ്യക്തമാവുന്നത്.