പാലക്കാട്-തെക്കേ ഇന്ത്യയിലിപ്പോള്‍ കേരള ലോട്ടറി മാത്രമേയുള്ളു. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ലോട്ടറി വില്‍പനയില്‍ നിന്ന് പൂര്‍ണമായും പിന്മാറി. കേരളത്തിലെവിടെയും ലോട്ടറി കടകള്‍. അതിരാവിലെ മുതല്‍ ഈ കടകള്‍ സജീവമാകും. ചില ചെറിയ ടൗണുകളില്‍ അതിരാവിലെ ബെഡ് കോഫി കിട്ടില്ലെങ്കിലും ലോട്ടറി ടിക്കറ്റുകള്‍ സുലഭം. കര്‍ണാടക മദ്യശാലകളെ അതിരറ്റ് സനേഹിക്കുന്നത് പോലെയാണ് കേരളത്തിലെ ലോട്ടറി വിപ്ലവം. നിത്യേന നറുക്കെടുപ്പുകള്‍, അതിന് പുറമേ രണ്ടോ മൂന്നോ മാസം ഇടവിട്ട് ബംപര്‍ വേറെയും. നാല്‍പത് രൂപ മുതല്‍ നാനൂറ് രൂപ വരെ ടിക്കറ്റ് വില. അതൊന്നും ആവശ്യക്കാരനെ തടയുന്നില്ല. ഖജനാവിലേക്ക് കോടികളാണ് ലോട്ടറി മുഖേ നലഭിക്കുന്നത്. കേരള ലോട്ടറിയുടെ ഏറ്റവും കൂടുതല്‍ സമ്മാനം ലഭിക്കുന്നത് പാലക്കാട് ജില്ലയിലാണ്. ലോട്ടറി ഇല്ലാത്ത തൊട്ടടുത്ത തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ടിക്കറ്റുകള്‍ വാരിക്കൂട്ടാന്‍ പാലക്കാട്ടെത്തുന്നു.
പാലക്കാട്ട് നിന്ന് കേരള സര്‍ക്കാറിന്റെ ലോട്ടറി വാങ്ങിയാല്‍ ഏതെങ്കിലും സമ്മാനം കിട്ടാതിരിക്കില്ലെന്നത് ഒരു വിശ്വാസമാണ്. ഈ വിശ്വാസം നാള്‍ക്കുനാള്‍ ബലപ്പെടുകയാണെന്നതാണ് വാസ്തവം. ഈ വര്‍ഷത്തെ ആദ്യ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം പാലക്കാട്ടെ ഏജന്‍സി വഴി വില്‍പ്പന നടത്തിയ ടിക്കറ്റിനാണ്. തിരുവന്തപുരത്തെ ദുരൈരാജ് എന്നയാള്‍ പാലക്കാട് വിന്‍സ്റ്റാര്‍ ഗോള്‍ഡന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി വിറ്റ ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞ ഓണം ബമ്പറും പാലക്കാടിനായിരുന്നു. ഇതൊക്കെ കൊണ്ടാണ് അയല്‍ ജില്ലകളില്‍ നിന്നും അന്യസംസ്ഥാനത്ത് നിന്നും ലോട്ടറി ടിക്കറ്റ് വാങ്ങാനായി നൂറ് കണക്കിനാളുകള്‍ ദിവസവും പാലക്കാട്ടേക്കെത്തുന്നത്. ലോട്ടറി പ്രേമികള്‍ക്ക് പാലക്കാട് അവരുടെ ഭാഗ്യനാടാണ്. ഭാഗ്യദേവത അവിടെ തങ്ങളെയും കാത്തുനില്‍പ്പുണ്ടെന്നാണ് അവരുടെ വിശ്വാസം. വില്‍പനയില്‍ പോലെ സമ്മാനം അടിക്കുന്നതിലും പാലക്കാട് മുന്നിലാണ്. 2023ല്‍ ആദ്യം നറുക്കെടുത്ത ക്രിസ്മസ്- പുതുവത്സര ബമ്പര്‍ (16 കോടി), മണ്‍സൂണ്‍ ബമ്പര്‍ (പത്തുകോടി), 25 കോടിയുടെ ഓണം ബമ്പര്‍ എന്നിവയുടെ ഒന്നാംസമ്മാനം ലഭിച്ചത് പാലക്കാട് വിറ്റ ടിക്കറ്റുകള്‍ക്കാണ്. 2020 ജൂണില്‍ സമ്മര്‍ ബമ്പര്‍ ഒന്നാംസമ്മാനം ആറുകോടി ലഭിച്ചത് തൂതയില്‍ വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും (രണ്ടുപേര്‍ക്ക്) മൂന്നാംസമ്മാനം 5 ലക്ഷവും പാലക്കാടിന് തന്നെയായിരുന്നു. 2016ലെ തിരുവോണം ബമ്പര്‍ എട്ടുകോടി രൂപ ചിറ്റിലഞ്ചേരി ചേരാമംഗലം പഴത്തറ ഗണേഷിന് ലഭിച്ചു. ആ വര്‍ഷത്തെ പൂജ ബമ്പര്‍ ഒന്നാംസമ്മാനമായ നാലുകോടി വണ്ടിത്താവളം തട്ടാന്‍ചള്ള സ്വദേശി ആര്‍.നാരായണന്‍കുട്ടിക്കായിരുന്നു. 2014ല്‍ കേരള ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ ഒന്നാംസമ്മാനമായ രണ്ടുകോടി കുഴല്‍മന്ദം സ്വദേശി വിനോദിന് ലഭിച്ചപ്പോള്‍ കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനമായ ഒരു കോടി മങ്കര മാങ്കുറുശി സ്വദേശിയായ റിട്ട.പൊലീസ് ഉദ്യോഗസ്ഥന്‍ വി.കെ.രാജനാണ് ലഭിച്ചത്. 2013ലെ ഓണം ബമ്പര്‍ അഞ്ചുകോടിയും ഒരു കിലോ തങ്കവും മൂത്താന്തറ ശ്രീറാം സ്ട്രീറ്റില്‍ സി.മുരളീധരനായിരുന്നു.2012ല്‍ പൂജാ ബമ്പര്‍ രണ്ടുകോടി ഒറ്റപ്പാലം സ്റ്റാന്‍ഡിന് സമീപത്തെ പച്ചക്കറിക്കട തൊഴിലാളി മുജീബിന് ലഭിച്ചു. ഭാഗ്യാന്വേഷികള്‍ പാലക്കാടിനെ പറ്റി പല കഥകളും പറയുമെങ്കിലും ഇത്രയേറെ ബംപര്‍ ഉള്‍പ്പെടെ നിരവധി ഒന്നാം സമ്മാനങ്ങള്‍ ഇവിടെ അടിച്ചതിന് ഒറ്റ കാരണമേയുള്ളുവെന്നതാണ് യുക്തി. മറ്റു ജില്ലകളെ അപേക്ഷിച്ച് റെക്കോര്‍ഡ് വില്‍പന നടക്കുമ്പോള്‍ സ്വാഭാവികമായും സമ്മാനമടിക്കാനുള്ള സാധ്യതയും കുത്തനെ ഉയരുന്നു.
ബലാത്സംഗത്തില്‍ 64,000 സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളായി; ഞെട്ടിക്കുന്ന കണക്ക്
എയര്‍ടെല്‍ തോറ്റു, സബീന ജയിച്ചു; സന്തോഷം പങ്കുവെച്ച് എഴുത്തുകാരി
കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു