ജിദ്ദ- മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് ആതുര സേവന രംഗത്തെ സജീവ സാന്നിധ്യമായ ജോർജ് നാട്ടിലേക്കു മടങ്ങുന്നു. ഷഫറിയ റയാൻ ഇന്റർനാഷണൽ ക്ലിനിക്കിലെ മെഡിക്കൽ ഇൻഷുറൻസ് അപ്രൂവൽ ഡിപ്പാർട്ടുമെന്റ് ഇൻ ചാർജായിരിക്കെയാണ് മുപ്പതു വർഷത്തെ സേവനം പൂർത്തിയാക്കി പത്തനംതിട്ട റാന്നി സ്വദേശിയായ തോട്ടത്തിൽ ടി.വി ജോർജിന്റെ മടക്കം. 1993 ഒക്്ബറിൽ റയാൻ പോളിക്ലിനിക് തുടങ്ങുന്നതിന് ഒരു മാസം മുൻപാണ് ജോർജ് മലയാളികളുടെ സംഗമ കേന്ദ്രമായ ജിദ്ദ ഷറഫിയയിലെത്തിയത്. ഷറഫിയക്ക് ഇന്നത്തെ പകിട്ടോ ആൾ സഞ്ചാരത്തിന്റെ ബഹളങ്ങളോ ഉണ്ടായിരുന്നില്ല. എക്‌സറേ ടെക്‌നീഷ്യനായി എത്തിയ ജോർജ് തുടക്കത്തിൽ ടെലിഫോൺ ഓപ്പറേറ്ററായും റിസപ്ഷനിസ്റ്റുമായുമൊക്കെ ജോലി ചെയ്തിരുന്നു. പിന്നീട് മെഡിക്കൽ ഇൻഷുറൻസ് ഡിപ്പാർട്ടുമെന്റ് തുടങ്ങിയപ്പോൾ അതിലേക്കു മാറിയ ജോർജ് ദീർഘകാലമാണ് അവിടെ തുടർന്നത്.
കോഴഞ്ചേരിയിലെ വിദ്യാഭ്യാസത്തിനു ശേഷം മലപ്പുറത്തെ പാണ്ടിക്കാടാണ് ജോലി തേടിയെത്തിയത്. പരേതനായ ഡോ. ഇബ്രാഹിം കുട്ടിയുടെ പാണ്ടിക്കാട്ടെ ആശുപത്രിയിൽ ഒന്നര വർഷം ജോലി ചെയ്തു. അവിടെ വച്ചാണ് ജെ.എൻ.എച്ച്-റയാൻ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ വി.പി മുഹമ്മദലിയെ കാണുന്നതും പരിചയപ്പെടുന്നതും. ഡോ. ഇബ്രാഹിം കുട്ടിയുടെ സുഹൃത്തായ വി.പി മുഹമ്മദലി റായാൻ പോളിക്ലിനിക് തുടങ്ങുന്ന വേളയിൽ ജോർജിനെയും കൂടെ കൂട്ടുകയായിരുന്നു. അന്നു മുതൽ ഇന്നുവരെ ഒരേ മാനേജ്‌മെന്റിനും ബോസിനും കീഴിൽ ജോലി ചെയ്യാൻ കഴിഞ്ഞത് സൗഭാഗ്യമായാണ് ജോർജ് കരുതുന്നത്.
ആതുരേ സേവന രംഗത്തു മാത്രമല്ല, സാമൂഹിക, സാംസ്‌കാരിക രംഗത്തും ജോർജ് തന്റെതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ജിദ്ദയിലെ ആദ്യകാല ഗായകനായ പുല്ലങ്കോട് ഹംസയുമൊരുമിച്ച് വ്യാഴാഴ്ചകളിൽ മലയാളികളുടെ താമസ കേന്ദ്രങ്ങളിലെത്തി സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നതിനും ഗിറ്റാർ വായിച്ച് ഹംസയോടൊപ്പം ഗാനാലാപനം നടത്തുന്നതിനും ജോർജ് സമയം കണ്ടെത്തിയിരുന്നു. പിന്നീട് ജോലി തിരക്കിനാൽ ഈ രംഗത്തുനിന്ന് മെല്ലെ പിൻവലിയുകയായിരുന്നുവെങ്കിലും സംഗീതത്തോടുള്ള താൽപര്യം ജോർജ് കാത്തു സൂക്ഷിച്ചു. കോവിഡ് കാലത്തുൾപ്പെടെ ജീവകാരുണ്യ സേവന രംഗത്തും ജോർജ് സജീവമായിരുന്നു.
സൗദി അറേബ്യ ഒട്ടേറേ അനുഭവ സമ്പത്താണ് തനിക്കു നൽകിയതെന്നും സൗദിയുടെ വളർച്ചക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായാണ് കരുതുന്നതെന്നും ജോർജ് പറഞ്ഞു. തന്റേതായ വിശ്വാസാചാരങ്ങൾ കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ ഇസ്്‌ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കാനും ഇസ്്‌ലാമിന്റെ സഹജീവി സ്‌നേഹവും സഹിഷ്ണുതയുമെല്ലാം ഒട്ടേറേ അനുഭവിച്ചറിയാനും കഴിഞ്ഞുവെന്നും ഇതു ജീവിതത്തിൽ ഒട്ടേറെ പരിവർത്തനത്തിനു സഹായിച്ചിട്ടുണ്ടെന്നും ജോർജ് പറഞ്ഞു. നിരവധി രാജ്യക്കാരുമായി സൗഹൃദവും സ്‌നേഹ ബന്ധവും ഉണ്ടാക്കാൻ കഴിഞ്ഞുവെന്നത് ജീവത്തിലെ ഏറ്റവും വലിയ നേട്ടമായാണ് ജോർജ് കരുതുന്നത്. ആരോഗ്യമുള്ളപ്പോൾ തന്നെ നാട്ടിലേക്കു മടങ്ങി സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ശിഷ്ടകാലം നാട്ടിൽ കഴിയുകയെന്ന മോഹവുമായി നിറസംതൃപ്തിയുമായാണ് ജോർജിന്റെ മടക്കം. ഈ നാടിനോടും നാട്ടുകാരോടും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടുമെല്ലാം ഏറെ കടപ്പാടുണ്ടെന്നും ബോസും കുടുംബവും നൽകിയ സ്‌നേഹം അവിസ്മരണീയമാണെന്നും ജോർജ് പറഞ്ഞു.